‘പാര്‍ട്ടിക്ക് വേണ്ടി എല്ലാം കൊടുത്തു, വിവാഹജീവിതവും’; ലെനിന്‍ സ്മൃതികുടീരത്തില്‍ ടിവി വിവാഹമോതിരം മോതിരം ഉപേക്ഷിച്ച കഥ എംകെ ഭദ്രകുമാര്‍ പറയുന്നു

കെ ആര്‍ ഗൗരിയമ്മയുടേയും മുന്‍ മന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി വി തോമസിന്റേയും വിവാഹ ജീവിതം തകര്‍ന്നത് ഇഎംഎസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഇടപെടല്‍ കാരണമാണെന്ന് മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എം കെ ഭദ്രകുമാര്‍ ഐഎഫ്എസ്. സോവിയറ്റ് യൂണിയനില്‍ നയതന്ത്രജ്ഞനായിരുന്ന കാലത്ത് കുടുംബസുഹൃത്തുകൂടിയായിരുന്ന ടി വി തോമസ് മോസ്‌കോ സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ചാണ് എം കെ ഭദ്രകുമാറിന്റെ പ്രതികരണം. ക്യാന്‍സര്‍ ബാധിതനായിരുന്ന ടി വി തോമസ് മോസ്‌കോ സന്ദര്‍ശിച്ചത് ഗൗരിയമ്മയുമായുള്ള വിവാഹത്തിന്റെ ഓര്‍മ്മയിലായിരുന്നെന്നും ലെനിന്റെ സ്മൃതി കുടീരത്തില്‍ അദ്ദേഹം മോതിരം ഉപേക്ഷിച്ചതിന് താന്‍ സാക്ഷിയാണെന്നും എം കെ ഭദ്രകുമാര്‍ പറഞ്ഞു. ‘ദ ഗൗരിയമ്മ ഐ ന്യൂ’ എന്ന തലക്കെട്ടില്‍ റെഡിഫ് ഡോട്ട് കോമില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യമുള്ളത്.

സന്ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ ലെനിന്‍ മുസോളിയത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഒരു മൂലയില്‍ ടിവി എന്തോ ഉപേക്ഷിക്കുന്നത് ഞാന്‍ കണ്ടു. ടിവി ചിന്തകളില്‍ ആണ്ടു. സെന്‍ട്രല്‍ കമ്മിറ്റി ഹോട്ടലില്‍ എത്തുന്നത് വരെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. എല്ലാം ഒന്ന് അയഞ്ഞപ്പോള്‍ എന്റെ കൗതുകം മനസിലാക്കി അദ്ദേഹം പറഞ്ഞു. ലെനിന്‍ സ്മാരകത്തിന്റെ കോണിലുപേക്ഷിച്ചത് ഒരു മോതിരമായിരുന്നു എന്ന്. ‘കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന് വേണ്ടി ഞാന്‍ എല്ലാം കൊടുത്തു, എന്റെ വിവാഹജീവിതം പോലും’. ഞാന്‍ ഒന്നും പറഞ്ഞില്ല.

എം കെ ഭദ്രകുമാര്‍

എം കെ ഭദ്രകുമാറിന്റെ ലേഖനത്തിലെ പ്രസക്തഭാഗം

“1976-1977 കാലത്ത് മോസ്‌കോ എംബസിയിലാണ് ആദ്യമായി നയതന്ത്രജ്ഞനായുള്ള പോസ്റ്റിങ്ങ് കിട്ടുന്നത്. അക്കാലത്ത് ഒരു ദിവസം ഉച്ച തിരിഞ്ഞ് എന്റെ അച്ഛന്‍ ഫോണില്‍ വിളിച്ചു. ടി വി തോമസ് മോസ്‌കോയിലേക്ക് വരികയാണെന്ന് പറഞ്ഞു. ടിവിക്ക് തീരെ വയ്യെന്നും ക്യാന്‍സര്‍ മാരകമായ സ്റ്റേജില്‍ എത്തിയതിനാല്‍ അധികനാള്‍ ജീവനോടെയുണ്ടാകില്ലെന്നും അച്ഛന്‍ മുന്നറിയിപ്പ് നല്‍കി. ടിവിക്ക് സന്തോഷം നല്‍കാന്‍ പറ്റാവുന്നതെല്ലാം ചെയ്യണമെന്നും അദ്ദേഹത്തിന്റെ ഭക്ഷണകാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഞാന്‍ തകര്‍ന്നുപോയി. അച്ഛന്റെ സുഹൃത്തും സഖാവും എന്നതിനേക്കാളുപരി അദ്ദേഹം എനിക്ക് ഒരു വലിയച്ചനേപ്പോലെയായിരുന്നു.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ, ഇടത്ത് നിന്ന് നാലാമത് ടി വി തോമസ്

ഭാഗ്യമെന്ന് പറയട്ടെ, സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസിഡര്‍ ആയിരുന്ന ഐ കെ ഗുജ്‌റാള്‍ ഒരു മടിയും കൂടാതെ സഹായിച്ചു. നയതന്ത്ര പ്രോട്ടോക്കോളുകള്‍ നോക്കാതെ ക്രെംലിനിലിലുള്ള സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങളുമായി ചേര്‍ന്ന് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ എനിക്കായി.

