‘വീടുകളില്‍ പൊങ്കാലയിട്ടാല്‍ വേസ്റ്റ് ഉണ്ടാകില്ലേ?’; ആരോപണങ്ങളില്‍ വിശദീകരണവുമായി തിരുവനന്തപുരം മേയറുടെ ഓഫീസ്

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷമുള്ള നഗരശുചീകരണത്തിന്റെ പേരില്‍ ക്രമക്കേട് നടത്തിയെന്ന ആരോപണങ്ങള്‍ക്ക് വിശദീകരണവുമായി ആര്യ രാജേന്ദ്രന്റെ ഓഫീസ്. ‘ഇല്ലാത്ത മാലിന്യം നീക്കാന്‍ ടിപ്പര്‍ ലോറികള്‍ വാടകയ്‌ക്കെടുത്ത് 3.57 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തി’ എന്ന പ്രതിപക്ഷ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മേയറുടെ ഓഫീസ് ന്യൂസ്‌റപ്റ്റിനോട് പ്രതികരിച്ചു. കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് വീടുകളിലാണ് വിശ്വാസികള്‍ പൊങ്കാല നടത്തിയതെങ്കിലും നീക്കം ചെയ്യാന്‍ മാലിന്യങ്ങളുണ്ടായിരുന്നെന്ന് മേയറുടെ ഓഫീസ് വ്യക്തമാക്കി.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മാലിന്യങ്ങള്‍ കുറവായിരുന്നെങ്കിലും വിശ്വാസികള്‍ വീടുകളില്‍ പൊങ്കാലയിട്ടിരുന്നു. പൊങ്കാല കഴിഞ്ഞതിന് ശേഷമുള്ള ഇലയും പൂക്കളും ചൂട്ടും ചുടുകട്ടയുമുള്‍പ്പെടെ 28 ലോഡ് മാലിന്യങ്ങള്‍ ശേഖരിച്ചു. പൊങ്കാലയിട്ടവര്‍ക്ക് സത്യമെന്താണെന്ന് അറിയാം.

തിരുവനന്തപുരം കോര്‍പറേഷന്‍

മാലിന്യശുചീകരണത്തിനായി ഏഴ് വാഹനങ്ങള്‍ കോര്‍പറേഷന് സ്വന്തമായുണ്ട്. ഇതുപോരാതെ വരുമെന്നതിനാലാണ് 21 ടിപ്പര്‍ ലോറികള്‍ കൂടി വാടകയ്‌ക്കെടുത്തത്. നഗരത്തിലെ റെസിഡന്‍ഷ്യല്‍ ഏരിയകളിലുള്‍പ്പെടെ ആറ് കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ നിന്ന് മാലിന്യമെടുത്തു. പൊങ്കാലയുടെ അവശിഷ്ടങ്ങളെടുക്കാനാണ് പോയതെങ്കിലും കുറേയേറെ പേര്‍ മറ്റ് ഗാര്‍ഹിക മാലിന്യങ്ങളും കൂടി ചേര്‍ത്താണ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. ക്ഷേത്രങ്ങളില്‍ പൊങ്കാല നടന്നതിന്റെ അവശിഷ്ടങ്ങളും സ്വീകരിച്ചു. ശേഖരിച്ച മാലിന്യങ്ങള്‍ 24 മണിക്കൂറിനകം തന്നെ മറവ് ചെയ്‌തെന്നും മേയര്‍ ആര്യ രാജേന്ദ്രന്റെ ഓഫീസ് വ്യക്തമാക്കി.

