ട്വിറ്ററിന് തിരിച്ചടി; ഇന്ത്യയില്‍ നിയമപരിരക്ഷ നഷ്ടമായി, ‘വര്‍ഗീയ വികാരങ്ങളെ പ്രകോപിപ്പിക്കുന്നു’

ന്യൂഡല്‍ഹി: ട്വിറ്ററിന് വന്‍ തിരിച്ചടിയുമായി കേന്ദ്രനീക്കം. ഇന്ത്യയിലെ കമ്പനിക്കുണ്ടായിരുന്ന നിയമപരിരക്ഷ നഷ്ടപ്പെട്ടു. പുതിയ ഐടി നിയമത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സ്റ്റാറ്റിയൂട്ടറി ഉദ്യോഗസ്ഥരെ നിയമിക്കാത്തതിനാലാണ് നല്‍കിയിരുന്ന നിയമപരിരക്ഷ നീക്കം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വര്‍ഗ്ഗീയ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് ട്വിറ്ററിനെതിരെ ഉത്തര്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി.

മെയ് 25 ന് വരുത്തിയ നിയമപരിഷ്‌കാരങ്ങളോട് സഹകരിക്കാന്‍ ട്വിറ്റര്‍ തയ്യാറായിട്ടില്ലെന്ന് ഇലക്ട്രോണിക്‌സ് ആന്റ് ഐടി മന്ത്രാലയം പറയുന്നു. ‘അവര്‍ നിയമം പാലിക്കാന്‍ തയ്യാറാവാത്തതിനാല്‍ സോഷ്യല്‍മീഡിയയിലെ ഇടനിലക്കാരന്‍ എന്ന പരിരക്ഷ ഇല്ലാതായിരിക്കുകയാണ്. ഏതൊരു പ്രസാധകനെയും പോലെ ഇന്ത്യയുടെ ഏത് നിയമത്തിനെതിരായുള്ള ശിക്ഷാനടപടികള്‍ക്കും ഇനി ട്വിറ്റര്‍ ബാധ്യസ്ഥരാണ്’, മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.

ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ജൂണ്‍ അഞ്ചിന് സൂഫി അബ്ദുള്‍ സമദ് എന്ന വൃദ്ധനെതിരെ നടന്ന അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിച്ചെന്നാണ് ട്വിറ്ററിനെതിരെയുള്ള പരാതി. തന്നെ മര്‍ദ്ദിച്ച് ജയ് ശ്രീറാമും വന്ദേ മാതരവും വിളിപ്പിച്ചെന്നും തന്റെ താടി മുറിച്ചെന്നുമടക്കമുള്ള വൃദ്ധന്റെ ആരോപണവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചരണം നടത്തിയെന്നും വീഡിയോ ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്. വൃദ്ധന് നേരെയുണ്ടായത് സാമുദായിക ആക്രമണമല്ലെന്നും വൃദ്ധന്‍ അവര്‍ക്ക് വിറ്റിരുന്ന ഏലസ്സില്‍ അതൃപ്തരായ കുറച്ച് മുസ്ലിം-ഹിന്ദു യുവാക്കള്‍ ചേര്‍ന്നാണ് ഇദ്ദേഹത്തെ ആക്രമിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.

Also Read: മരണഗ്രൂപ്പ് ഫൈനലില്‍ ജയം ഫ്രാന്‍സിന്; ജര്‍മനിയുടെ തോല്‍വി ഹമ്മല്‍സിന്റെ സെല്‍ഫ് ഗോളില്‍

സംഭവത്തില്‍ വൃദ്ധന്റെ ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും വര്‍ഗ്ഗീയ ദ്രുവീകരണത്തിന് ശ്രമിക്കുന്നെന്ന് ആരോപിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്.

കേസിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിയും വിഷയത്തില്‍ വര്‍ഗ്ഗീയ അക്രമം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയും ജൂണ്‍ 14ന് രാത്രി ട്വിറ്ററിന് വാര്‍ത്താക്കുറിപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തയ്യാറായില്ലെന്നും പൊലീസ് പറയുന്നു.

‘അവര്‍ക്കുള്ള നിയമപരിരക്ഷ നഷ്ടമായതിനാല്‍, ഈ വീഡിയോ മാനിപുലേറ്റഡ് മീഡിയാ വിഭാഗത്തില്‍പ്പെടുത്താത്ത പക്ഷം ട്വിറ്റര്‍ ശിക്ഷാ നടപടികള്‍ക്ക് ബാധ്യസ്ഥരാണ്’, സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നതിങ്ങനെ.