കോണ്‍ഗ്രസ് സമരം അലമ്പാക്കി; നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കൊച്ചി: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കാറിന്റെ പിന്‍ഭാഗത്തെ ചില്ല് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഗതാഗതക്കുരുക്കില്‍ ക്ഷുഭിതനായ ജോജുവിന്റെ വാഹനം കടത്തിവിടാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.

സമരത്തിന്റെ ഭാഗമായി വാഹനം തടഞ്ഞതിനെതിരെ ജോജു ജോര്‍ജ് പ്രതിഷേധിച്ചിരുന്നു. സ്വന്തം വാഹനത്തില്‍നിന്ന് നിരത്തിലേക്കിറങ്ങിയ ജോജു രോഷാകുലനാവുകയും സമരത്തിനെതിരെ തിരിയുകയും ചെയ്യുകയായിരുന്നു. രണ്ടുമണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ല എന്നുമായിരുന്നു ജോജു മാധ്യമങ്ങളോട് പറഞ്ഞത്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്ന് ആരോപിച്ച് ജോജു പ്രതിഷേധം തുടര്‍ന്നു.

എന്നാല്‍, ജോജുവിന്റെ ആരോപണം തള്ളിയ സമരക്കാര്‍, നടന്‍ മദ്യപിച്ചാണ് എത്തിയതെന്നും മുന്‍കൂട്ടി അനുമതി വാങ്ങിയാണ് റോഡ് ഉപരോധിച്ചതെന്നും വ്യക്തമാക്കി. ‘ഞങ്ങള്‍ ജനാധിപത്യപരമായാണ് സമരം നടത്തിയത്. അതിനിടെ സിനിമാ നടനായ ജോജു ജോര്‍ജ് മദ്യപിച്ചെത്തി വനിതാ പ്രവര്‍ത്തകരോട് അധിക്ഷേപകരമായി സംസാരിച്ചു. അതിനെതിരെയുള്ള രോഷമാണിവിടെയുണ്ടായത്. ജനങ്ങളുടെ പൂര്‍ണ സഹകരണമാണ് സമരത്തോടുണ്ടായത്’, കോണ്‍ഗ്രസ് നേതാവ് ടോണി ചമ്മിണി പറഞ്ഞു.

ജോജു ജോര്‍ജ് അധിക്ഷേപിച്ചെന്നും നിയമ നടപടി സ്വീകരിക്കുമെന്നും മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിച്ചു. പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ‘മുന്‍കൂട്ടി അനുമതി വാങ്ങിയാണ് റോഡ് ഉപരോധിച്ച് സമരം നടത്തിയത്. അതിനെതിരെ സിനിമാ സ്റ്റൈലില്‍ കള്ളുകുടിച്ചുവന്ന് അഭ്യാസം കാണിക്കുന്നതൊന്നും വിലപ്പോവില്ല. അങ്ങനെ കോണ്‍ഗ്രസിനെ വിരട്ടാമെന്ന് ആരും കരുതേണ്ട’, എറണാകുളം ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

എറണാകുളം കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു രാവിലെ 11 മണിമുതല്‍ ഇടപ്പള്ളി-വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. നിരവധി വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് പുറത്തിറങ്ങിയായിരുന്നു സമരം. ഇതിനിടെയാണ് ഗതാഗതക്കുരുക്കില്‍പ്പെട്ട ജോജു പ്രതിഷേധവുമായി രംഗത്തെത്തിയത്.