‘ആശങ്കയുണ്ട്, അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുന്ന കേന്ദ്ര നിയന്ത്രണങ്ങളില്‍’; മൗനം വെടിഞ്ഞ് ട്വിറ്റര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെ കുരുക്കാന്‍ ബിജെപി പ്രയോഗിച്ച ‘ടൂള്‍കിറ്റ്’ ആരോപണം വ്യാജമെന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന ഡിജിറ്റല്‍ നിയന്ത്രണങ്ങളില്‍ ആശങ്ക പരസ്യപ്പെടുത്തി ട്വിറ്റര്‍. ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാര്‍ക്ക് നേരെയുണ്ടാകുന്ന അന്വേഷങ്ങളെ അപലപിച്ച ട്വിറ്റര്‍, ഉപഭോക്താക്കളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്രത്തിന് മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും ആരോപിച്ചു. നിയമങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അഭിപ്രായ സ്വാതന്ത്രത്തെ ഹനിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യേെപ്പാടുമെന്നും അറിയിച്ചു.

‘ട്വിറ്റര്‍ ഇന്ത്യയിലെ ജനങ്ങളോട് പ്രതിജ്ഞാബദ്ധരാണ്. പൊതു സംവാദങ്ങള്‍ക്കും ഈ മഹാമാരിയുടെ കാലത്ത് സഹായങ്ങള്‍ പങ്കുവെക്കുന്നതിനുള്ള ഉപാദിയായും ഞങ്ങളുടെ സേവനങ്ങള്‍ ഉപയുക്തമായിരുന്നെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്. ഞങ്ങളുടെ സേവനം ഇനിയും തുടരാന്‍ സര്‍ക്കാരിന്റെ നിയമങ്ങള്‍ പിന്തുടരാന്‍ ഞങ്ങള്‍ ശ്രമിക്കും. എന്നാല്‍ ലോകംമുഴുവന്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അതേ രീതിയില്‍ സുതാര്യതയും പ്രതിബദ്ധതയും മുതല്‍ക്കൂട്ടാക്കി അഭിപ്രായ സ്വാതന്ത്ര്യവും സ്വകാര്യതയും സംരക്ഷിച്ച് ഞങ്ങള്‍ തുടരുക തന്നെ ചെയ്യും’, ട്വിറ്റര്‍ വ്യക്താവ് വ്യക്തമാക്കി.

‘ഇന്ത്യയിലെ ഞങ്ങളുടെ ജീവനക്കാര്‍ക്ക് സമീപദിവസങ്ങളില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളിലും ഞങ്ങളുടെ ഉപഭോക്താക്കളുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്രത്തിലുള്ള നിയന്ത്രണങ്ങളിലും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. പൊലീസിനെ ഉപയോഗിച്ചും ഐടി നിയമങ്ങളില്‍ മാറ്റം വരുത്തിയും നടത്താനാലോചിക്കുന്ന മാറ്റങ്ങളില്‍ ഞങ്ങള്‍ ഖിന്നരാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്ന നിയന്ത്രണങ്ങളില്‍നിന്നും പിന്മാറണമെന്ന് ആവശ്യപ്പെടാനാണ് ഞങ്ങളുടെ തീരുമാനം. ഇതിനായി ഇന്ത്യയിലെ സര്‍ക്കാരുമായി ക്രിയാത്മകമായ സംവാദം തുടരും’, ‘ട്വിറ്റര്‍ വക്താവ് അറിയിച്ചു.

Also Read: പൃഥ്വിരാജ് സംഘികളാല്‍ വേട്ടയാടപ്പെടുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിക്കുക, അയാള്‍ ശരിയുടെ പക്ഷത്താണ്; ബഷീര്‍ വള്ളിക്കുന്ന്

ബിജെപിയുടെ ടൂള്‍കിറ്റ് രേഖകള്‍ മാനിപുലേറ്റഡ് മീഡിയ വിഭാഗത്തില്‍, അതായത് വ്യാജമായി നിര്‍മ്മിച്ച രേഖകളുടെ വിഭാഗത്തില്‍ ട്വിറ്റര്‍ ഉള്‍പ്പെടുത്തിയതോടെയാണ് കേന്ദ്രം സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ ഉന്നംവെച്ചുള്ള പരിഷ്‌കാരങ്ങളിലേക്ക് നീങ്ങിയത്. ട്വിറ്ററിന്റെ ഈ നീക്കത്തിന് പിന്നാലെ സ്‌പെഷ്യല്‍ സെല്‍ ട്വിറ്ററിന് നോട്ടീസ് നല്‍കുകയും ട്വിറ്ററിന്റെ ഇന്ത്യയിലെ ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Also Read: ‘പെര്‍ഫെക്ട് ഓകെ ഇത് പോരെ അളിയാ..’; പൃഥ്വിരാജിന്റെ ചിത്രം പങ്കുവെച്ച് അസിം ജമാല്‍