തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി നിലനില്ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 500 പേരെ ഉള്‍പ്പെടുത്തി നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് യുഡിഎഫ് എംഎല്‍എമാര്‍. ചടങ്ങ് ബിഷ്കരിക്കില്ലെന്നും വീട്ടിലിരുന്ന് വെര്‍ച്വലായി ചടങ്ങില്‍ പങ്കെടുക്കുമെന്നും യുഡിഎഫ് കണ്‍വിനര്‍ എംഎം ഹസ്സന് അറിയിച്ചു. തീരുമാനത്തെ പിന്തുണച്ച് ‘ആ അഞ്ഞൂറില്‍ ഞങ്ങളില്ല’ എന്ന് കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കൊവിഡ്-19 ഗുരുതര സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് മാമാങ്കമായി നടത്തുന്നത് തെറ്റായ രീതിയാണെന്നും പ്രതിപക്ഷത്തിന് ഇതിനോട് പൂര്‍മായ വിയോജിപ്പാണെന്നും എംഎം ഹസ്സന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കി. പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കില്ല, മുഖ്യമന്ത്രി പറഞ്ഞത് പ്രകാരം വീട്ടിലിരുന്ന് കൊണ്ട് ടിവിയിലൂടെ വെര്‍ച്വലായി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നുമാണ് അദ്ദേഹം അറിയിച്ചത്.
‘മാമാങ്കമായി സത്യപ്രതിജ്ഞ നടത്തുന്നത് ശരിയല്ല. മുഖ്യമന്ത്രി പറഞ്ഞത് ഭാര്യാ ഭര്ത്താക്കന്മാര് പോലും വീടുകളില്‍ അകലം പാലിച്ച് നില്‍ക്കണം എന്നാണ്, മാസ്ക് ധരിക്കണം എന്ന മുന്നറിയിപ്പാണ് മുഖ്യമന്ത്രി നല്‍കിയത്. ആ സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് ഇത്തരത്തില്‍ മാമാങ്കമായി നടത്തുന്നത് ശരിയല്ല. മറ്റ് സംസ്ഥാനങ്ങളില്‍ നടന്നത് പോലെ ലളിതമായ ചടങ്ങില്‍ സത്യപ്രതിജ്ഞ നടത്തണം. മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട് എല്ലാവരും ടിവിയിലൂടെ സത്യപ്രതിജ്ഞ കാണണമെന്ന്. യുഡിഎഫിന്റെ എംഎല്‍എമാരും എംപിമാരും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുന്നില്ല. ടിവിയിലൂടെ ഞങ്ങള്‍ ഇത് കാണും. വെര്‍ച്വലായി പങ്കെടുക്കും. വലിയ ഗുരുതര സാഹചര്യത്തില്‍ ഇത് നടത്തുന്നതിനോട് പ്രതിപക്ഷത്തിന് പൂര്‍ണണായ എതിര്‍പ്പാണ്.’ എംഎം ഹസന് പറഞ്ഞതിങ്ങനെ.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 500 പേരെ ഉള്‍പ്പെടുത്തി നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
ഇത്തരം ചടങ്ങിന് ഈ സംഖ്യ വലുതല്ലെന്നാണ് മുഖ്യമന്ത്രി തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടത്. ഐഎംഎ അടക്കം തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.