ഗോൾഡൻ വിസയും സാമൂഹിക നീതിയും; യു.എ.ഇയിൽ പൗരത്വ നിയമങ്ങൾ പരിഷ്‌കരിക്കാൻ ആവശ്യമുയരുന്നു

മോഹൻലാൽ, മമ്മൂട്ടി, ടൊവിനോ തോമസ്, നൈല ഉഷ, മിഥുൻ രമേശ് തുടങ്ങിയ മലയാളി സെലിബ്രിറ്റികൾ ഉൾപ്പടെ ലോകപ്രശസ്തരായ നിരവധിയാളുകൾക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) അടുത്തിടെ ഗോൾഡൻ വിസകൾ അനുവദിച്ചുനൽകിയിരുന്നു. സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുകൊണ്ട് പ്രമുഖ വ്യക്തികൾക്ക് പത്തുവർഷം കാലാവധിയുള്ള താമസ വിസ നൽകുന്ന പദ്ധതിയാണ് കഴിഞ്ഞവർഷം കൊണ്ടുവന്ന ഗോൾഡൻ വിസ. എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തിപ്പെടുകയാണ്. വിദേശീയരെ വിവാഹം കഴിച്ച യു.എ.ഇ വനിതകളും രാജ്യമില്ലാത്ത ബിദൂനുകളും വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാതെ പണവും പ്രശസ്‌തിയും അടിസ്ഥാനമാക്കി ദീഘകാല വിസകളും പൗരത്വ സമാനമായ ആനുകൂല്യങ്ങളും അനുവദിക്കുന്നത് വിവേചനമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. രാജ്യത്തെ പൗരത്വ നിയമങ്ങളിൽ കാതലായ മാറ്റം കൊണ്ടുവരണമെന്നും അവർ ആവശ്യപ്പെടുന്നു.

‘ഈ സാമൂഹിക അസമത്വം അത്ര നിസാരമല്ല. വിദേശ നിക്ഷേപങ്ങൾ ആകർഷിക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ യു.എ.ഇക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ രാജ്യമില്ലാത്തവരായി ഇവിടെക്കഴിയുന്ന ജനവിഭാഗങ്ങളോടും സ്ത്രീകളോടുമുള്ള ഈ അനീതിയും വിവേചനവും അവസാനിപ്പിക്കണം,’ എന്നാണ് ഇന്റർനാഷണൽ ക്യാമ്പയിൻ ഫോർ ഫ്രീഡം ഇൻ യു.എ.ഇയുടെ മാനേജർ സോഫിയ ക്യാൽട്ടൻബ്രണ്ണർ ആവശ്യപ്പെടുന്നത്.

വിദേശ പുരുഷന്മാരെ വിവാഹം ചെയ്ത എമിറാത്തി സ്ത്രീകളുടെ മക്കൾ യു.എ.ഇ പൗരത്വത്തിന് അർഹരല്ല എന്നാണ് രാജ്യത്തെ നിയമം. കുട്ടികൾ രാജ്യത്ത് ആറ് വർഷം തുടർച്ചയായി താമസിച്ചതിന് ശേഷം മാതാപിതാക്കൾക്ക് മക്കളുടെ പൗരത്വത്തിന് അപേക്ഷിക്കാം. എന്നാൽ അനുവദിച്ചുകിട്ടാൻ വീണ്ടും വർഷങ്ങളെടുക്കും. പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് സ്വയം അപേക്ഷ നൽകുകയും ചെയ്യാം. എന്നാൽ വിദേശ വനിതകളെ വിവാഹം കഴിച്ച എമിറാത്തി പുരുഷന്മാരുടെ മക്കൾക്ക് പൗരത്വം ലഭിക്കുന്നതിന് തടസ്സമില്ല.

അടുത്തിടെ താജിക് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ അബ്‌ദു റോസിക്കിന് ഗോൾഡൻ വിസ അനുവദിച്ചതിന് പിന്നാലെ ഇത് നീതിയുക്തമായ നടപടിയല്ലെന്നും എമിറാത്തി പൗരത്വ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിരവധിയാളുകളാണ് സോഷ്യൽ മീഡിയ വഴി രംഗത്തെത്തിയത്. പൗരത്വം അനുവദിക്കുന്നതിലെ അനീതിയാണ് ഇതിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നത്. എമിറാത്തി വനിതകൾക്ക് ആരെയും വിവാഹം കഴിക്കാനുള്ള അവകാശമുണ്ടെന്നും കുട്ടികളെ അമ്മമാരുടെ സാമൂഹിക-രാഷ്ട്രീയ സ്വത്വത്തിൽ നിന്നും മാറ്റിനിർത്തുന്നത് ശരിയല്ലെന്നുമാണ് ഉയരുന്ന പ്രധാന വാദം.