മേയറുടെ ഓഫീസിന്റെ വിശദീകരണം

“പൊങ്കാല വീടുകളിലായിരുന്നെങ്കിലും മാലിന്യങ്ങളെടുത്ത് ആളുകള്‍ പുറത്തിട്ടിരുന്നു. പൊങ്കാല റോഡില്‍ ഉണ്ടായിരുന്നില്ലെന്ന് മാത്രം. ചാല, ഫോര്‍ട്ട്, ശ്രീകണ്‌ഠേശ്വരം, മണക്കാട്, പാല്‍ക്കുളങ്ങര, കരമന ഭാഗങ്ങളിള്‍ ഉള്‍പ്പെടെ ഭൂരിഭാഗം വീടുകളിലും പൊങ്കാലയുണ്ടായിരുന്നു. സാധാരണയായി 50 മുതല്‍ 60 വരെ ലോറികളാണ് പൊങ്കാലയ്ക്ക് ശേഷമുള്ള ശുചീകരണത്തിന് ഉപയോഗിക്കുന്നത്. കൊവിഡ് മാനദണ്ഡമനുസരിച്ചുള്ള പൊങ്കാലയായതിനാല്‍ 20 ലോറി മതിയാകുമെന്ന് കരുതി. പൊങ്കാലയിടല്‍ റോഡില്‍ അല്ലെങ്കിലും മാലിന്യമുണ്ടാകുമെന്ന് അറിയാമായിരുന്നു. ക്ഷേത്ര വളപ്പുകളില്‍ നിന്ന് തന്നെ മാലിന്യങ്ങള്‍ ധാരാളമുണ്ടാകും. മണര്‍കാട് സര്‍ക്കിളിലാണ് ആറ്റുകാല്‍ ക്ഷേത്രം. പൊങ്കാല-അനുബന്ധ വേസ്റ്റുകള്‍ മാറ്റാനായി അവിടെ മാത്രം അഞ്ച് ലോറികള്‍ അന്ന് ഉപയോഗിച്ചു. ഉള്ളൂര്‍ സര്‍ക്കിളില്‍ ആനന്ദവല്ലീശ്വര ക്ഷേത്രമുള്‍പ്പെടെ ശുചീകരിക്കാനായി ഒരു ലോറി കൂടി വാടകയ്‌ക്കെടുത്തു. ആകെ 28 ലോഡ് മാലിന്യമുണ്ടായിരുന്നു.

ചുടുകല്ലും ചൂട്ടും ഇലയും പൂവും മാത്രമല്ല മറ്റ് വേസ്റ്റുകളും നഗരവാസികള്‍ വീട്ടിലെ മറ്റ് മാലിന്യങ്ങളും ശുചീകരണ ജീവനക്കാരെ ഏല്‍പിച്ചു. ശുചീകരണതൊഴിലാളികള്‍ക്ക് അവരെ തടയാന്‍ കഴിയില്ല. 3.27 ലക്ഷം രൂപയാണ് ഇത്തവണ പൊങ്കാല കഴിഞ്ഞുള്ള നഗരശുചീകരണത്തിന് ചെലവായത്. മുന്‍വര്‍ഷങ്ങളില്‍ ഇത് ഏഴര ലക്ഷം മുതല്‍ 10 ലക്ഷം വരെയാകാറുണ്ട്. ഓരോ വര്‍ഷവും പൊങ്കാല കൂടുന്നതിനനുസരിച്ച് ശുചീകരണച്ചെലവും വര്‍ധിക്കും. തിരുവനന്തപുരം നഗരസഭ ഒറ്റ രാത്രികൊണ്ട് ഇത്രയും മാലിന്യം ശുചീകരിക്കുന്നത് ദേശീയ മാധ്യമങ്ങളില്‍ പല തവണ വാര്‍ത്തയായിട്ടുണ്ട്. ഒട്ടേറെ തൊഴിലാളികളെ ദിവസവേതനത്തിന് എടുത്താണ് തലേന്ന് മുതല്‍ ഒരുക്കങ്ങള്‍ നടത്താറ്. ഇത്തവണ വണ്ടികള്‍ മാത്രം പുറത്തുനിന്നെടുത്ത് കോര്‍പറേഷന്‍ ജീവനക്കാരാണ് മാലിന്യം നീക്കം ചെയ്തത്. സാധാരണ 10-12 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല നടക്കും. ഇപ്രാവശ്യം നഗരപ്രാന്തപ്രദേശത്തിനകത്ത് ഏകദേശം 6-7 കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍ പൊങ്കാലയുണ്ടായിരുന്നു. അത്രയും അവശിഷ്ടങ്ങള്‍ കളക്ട് ചെയ്തു.”