സഹപ്രവര്‍ത്തകയോട് അതിക്രമം നടത്തിയ ക്രിമിനല്‍ കേസ് പ്രതി എം രാധാകൃഷ്ണനെ തിരുവനന്തപുരം പ്രസ് ക്ലബ്ബ് മാധ്യമപ്രവര്‍ത്തകര്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. ദേശാഭിമാനി ലേഖകന്‍ സുരേഷ് വെള്ളിമംഗലത്തെ പരാജയപ്പെടുത്തിയാണ് എം രാധാകൃഷ്ണന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 102 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രസ് ക്ലബ്ബ് മുന്‍ സെക്രട്ടറി കൂടിയായ എം രാധാകൃഷ്ണന്റെ വിജയം. രാധാകൃഷ്ണന് 308 വോട്ട് നേടി. പത്രപ്രവര്‍ത്തക യൂണിയന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് 206 വോട്ടുകളാണ് ലഭിച്ചത്.
ന്യൂസ് 18 കേരള ചാനലിലെ മാധ്യമപ്രവര്‍ത്തകനായ എസ് ലല്ലു നയിച്ച പാനലില്‍ ഒരാളൊഴികെ ശേഷിക്കുന്നവരെല്ലാം പരാജയപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ലല്ലുവിന് 209 വോട്ടുകളാണ് ലഭിച്ചത്. 91 വോട്ടുകള്‍ അധികം നേടി രാജേഷ് രാജേന്ദ്രന് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ ക്യാമറാമാന് രാജേഷിന് 300 പേര് വോട്ടു ചെയ്തു. നിലപാടുകളില്‍ ഒരു കഴഞ്ച് മാറ്റമില്ലാതെ തുടരുമെന്ന് ഫല പ്രഖ്യാപനത്തിന് ശേഷം എസ് ലല്ലു പ്രതികരിച്ചു.
ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച ന്യൂസ് 18 ചാനല്‍ മാധ്യമപ്രവര്‍ത്തക അശ്വതി പിള്ളയെ എസിവിയില്‍ നിന്നുള്ള ഹണി പരാജയപ്പെടുത്തി. ‘മലയാളി വാര്‍ത്ത’യിലെ ജീവനക്കാരി ലക്ഷ്മി മോഹന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കേരള കൗമുദിയിലെ അന്‍സാര്‍ എസ് രാജിനെയാണ് ലക്ഷ്മി തോല്പിച്ചത്. ആറംഗ മാനേജിങ് കമ്മിറ്റിയിലേക്ക് ലല്ലു പാനലിലെ ടി ശിവജികുമാര്‍ (സിറാജ്) മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജയിച്ച അജി ബുധനൂര്‍ (ജന്മഭൂമി), ടി ബി ലാല്‍ (മലയാള മനോരമ), മുസാഫര്‍ എ വി, രാമചന്ദ്രന് നായര്‍, സജിത്ത് വഴയില എന്നിവര്‍ രാധാകൃഷ്ണന് പക്ഷക്കാരാണ്. വെല്‍ഫെയര്‍ കമ്മിറ്റിയിലേക്ക് റസാഖ് കളത്തിങ്ങല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

