‘മറ്റൊരു അര്‍ജുന്‍ അശോകന്‍ സിനിമയിലുള്ളതിനാല്‍’; പേര് മാറ്റുകയാണെന്ന് ‘തിങ്കളാഴ്ച്ച നിശ്ചയ’ത്തിലെ രതീഷ്

സെന്ന ഹെഗ്ഡേ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച്ച നിശ്ചയ’ത്തിലെ പ്രകടനത്തിലൂടെ ശ്രദ്ധേയനായിരിക്കുകയാണ് നടന്‍ അര്‍ജുന്‍ അശോകന്‍. ചിത്രത്തില്‍ നാട്ടിന്‍ പുറത്തെ സന്ദേഹിയായ കാമുകന്റെ കഥാപാത്രമാണ് അര്‍ജുന്‍ ചെയ്തത്. സ്‌കൂള്‍ കാലം മുതല്‍ പ്രണയിക്കുന്ന പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം മണിക്കൂറുകള്‍ക്കുള്ളില്‍ നടക്കാന്‍ പോകുകയാണെന്ന വാര്‍ത്ത പെട്ടെന്ന് അറിയുന്ന രതീഷിനെ അര്‍ജുന്‍ അവതരിപ്പിച്ച രീതി പ്രേക്ഷകര്‍ക്ക് ഇഷ്ടമായി. ‘നിക്ക് പേട്യല്ലോം ഇണ്ട്..!! പക്ഷെ, വേറൊരാര്‍ക്കും വിട്ട് കൊടുക്കൊന്നും ഇല്ല ഞാന്‍..!!’ എന്ന രതീഷിന്റെ ഡയലോഗും സ്‌ക്രീന്‍ ഷോട്ടും യുവകാമുകന്‍മാര്‍ സ്റ്റാറ്റസായി ഏറ്റെടുത്തുകഴിഞ്ഞു.

രതീഷിനെ സ്വീകരിക്കുകയും സ്‌നേഹമറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ് നടന്‍. ഒപ്പം താന്‍ പേരുമാറ്റുകയാണെന്ന വിവരവും അര്‍ജുന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

അര്‍ജുന്‍ അശോകന്‍ എന്നായിരുന്നു എന്റെ മുഴുവന്‍ പേര്. മലയാളസിനിമയില്‍ മറ്റൊരു അര്‍ജുന്‍ അശോകന്‍ നിലവിലുള്ളതിനാല്‍ പല ആശയക്കുഴപ്പങ്ങളും ഉണ്ടാകുന്നതായി അറിയാന്‍ കഴിഞ്ഞു.

അര്‍ജുന്‍

അത്തരം ആശയക്കുഴപ്പങ്ങള്‍ക്കുള്ള സാധ്യത ഒഴിവാക്കാം എന്നതു കൊണ്ട് തന്റെ പേര് ‘അര്‍ജുന്‍ പ്രീത്’ എന്നു മാറ്റിയെന്നും നടന്‍ വ്യക്തമാക്കി.

അര്‍ജുന്‍ പ്രീത്, തിങ്കളാഴ്ച്ച നിശ്ചയം

സെന്ന ഹെഗ്‌ഡേയുടെ കോമഡി ഡ്രാമ മികച്ച പ്രതികരണങ്ങള്‍ നേടി സോണി ലൈവില്‍ സ്ട്രീമിങ്ങ് തുടരുകയാണ്. കാഞ്ഞങ്ങാട് പശ്ചാത്തലമായൊരുക്കിയ ചിത്രത്തിലെ മിക്ക അഭിനേതാക്കളും പുതുമുഖങ്ങളും കാസര്‍കോടുകാരുമാണ്. മികച്ച് രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം തിങ്കളാഴ്ച്ച നിശ്ചയം നേടിയിരുന്നു. ഏറ്റവും മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും സംവിധായകന്‍ സെന്ന ഹെഗ്‌ഡേയ്ക്ക് ലഭിച്ചു.