അധികാരികൾക്കെതിരെ പരസ്യ പ്രതിഷേധം ഉയർത്തുന്നത് യു.എ.ഇയിൽ ജയിൽ ശിക്ഷക്ക് കാരണമായേക്കുമെന്ന സാഹചര്യം നിലനിൽക്കെയാണ് ഗോൾഡൻ വിസാ തീരുമാനത്തെ ചോദ്യം ചെയ്‌ത്‌ ഇവർ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധവുമായി രംഗത്തുള്ളവർ പലരും രാഷ്ട്രീയ തടവുകാരനായ മുഹമ്മദ് അൽ സിദ്ദീഖിന്റെ മകൾ അലാ അൽ സിദ്ദിഖിന്റെ പൗരത്വം റദ്ദ് ചെയ്‌തത്‌ ചൂണ്ടിക്കാണിക്കുന്നു. ഭരണകൂടത്തിനെതിരെ വിമത സ്വരമുയർത്തിയെന്ന് ആരോപിച്ച് മുഹമ്മദ് അൽ സിദ്ദീഖിനെ തടവിലടച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ പത്തു മക്കളുടെയും പൗരത്വം യു.എ.ഇ ഗവണ്മെന്റ് റദ്ദ് ചെയ്‌തിരുന്നു. 2018 മുതൽ യു.കെയിൽ അഭയാർത്ഥിയായി കഴിയുകയാണ് അല.

യു.എ.ഇ ഉൾപ്പടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വസിക്കുന്ന ഒരു രാജ്യത്തെയും പൗരന്മാരല്ലാത്ത വിഭാഗക്കാരാണ് ബിദൂനുകൾ. പൗരന്മാരായി അംഗീകരിക്കണമെന്ന് ഇവർ യു.എ.ഇ ഭരണകൂടത്തോട് വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ട്. ‘ബിദൂൻ വിഭാഗക്കാർക്കും എതിരാണ് നിലവിലെ പൗരത്വ നിയമങ്ങൾ. എത്ര വർഷം അവർ യു.എ.ഇയിൽ ജീവിച്ചാലും പൗരത്വം അനുവദിച്ച് നൽകില്ല. അവരിൽ നിരവധിയാളുകൾ തങ്ങളുടെ ജീവിതകാലം മുഴുവൻ ഇവിടെ ചെലവിട്ടവരാണ്. ചിലരാകട്ടെ 1971ൽ യു.എ.ഇ സ്ഥാപിതമാകുന്നതിന് മുൻപ് തന്നെ ഈ മണ്ണിലുള്ളവരാണ്,’ എന്നാണ് സോഫിയ വിശദീകരിക്കുന്നത്.

അതേസമയം അധികമായി ഗോൾഡൻ വിസകൾ നൽകുന്നത് പി.ആർ കാമ്പയിനിന്റെ ഭാഗമാണെന്നാണ് സോഫിയയുടെ അഭിപ്രായം. ലോകത്തിന് മുൻപിൽ സഹിഷ്‌ണുതയുള്ള, മോഡേൺ രാജ്യമായി സ്വയം ഉയർത്തിക്കാണിക്കാനുള്ള ശ്രമമാണ് ഇതെന്നും അവർ പറയുന്നു. യു.എ.ഇയുടെ മാർക്കറ്റിങ് പദ്ധതിയാണ് ഇതെന്ന് ആംനെസ്റ്റി ഇന്റർനാഷണലിന്റെ ഡെവിൻ കെന്നിയും അഭിപ്രായപ്പെടുന്നു.

2019-ലാണ് യു.എ.ഇ ഗോൾഡൻ വിസ പദ്ധതി അവതരിപ്പിച്ചത്. വിസ ലഭിക്കുന്ന വിദേശീയർക്ക് സ്പോൺസറിന്റെ ആവശ്യമില്ലാതെ രാജ്യത്ത് താമസിക്കുകയും ജോലിനോക്കുകയും പഠിക്കുകയും ചെയ്യാം. 100 ശതമാനം ഉടമസ്ഥതയിൽ ബിസിനസും ആരംഭിക്കാം. ആദ്യം പത്ത് വർഷത്തേക്ക് നൽകുന്ന വിസ പിന്നീട് പുതുക്കി നൽകാവുന്നതാണ്. നിക്ഷേപകർക്കും, വ്യവസായികൾക്കും, വ്യത്യസ്തമായ കഴിവുകളുള്ള പ്രമുഖർക്കും, ഗവേഷകർക്കും, മെഡിക്കൽ രംഗത്തുള്ളവർക്കും, ശാസ്ത്രജ്ഞർക്കും അസാധാരണക്കാരായ വിദ്യാർത്ഥികൾക്കുമൊക്കെയാണ് നിലവിൽ ഗോൾഡൻ വിസ നൽകുന്നത്.