എം രാധാകൃഷ്ണന് പ്രസ് ക്ലബ്ബ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ രംഗത്തെത്തിയിരുന്നു. സഹപ്രവര്‍ത്തകയോട് ഹീനമായ കുറ്റകൃത്യം നടത്തിയതിന് കേരള കൗമുദി പുറത്താക്കിയ എം രാധാകൃഷ്ണനാണ് തെരഞ്ഞെടുപ്പില്‍ ഒരു പാനലിനെ നയിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നെറ്റ് വര്‍ക്ക് ഓഫ് വിമെന്‍ മീഡിയ ഇന്ത്യ കേരള ഘടകം രംഗത്തെത്തി. കേരള കൗമുദി അന്വേഷണം നടത്തി പുറത്താക്കിയ രാധാകൃഷ്ണന് ആ സ്ഥാപനത്തെ പ്രതിനിധീകരിച്ചാണ് മത്സരിക്കുന്നത് എന്ന പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്നും എന്‍ഡബ്ലുഎംഐ വിമര്‍ശിച്ചു. ‘ഇതു വര്‍ത്തമാനകാലത്തെ പത്രപ്രവര്‍ത്തക സമൂഹത്തിന്റെ മുഴുവന്‍ നീതി പോരാട്ടങ്ങളെ വെല്ലുവിളിക്കുന്നതാണ്. എന്ഡബ്ലുഎംഐയ്ക്കും വനിത മാധ്യമ പ്രവര്‍ത്തകര്‍ക്കും മാത്രമല്ല, കേരളത്തിലെ മാധ്യമ പ്രവര്‍ത്തക സമൂഹത്തിന് ഒന്നാകെ അപമാനമാണിത്. സ്ത്രീയുടെ നീതിക്കോ അഭിമാനത്തിനോ തെല്ലും വില കല്പിക്കാത്ത, കയ്യൂക്ക് കൊണ്ട് ഏത് നിയമ വ്യവസ്ഥയെയും പ്രതിഷേധത്തെയും പരിഹസിക്കുന്ന ഈ പ്രതിയാണോ ഒരു പ്രസ് ക്ലബിന്റെ സാരഥിയാകേണ്ടത്?’ ഇവിടെ നമ്മള് നിശബ്ദരായാല്‍ സമൂഹ നീതിക്ക് വേണ്ടി എങ്ങനെയാണ് ശബ്ദം ഉയര്‍ത്തുന്നതെന്നും വനിതാ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചിരുന്നു.
2019 നവംബര്‍ 30ന് രാത്രിയിലാണ് എം രാധാകൃഷ്ണന് സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കടന്നുകയറി അതിക്രമം കാണിച്ചത്. കേരള കൗമുദിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന എം രാധാകൃഷ്ണന് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ സെക്രട്ടറി സ്ഥാനവും വഹിച്ചിരുന്നു. ഇയാള്‍ അനുവാദമില്ലാതെ ഒരു കൂട്ടമാളുകള്‍ക്കൊപ്പം വീട്ടില്‍ അതിക്രമിച്ചുകയറി കുട്ടികളുടെ മുന്നില്‍ വെച്ച് അധിക്ഷേപിച്ചെന്നാണ് സഹപ്രവര്‍ത്തകയുടെ പരാതി. അതിക്രമത്തിനിരയായ മാധ്യമപ്രവര്‍ത്തകയും രാധാകൃഷ്നും ഒരേ കോളനിയിലാണ് താമസിച്ചിരുന്നത്. മാധ്യമപ്രവര്‍ത്തകയും ഭര്‍ത്താവും പ്രസ് ക്ലബ്ബ് അംഗങ്ങളാണ്. തന്റെ കുടുംബവുമായി നല്ല രീതിയില്‍ സുഹൃദ് ബന്ധം നിലനിര്‍ത്തിയിരുന്ന രാധാകൃഷ്ണന്റെ രീതി മാറിയത് 2019 ഒക്ടോബറിലെ കെയുഡബ്ലുജെ ഇലക്ഷന് ശേഷമാണെന്ന് പരാതിക്കാരി പറയുന്നു.

