ടൂള്‍കിറ്റ് വിവാദം; ട്വിറ്റര്‍ എംഡിയെ ഡല്‍ഹി പൊലീസ് കഴിഞ്ഞമാസം ചോദ്യം ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ട്, ചോദിച്ചത് 40 കാര്യങ്ങള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെതിരെ ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന ടൂള്‍കിറ്റ് ആരോപണത്തിലെ രേഖകളെ മാനിപുലേറ്റഡ് മീഡിയാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ട്വിറ്ററിന്റെ ഇന്ത്യന്‍ എംഡിയെ ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തിരുന്നെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയിലെ എംഡി മനിഷ് മഹേശ്വരിയെ മെയ് 31ന് ഡല്‍ഹി പൊലീസ് ബെംഗളൂരുവിലെത്തി ചോദ്യം ചെയ്‌തെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. മെയ് 24ന് ഡല്‍ഹിയിലെ ട്വിറ്ററിന്റെ ഓഫീസില്‍ കേന്ദ്രഅന്വേഷണ ഏജന്റി റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മനിഷ് മഹേശ്വരിയെ ചോദ്യം ചെയ്തത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ തനിക്ക് ഡല്‍ഹിയിലേക്ക് വരാന്‍ സമയം വേണമെന്ന് മനിഷ് മഹേശ്വരി അറിയിച്ചതിനെത്തുടര്‍ന്ന് ഡിസിപി പ്രമോദ് കുശ്വാഹയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബെംഗളൂരുവിലെത്തുകയായിരുന്നു.

ബിജെപിയുടെ ടൂള്‍കിറ്റ് ആരോപണത്തെ മാനിപുലേറ്റഡ് മീഡിയാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്തുകൊണ്ട് എന്നതടക്കം 40 ചോദ്യങ്ങളാണ് അന്വേഷണ സംഘം മനിഷ് മഹേശ്വരിയോട് ചോദിച്ചത്. അത്തരത്തിലൊരു നീക്കം നടത്താന്‍ ഏതെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ സഹായം ട്വിറ്റര്‍ സ്വീകരിച്ചിരുന്നോ എന്നും ഡല്‍ഹി പൊലീസ് അദ്ദേഹത്തോട് ചോദിച്ചെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Also Read: ട്വിറ്ററിന് തിരിച്ചടി; ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്ടമായി, ‘വര്‍ഗീയ വികാരങ്ങളെ പ്രകോപിപ്പിക്കുന്നു’

കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയയുടെയും ഗവേഷണ സെല്ലിന്ഡറെയും ചുമതലക്കാരായ രോഹന്‍ ഗുപ്ത, രാജീവ് ഗൗഡ എന്നിവര്‍ ബിജെപിയുടെ ടൂള്‍കിറ്റ് ആരോപണം വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യം നല്‍കിയ നോട്ടീസിന് മനിഷ് മഹേശ്വരി നല്‍കിയ മറുപടി തൃപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സംഘം നേരിട്ടെത്തി ചോദ്യം ചെയ്തത്.

ഉത്തര്‍പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ പശ്ചാത്തലത്തില്‍ ട്വിറ്ററിന് ഇന്ത്യയിലുണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടമായതിന് പിന്നാലെയാണ് എംഡിയെ ചോദ്യം ചെയ്തിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ജൂണ്‍ അഞ്ചിന് സൂഫി അബ്ദുള്‍ സമദ് എന്ന വൃദ്ധനെതിരെ നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിച്ചെന്നാണ് ട്വിറ്ററിനെതിരെയുള്ള പരാതി. തന്നെ മര്‍ദ്ദിച്ച് ജയ് ശ്രീറാമും വന്ദേ മാതരവും വിളിപ്പിച്ചെന്നും തന്റെ താടി മുറിച്ചെന്നുമടക്കമുള്ള വൃദ്ധന്റെ ആരോപണവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം നടത്തിയെന്നും വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. ഈ പരാതിയെത്തുടര്‍ന്നാണ് ട്വിറ്ററിന്റെ നിയമപരിരക്ഷ സര്‍ക്കാര്‍ നീക്കം ചെയ്തത്. മെയ് 25 ന് വരുത്തിയ നിയമപരിഷ്‌കാരങ്ങളോട് സഹകരിക്കാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ലെന്നാണ് ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയത്തിന്റെ ഇക്കാര്യത്തിലെ വിശദീകരണം.

എന്താണ് ടൂള്‍കിറ്റ് വിവാദം

കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും പ്രതിച്ഛായ തകര്‍ക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് വിശദീകരിച്ച് കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയ്യാറാക്കിയെന്നാണ് ബിജെപി നേതാവ് സംബിത്ത് പാത്ര ആരോപിച്ചത്. കോണ്‍ഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വര്‍മ്മയാണ് ടൂള്‍കിറ്റ് തയ്യാറാക്കിയതെന്നും മോഡിയെ അപകീര്‍ത്തിപ്പെടുത്താനുള്ള വിശാല പദ്ധതിയുടെ ഭാഗമാണ് ഇതെന്നുമായിരുന്നു സംബിത്ത് പാത്ര അവകാശപ്പെട്ടിരുന്നത്. കൊവിഡ് മഹാമാരിയില്‍ വിദേശ മാധ്യമങ്ങളുടെ സഹായം തേടി മോഡി വിരുദ്ധ വാര്‍ത്തകള്‍ പ്രചരിപ്പിക്കുക, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ മുതലെടുത്ത് മോഡിയുടെ പ്രതിച്ഛായ തകര്‍ക്കുക തുടങ്ങിയവയണ് ഉദ്ദേശമെന്നും പാത്ര പറഞ്ഞിരുന്നു. കൊവിഡ് വകഭേദങ്ങളെ മോഡി എന്ന് വിളിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാദിച്ചിരുന്നു.

Also Read: ‘ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കുക, അല്ലെങ്കില്‍ പ്രത്യാഘാതം നേരിടാന്‍ തയ്യാറാവുക’; ട്വിറ്ററിന് കേന്ദ്രസര്‍ക്കാരിന്റെ അന്ത്യശാസനം

തുടര്‍ന്ന് ഈ ട്വീറ്റുകള്‍ക്ക് ആധാരമായി സംബിത്ത് പാത്ര ഉപോഗിച്ച രേഖകള്‍ വ്യാജരേഖാ വിഭാഗത്തില്‍ ട്വിറ്റര്‍ ഉള്‍പ്പെടുത്തി. വ്യാജരേഖകള്‍ പ്രചരിപ്പിക്കുന്ന ബിജെപി നേതാക്കളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സംബിത്ത് പാത്ര, ബിഎല്‍ സന്തോഷ് തുടങ്ങിയവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നായിരുന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.