‘യുഡിഎഫ് നൂറ് സീറ്റിന് മുകളിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല’; ഐഐഎം മുന്‍ പ്രൊഫസര്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മുന്നണിയുടെ ബൂത്തുതല സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍ ഐഐഎം പ്രൊഫസര്‍ ഡോ. തോമസ് ജോസഫ്. എക്‌സിറ്റ് പോളുകളെ തള്ളിക്കളയുന്നില്ലെന്നും അവ സൂചിപ്പിക്കുന്നത് യുഡിഎഫിന്റെ വിജയമാണെന്നും ഐഐഎം ഉദയ്പൂരിലെ മുന്‍ അദ്ധ്യാപകന്‍ പറഞ്ഞു. മുന്‍പ് യുഡിഎഫിന് 41 സീറ്റുകള്‍ പ്രവചിച്ചവര്‍ ഇപ്പോള്‍ 60 മണ്ഡലങ്ങള്‍ നേടുമെന്നാണ് പറയുന്നത്. 90 സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്ന് ആദ്യം പറഞ്ഞു. എക്‌സിറ്റ് പോളുകളില്‍ ഇടതുപക്ഷത്തിന് 75ന് അടുത്ത് സീറ്റുകളെന്ന് പറയുന്നു. യുഡിഎഫിന്റെ മുന്നേറ്റവും എല്‍ഡിഎഫിന്റെ ഇറക്കവുമാണ് ഇത് കാട്ടുന്നതെന്ന് ഡോ. തോമസ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

മുന്നോട്ട് കയറി വരുന്ന യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടും. യുഡിഎഫിന്റെ ഭൂരിപക്ഷം നൂറ് സീറ്റുകള്‍ക്ക് മുകളിലെത്തിയാലും അത്ഭുതപ്പെടേണ്ട കാര്യമില്ല.

ഡോ. തോമസ് ജോസഫ്

2011 മുതലുള്ള നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂക്ഷ്മമായി പഠിച്ചതിന് ശേഷമാണ് ഈ നിഗമനത്തില്‍ ഞാന്‍ എത്തിയത്. ലോക്‌സഭ ഇലക്ഷന് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ തൊട്ടുപിന്നാലെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് കിട്ടുന്ന രീതിയാണ് കേരളത്തിലുള്ളത്. 2009 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് കിട്ടിയ 76 ലക്ഷം 2011 അസംബ്ലി ഇലക്ഷനില്‍ 78 ലക്ഷമായി. 2014ല്‍ 76 ലക്ഷമായിരുന്ന വോട്ടുകള്‍ 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ 78 ലക്ഷത്തിലെത്തിയെന്നും ഡോ. തോമസ് ചൂണ്ടിക്കാട്ടി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആകെ രണ്ട് കോടി മൂന്ന് ലക്ഷം വോട്ടുകള്‍ പോള്‍ ചെയ്തതില്‍ യുഡിഎഫിന് 95 ലക്ഷവും എല്‍ഡിഎഫിന് 71 ലക്ഷം വോട്ടുകളുമാണ് കിട്ടിയത്. 123 നിയമഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നിലെത്തി.

ഡോ. തോമസ് ജോസഫ്

യുഡിഎഫിന് ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കുറയാനുള്ള സാഹചര്യമില്ല. രണ്ട് കോടി എട്ട് ലക്ഷത്തോളം വോട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നാണ് കണക്കുകളില്‍. ലോക്‌സഭയിലേക്ക് കിട്ടിയ 95 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷം വോട്ടുകള്‍ കുറഞ്ഞാലും യുഡിഎഫിന് 85 ലക്ഷം വോട്ടുണ്ടാകും. എന്നാല്‍ പത്ത് ലക്ഷം വോട്ട് ലോക്‌സഭയിലേതിനേക്കാള്‍ അധികം നേടിയാലും ഇടതുമുന്നണി 81 ലക്ഷം വോട്ടുകള്‍ വരെയേ എത്തൂയെന്നും ഡോ. തോമസ് അവകാശപ്പെട്ടു. ഗ്രൂപ്പ് വൈരം മറന്ന് മികച്ച സ്ഥാനാര്‍ത്ഥികളെ യുഡിഎഫ് രംഗത്തിറക്കി. കള്ളവോട്ടുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നിര്‍ണായക ഘടകമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതുപോലെ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി പോള്‍ ചെയ്യപ്പെട്ടെന്നും ഡോ. തോമസ് കൂട്ടിച്ചേര്‍ത്തു.

Also Read: ‘മനോവീര്യം കൈവിടരുത്’; യുഡിഎഫ് പോളിങ്ങ് ഏജന്റുമാര്‍ക്ക് രമേശ് ചെന്നിത്തലയുടെ അടിയന്തര സര്‍ക്കുലര്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണമുണ്ടാകുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ്- സീ ഫോര്‍ സര്‍വ്വേ ഫലം. എല്‍ഡിഎഫിന് 77 മുതല്‍ 86 സീറ്റ് വരെ ലഭിക്കും. യുഡിഎഫ് 52 മുതല്‍ 61 വരെ സീറ്റുകളില്‍ ഒതുങ്ങും. ബിജെപി രണ്ട് മുതല്‍ അഞ്ച് സീറ്റുകള്‍ വരെ നേടും. മറ്റുള്ളവര്‍ മൂന്ന് സീറ്റ് വരെ നേടിയേക്കാമെന്നും ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ സര്‍വ്വേ പ്രവചിക്കുന്നു. 42 ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ലഭിക്കുക. യുഡിഎഫിന് 38 ശതമാനം വോട്ട് ലഭിക്കും. എന്‍ഡിഎയുടെ വോട്ട് വിഹിതം 17 ശതമാനം ആയിരിക്കുമെന്നും ഏഷ്യാനെറ്റ് നടത്തിയ സര്‍വ്വേ സൂചിപ്പിക്കുന്നു.

മനോരമ ന്യൂസ് – വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വ്വേയും ഭരണത്തുടര്‍ച്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. 73 സീറ്റുകള്‍ നേടി ഇടതുപക്ഷം അധികാരം നിലനിര്‍ത്തും. യുഡിഎഫിന് 64 സീറ്റുകള്‍ ലഭിക്കും. എന്‍ഡിഎ രണ്ട് മണ്ഡലങ്ങളിലും പി സി ജോര്‍ജിന്റെ കേരള ജനപക്ഷം ഒരിടത്തും ജയിക്കുമെന്ന് മനോരമയുടെ സര്‍വ്വേ പറയുന്നു.

സംസ്ഥാനത്ത് 104 മുതല്‍ 120 സീറ്റ് വരെ നേടി എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നാണ് മാതൃഭൂമി ന്യൂസ്-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ സര്‍വ്വേ ഫലം. യുഡിഎഫ് 20 മുതല്‍ 36 സീറ്റുകള്‍ എന്ന അവസ്ഥയിലേക്ക് ചുരുങ്ങും. എന്‍ഡിഎയും മറ്റുള്ളവരും രണ്ട് സീറ്റുകള്‍ വരെ നേടും. 47 ശതമാനം വോട്ടുവിഹിതമായിരിക്കും എല്‍ഡിഎഫിനുണ്ടാകുക. യുഡിഎഫിന് 38 ശതമാനവും എന്‍ഡിഎയ്ക്ക് 12 ശതമാനവും വോട്ടുകള്‍ ലഭിച്ചേക്കുമെന്ന് മാതൃഭൂമി നടത്തിയ സര്‍വ്വേ പ്രവചിക്കുന്നു.