പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്; രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ പിടിയില്‍, പുറത്താക്കിയെന്ന് പാര്‍ട്ടി

കോഴിക്കോട്: വടകരയില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ യുവതി പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുളിയേരി ബ്രാഞ്ച് സെക്രട്ടറി പിപി ബാബുരാജ്, ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി ടിപി ലിജീഷ് എന്നിവരാണ് കസ്റ്റഡിയിലായത്. യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചെന്നാണ് കേസ്.

കരിമ്പനപ്പാലത്തുനിന്ന് പുലര്‍ച്ചെ ആറുമണിയോടെയാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം ഇവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയെന്നാണ് സിപിഐഎം അറിയിച്ചിരിക്കുന്നത്.

Also Read: ഇനി പിജെ ആര്‍മിയില്ല; ഫേസ്ബുക്കില്‍ പേര് മാറ്റി പി ജയരാജന്റെ ഫാന്‍സ് ഗ്രൂപ്പ്, ചിത്രങ്ങളും നീക്കി

മുളിയേരി ഈസ്റ്റ് ബ്രാഞ്ച് അംഗമായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. മൂന്ന് മാസം മുമ്പ് രാത്രി ബാബുരാജ് വീടിന്റെ കതക് തകര്‍ത്ത് അകത്തുകയറി വധഭീഷണി മുഴക്കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. പിന്നീടും പീഡനം തുടര്‍ന്നു. ബാബുരാജ് പറഞ്ഞതനുസരിച്ച് ലിജീഷും വീട്ടിലെത്തി പീഡിപ്പിച്ചെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവരെ കഴിഞ്ഞ ദിവസം വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു.