യുഡിഎഫിലും പൊട്ടിത്തെറി? യോഗത്തില്‍ പങ്കെടുക്കാതെ ഷിബുബേബി ജോണ്‍, തരംഗം മുമ്പേ കണ്ടില്ലെന്ന് ലീഗ്, അപമാനിച്ചെന്ന് സിഎംപി, ‘ഐശ്വര്യ കേരളത്തിലെ ആള്‍ക്കൂട്ടം കണ്ട് തെറ്റിദ്ധരിച്ചു’

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ അസ്വാരസ്യങ്ങള്‍ മുന്നണിയിലേക്കും പടരുന്നെന്ന് സൂചന. കോണ്‍ഗ്രസിനും യുഡിഎഫ് നേതൃത്വത്തിനുമെതിരെ ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തില്‍ ഘടകക്ഷികള്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നെന്ന് ആരോപിച്ച് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും രാജി സന്നദ്ധത ചൂണ്ടിക്കാട്ടി മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തില്‍നിന്നും വിട്ടുനിന്നു.

സര്‍ക്കാരിന് അനുകൂലമായ തരംഗം സംസ്ഥാനമൊട്ടാകെയുള്ളത് മുന്‍കൂട്ടിക്കാണാന്‍ മുന്നണിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം മുസ്ലിം ലീഗും ഉന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിലെ ആള്‍ക്കൂട്ടം കണ്ട് തെറ്റിദ്ധരിച്ചു. എന്നാല്‍ അതൊന്നും വോട്ടാക്കാന്‍ കഴിഞ്ഞില്ല. ജോസ് കെ മാണിയും എല്‍ജെഡിയും മുന്നണി വിട്ടുപോയത് ക്ഷീണം ചെയ്‌തെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

മുന്നണിക്ക് മുന്നില്‍ വെച്ച നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതില്‍ കടുത്ത പ്രതിഷേധമായാണ് ഷിബു ബേബി ജോണ്‍ യോഗത്തില്‍നിന്നും വിട്ടുനിന്നത്. 2016ലെ തോല്‍വിക്ക് പിന്നാലെ പല നിര്‍ദ്ദേശങ്ങളും ഇദ്ദേഹം മുന്നണിക്ക് മുന്നില്‍ വെച്ചിരുന്നു. തുടര്‍ന്ന് തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷവും മാറ്റം ആവശ്യപ്പെട്ട് മുന്നണി നേൃത്വത്തെ ഷിബു ബേബി ജോണ്‍ സമീപിച്ചിരുന്നു. ഇക്കാര്യങ്ങളിലൊന്നും യാതൊരു നടപടിയും സ്വീകരിക്കാത്ത നേതൃത്വത്തോടുള്ള പ്രതിഷേധമായിട്ടാണ് ആര്‍എസ്പി ഇന്നത്തെ യോഗത്തില്‍നിന്നും വിട്ടുനിന്നത്.

Also Read: താന്‍ അപമാനിതനായെന്ന് രമേശ് ചെന്നിത്തല; സോണിയാ ഗാന്ധിക്ക് കത്തുമായി മുന്‍ പ്രതിപക്ഷ നേതാവ്

യോഗത്തില്‍ കോണ്‍ഗ്രസിനെതിരെ വലിയ വിമര്‍ശനമാണ് ഘടകകക്ഷികള്‍ ഉന്നയിച്ചത്. എല്‍ഡിഎഫിനെ അപേക്ഷിച്ച് യുഡിഎഫില്‍ കോണ്‍ഗ്രസ് ഇതര ഘടകകക്ഷികളെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നവരെപ്പോലും താഴെത്തട്ടിലുള്ള കോണ്‍ഗ്രസുകാര്‍ അംഗീകരിക്കുന്നില്ല, പല സ്ഥലങ്ങളിലും ഘടകകക്ഷി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമം നടത്തി, ഇക്കാര്യം നേരത്തെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഇതിനെ മുഖവിലയ്‌ക്കെടുത്തില്ലെന്നടക്കമുള്ള രൂക്ഷ ആരോപണങ്ങളാണ് യോഗത്തില്‍ ഉയര്‍ന്നത്.

Also Read: വിഡി സതീശന്‍ യുഡിഎഫ് ചെയര്‍മാന്‍; തീരുമാനമെടുത്ത് മുന്നണി

ചെറിയ ഘടകകക്ഷികളെപ്പോലും എല്‍ഡിഎഫ് ജയിപ്പിച്ച് മന്ത്രിയാക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനങ്ങള്‍. നല്ല മത്സരം കാഴ്ചവെക്കാനോ ജയിക്കാനോ കഴിയുന്ന സീറ്റുകള്‍ നല്‍കിയില്ലെന്നും അപമാനിച്ചെന്നുമുള്ള കുറ്റപ്പെടുത്തല്‍ ഫോര്‍വേഡ് ബ്ലോക്കും സിഎംപിയും ഉന്നയിച്ചിട്ടുണ്ട്.