”കേരള കൗമുദിയിലെ ഒരു വനിതാ മാധ്യമപ്രവര്‍ത്തക രാധാകൃഷ്ണന് പിന്തുണയ്ക്കുന്ന പാനലിനെതിരെ മത്സരിച്ചു. അവരെ ഇലക്ഷനില്‍ നിന്ന് പിന്തിരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാധാകൃഷ്ണന് എന്നെ പല തവണ വിളിച്ചു. ഞാനത് നിരസിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാന്‍ ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ നടത്തിയ പ്രതികരണം ആരോ രാധാകൃഷ്ണന് ചോര്‍ത്തി നല്കി. പ്രസ്തുത കമന്റ് രാധാകൃഷ്ണനെ അസ്വസ്ഥനാക്കി. തെരഞ്ഞെടുപ്പില്‍ താന്‍ പിന്തുണയ്ക്കുന്ന പാനല്‍ തോറ്റാല്‍ അതിന് കാരണം എന്റെ കമന്റായിരിക്കുമെന്ന് രാധാകൃഷ്ണന് എന്നെ വിളിച്ചു പറഞ്ഞു. ഞാന്‍ പറയുന്നത് കേള്‍ക്കാതെ ആക്രോശിച്ചുകൊണ്ടിരുന്ന അയാള്‍ ഫോണ്‍ കട്ട് ചെയ്തു. അതോടെയാണ് അയാള്‍ക്ക് എന്നോട് ശത്രുത തുടങ്ങിയത്.’
നവംബര്‍ 30ന് രാത്രി രാധാകൃഷ്ണന് ഒരു സംഘം ആളുകളുമായി വന്നു. മാധ്യമപ്രവര്‍ത്തകയും കുട്ടികളും മാത്രമാണ് ആ സമയം വീട്ടിലുണ്ടായിരുന്നത്. കുറച്ചു സമയം മുന്‍പ് വീട് സന്ദര്‍ശിച്ച് തിരിച്ചുപോകുകയായിരുന്ന പുരുഷ സുഹൃത്തിനേയും മാധ്യമപ്രവര്‍ത്തകയേയും അക്രമി സംഘം സദാചാര വിചാരണയ്ക്ക് വിധേയരാക്കി. പുരുഷ സുഹൃത്തിനെ തടഞ്ഞുവെച്ച് മാധ്യമപ്രവര്‍ത്തകയുടേയും കുട്ടികളുടേയും മുന്നിലിട്ട് മര്‍ദ്ദിച്ചു. വീട് സന്ദര്‍ശിച്ച സഹപ്രവര്‍ത്തകനുമായി മാധ്യമപ്രവര്‍ത്തകയ്ക്ക് ‘അവിഹിത ബന്ധ’മുണ്ടെന്നാരോപിച്ചായിരുന്നു രാധാകൃഷ്ണന്റേയും സംഘത്തിന്റേയും അധിക്ഷേപവും അക്രമങ്ങളും.
സംഭവത്തില്‍ മാധ്യമപ്രവര്‍ത്തക പൊലീസില്‍ പരാതി നല്കി. ഡിസംബര്‍ ആറിന് പൊലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു. 2019 ഡിസംബര്‍ 12ന് പ്രസ് ക്ലബ്ബ് രാധാകൃഷ്ണനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. 2021 ഏപ്രിലില്‍ രാധാകൃഷ്ണന് പ്രസ് ക്ലബ്ബില്‍ തിരിച്ചുകയറി. ജീവനക്കാരിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ കേരള കൗമുദി മാനേജ്മെന്റ് രാധാകൃഷ്ണന് കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കി. 2021 ജൂണിലായിരുന്നു ഇത്. രാധാകൃഷ്ണനില്‍ നിന്ന് നേരിട്ട അക്രമത്തിന്റെ ഞെട്ടലില്‍ നിന്ന് താനും കുട്ടികളും ഇതുവരെ മോചിതയായിട്ടില്ലെന്നറിയിച്ച് മാധ്യമ പ്രവര്‍ത്തക ജൂണ്‍ ആറിന് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് മെയില്‍ അയച്ചിരുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റും മലയാള മനോരമയിലെ മാധ്യമ പ്രവര്‍ത്തകനുമായ സോണിച്ചനും മറ്റ് ചിലരും രാധാകൃഷ്ണനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് പരാതിക്കാരി ആരോപിക്കുകയുണ്ടായി.