‘രണ്ടാമത്തെ കൊവിഷീല്‍ഡ് ഡോസ് ഇടവേള കൂട്ടണം’; ഗര്‍ഭിണികള്‍ക്ക് വാക്‌സിനെടുക്കാമെന്ന് കേന്ദ്രത്തിന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ; തീരുമാനം ഉടന്‍

കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വിദഗ്ധ സമിതി. രണ്ടാമത്തെ ഡോസ് 12 മുതല്‍ 16 ആഴ്ച്ചകള്‍ക്കിടയില്‍ സ്വീകരിച്ചാല്‍ മതിയെന്നാണ് സമിതി ശുപാര്‍ശ. ഇതുപ്രകാരം രണ്ടാമത്തെ ഡോസ് 6-8 ആഴ്ച്ചയ്ക്കിടയില്‍ എടുക്കണമെന്ന മാര്‍ഗരേഖയില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റം വരുത്തിയേക്കും.

കൊവാക്‌സിന്‍ ഡോസുകളുടെ ഇടവേളയില്‍ മാറ്റം വരുത്തണമെന്ന് സമിതി നിര്‍ദ്ദേശിച്ചിട്ടില്ല. കൊവിഡില്‍ നിന്ന് മുക്തി നേടിയവര്‍ ആറ് മാസത്തിന് ശേഷം വാക്‌സിന്‍ എടുത്താല്‍ മതിയാകുമെന്നും സമിതി പറയുന്നു. കൊവിഡ് മുക്തരായവര്‍ക്ക് 12 ദിവസത്തിന് ശേഷം വാക്‌സിന്‍ സ്വീകരിക്കാമെന്നാണ് ഇപ്പോഴത്തെ മാര്‍ഗ രേഖയിലുള്ളത്. നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ അദ്ധ്യക്ഷനായ നാഷണല്‍ എക്‌സ്‌പേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദ്ദേശങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വൈകാതെയുണ്ടാകും.

സമിതിയുടെ വാക്‌സിനേഷന്‍ നിര്‍ദ്ദേശങ്ങള്‍

പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ 12 ആഴ്ച്ചയ്ക്ക് ശേഷം

ഗുരുതര അസുഖങ്ങളുണ്ടായിരുന്നവര്‍ രോഗമുക്തി നേടി 4-8 ആഴ്ച്ചയ്ക്കുള്ളില്‍

ആവശ്യമെങ്കില്‍ ഗര്‍ഭിണികള്‍ക്ക് സ്വയം തീരുമാനപ്രകാരം വാക്‌സിനെടുക്കാം.

പ്രസവശേഷം മുലയൂട്ടുന്ന അമ്മമാര്‍ക്ക് വാക്‌സിന്‍ എടുക്കാം

കൊവിഷീല്‍ഡ് ആദ്യ ഡോസ് എടുത്തവര്‍ രണ്ടാമത്തേത് 12-16 ആഴ്ച്ചയ്ക്കിടയില്‍ സ്വീകരിച്ചാല്‍ മതി

കൊവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷം വാക്‌സിന്‍ എടുത്താല്‍ മതി