ടിവിയുടെ മോസ്‌കോ സന്ദര്‍ശനത്തിലെ ഏറ്റവും എരിവുള്ള അധ്യായം ഞങ്ങള്‍ ലെനിന്റെ സ്മൃതികുടീരം സന്ദര്‍ശിച്ചതാണ്. റെഡ് സ്‌ക്വയറിലൂടെ കുറേ നടക്കേണ്ടി വരുമെന്നും തളര്‍ന്നുപോകുമെന്നും ഞാന്‍ ടിവിയോട് വിശദീകരിച്ചു. പക്ഷെ, അദ്ദേഹം നിര്‍ബന്ധം പിടിച്ചു. മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് പോരാളിയുടെ വരവിന്റെ, ആദ്യത്തേയും അവസാനത്തേയുമായ മോസ്‌കോ സന്ദര്‍ശനത്തിന്റെ ലക്ഷ്യം തന്നെ എംബാം ചെയ്ത് വെച്ച ലെനിന്റെ മൃതദേഹത്തോട് ആദരമര്‍പ്പിക്കുക എന്നതായിരുന്നു.

സന്ദര്‍ശനം കഴിഞ്ഞ് ഞങ്ങള്‍ മുസോളിയത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഒരു മൂലയില്‍ ടിവി എന്തോ ഉപേക്ഷിക്കുന്നത് ഞാന്‍ കണ്ടു. ടിവി ചിന്തകളില്‍ ആണ്ടു. സെന്‍ട്രല്‍ കമ്മിറ്റി ഹോട്ടലില്‍ എത്തുന്നത് വരെ ഞങ്ങള്‍ ഒന്നും മിണ്ടിയില്ല.

എല്ലാം ഒന്ന് അയഞ്ഞപ്പോള്‍ എന്റെ കൗതുകം മനസിലാക്കിയാകണം അദ്ദേഹം പറഞ്ഞു. ലെനിന്‍ സ്മാരകത്തിന്റെ കോണിലുപേക്ഷിച്ചത് ഒരു മോതിരമായിരുന്നു എന്ന്. ‘കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന് വേണ്ടി ഞാന്‍ എല്ലാം കൊടുത്തു, എന്റെ വിവാഹജീവിതം പോലും’. ഞാന്‍ ഒന്നും പറഞ്ഞില്ല.

പാര്‍ട്ടിനേതൃത്വങ്ങളുടെ മര്യാദകെട്ട ഇടപെടലുണ്ടായിരുന്നില്ലായെങ്കില്‍ ടിവിയും ഗൗരിയമ്മയും വേര്‍പിരിയേണ്ടി വരില്ലായിരുന്നെന്ന് എന്റെ മാതാപിതാക്കള്‍ പറഞ്ഞിട്ടുണ്ട്. ഒരു മനുഷ്യന്‍ എന്ന നിലയിലും ഭര്‍ത്താവ് എന്ന നിലയിലും ടിവിയ്ക്ക് ന്യൂനതകള്‍ ഉണ്ടായിരുന്നിരിക്കാം. (ആര്‍ക്കാണ് ഇല്ലാത്തത്?). പക്ഷെ, ഗൗരിയമ്മയോട് ടി വിക്കുണ്ടായിരുന്ന ആഴമുള്ള കരുതലിന് അതൊന്നും തടസമായിരുന്നില്ല.

ടിവി ഏകനായി മോസ്‌കോയിലേക്ക് പോയത് ഗൗരിയമ്മയുമായുള്ള വിവാഹത്തിന്റെ ഓര്‍മ്മയില്‍ മാത്രമായിരുന്നു. അവര്‍ ഒരുമിച്ച് ജീവിക്കാന്‍ വിധിക്കപ്പെട്ടവരല്ലായിരുന്നെങ്കിലും, അവര്‍ക്കിടയില്‍ എന്തൊക്കെ സംഭവിച്ചിരുന്നെങ്കില്‍ തന്നെയും, നൂറാം വയസില്‍ പോലും ഗൗരിയമ്മയ്ക്ക് ടിവി അവരുടെ ജീവിതകാല പ്രണയമായിരുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ അത് തുറന്നുപറയുന്നുണ്ട്.

പാര്‍ട്ടി നേതാക്കള്‍-പ്രത്യേകിച്ച് ഇഎഎംസ് ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിഹീനരേപ്പോലെയാണ് അവരോട് പെരുമാറിയത് എന്നത് ഇന്ന് ഏറെ ദൗര്‍ഭാഗ്യകരമായി തോന്നുന്നു. പിന്നീട് പാര്‍ട്ടിയുടെ ഇഷ്ടക്കേടിന് കൂടി പാത്രമായ ആ പാര്‍ട്ടി നേതാക്കളുടെ സ്വകാര്യജീവിതത്തില്‍ അവരാണ് കുഴപ്പങ്ങളുണ്ടാക്കിയത്.

ഫോറിന്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം ഇഎംഎസിന്റെ ജീവചരിത്രം എഴുതണം എന്നൊരാഗ്രഹം എന്റെ മനസിലുണ്ടായിരുന്നു. ജീവചരിത്രരചനയുടെ ആചാര്യന്‍ ലിറ്റന്‍ സ്ട്രാച്ചിയ്ക്ക് അഭിമാനം തോന്നുന്ന ഒരു ഇഎംഎസ് ബയോഗ്രഫി. പക്ഷെ, ഞാന്‍ ഔചിത്യത്തോടെ എന്റെ മനസ് മാറ്റി.”

Also Read: ‘ഞാന്‍ കൂറ് മാറാത്തവനാണ്’; എന്ത് തടസമുണ്ടായാലും മനസാക്ഷിയുടെ കോടതിയില്‍ തലയുയര്‍ത്തി നില്‍ക്കുമെന്ന് കുഞ്ചാക്കോ ബോബന്‍