‘വാക്കുകള്‍ പാലിക്കാനുള്ളതാണ്’; മണിയാശാനോട് തോറ്റ് വേളാങ്കണ്ണിയില്‍ പോയി തലമൊട്ടയടിച്ച് ആഗസ്തി

ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തല മൊട്ടയടിക്കുമെന്ന വാക്ക് പാലിച്ച് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇഎം ആഗസ്തി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജയപ്പെട്ടാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. തോല്‍വിക്കുപിന്നാലെ മൊട്ടയടിക്കുമെന്ന വാക്കില്‍നിന്ന് പിന്മാറില്ലെന്നും ആഗസ്തി അറിയിച്ചിരുന്നു.

വാക്കുകള്‍ പാലിക്കാനുള്ളതാണ് എന്ന അടിക്കുറിപ്പോടെ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് ആഗസ്തി തന്നെയാണ് തല മുണ്ഡനം ചെയ്ത വിവരം അറിയിച്ചത്. വേളാങ്കണ്ണി പള്ളിയുടെ മുന്നില്‍നിന്നുള്ള ചിത്രമാണ് ആഗസ്റ്റി പങ്കുവെച്ചത്.

ഉടുമ്പന്‍ചോലയില്‍ ആഗസ്തിയെ 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എംഎം മണി പരാജയപ്പെടുത്തിയത്. പരാജയം അംഗീകരിക്കുകയാണെന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നതിന് മുമ്പേതന്നെ ആഗസ്തി പ്രതികരിച്ചിരുന്നു.

‘എംഎം മണിക്ക് അഭിവാദ്യങ്ങള്‍. തല കുനിച്ച് ജനവിധി മാനിക്കുന്നു. ശ്രീകണ്ഠന്‍ നായര്‍ വെല്ലുവിളി ഏറ്റെടുത്തില്ലെങ്കിലും ഞാന്‍ പറഞ്ഞ വാക്ക് പാലിക്കുന്നു. നാളെ തല മൊട്ടയടിക്കും. സ്ഥലവും സമയവും പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് വിലയിരുത്തല്‍ പിന്നീട് അറിയിക്കും’, എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍, തന്റെ സുഹൃത്തുകൂടിയായ ആഗസ്തി നല്ല മത്സരമാണ് കാഴ്ചവെച്ചതെന്നും മണ്ഡലത്തിലെ പൊതു സ്ഥിതി മാത്രമാണ് വോട്ടിങ്ങില്‍ പ്രതിഫലിച്ചതെന്നുമായിരുന്നു എംഎം മണിയുടെ പ്രതികരണം. തല മൊട്ടയടിക്കരുതെന്നും മണി ആവശ്യപ്പെട്ടിരുന്നു.

ഉടുമ്പഞ്ചോലയില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന എല്‍ഡിഎഫ് ആധിപത്യം ഇത്തവണ അവസാനിപ്പിക്കുമെന്നായിരുന്നു അഗസ്തിയുടെ പ്രതിജ്ഞ. ഭൂപ്രശ്നങ്ങള്‍ ഉയര്‍ത്തിയാണ് താന്‍ വോട്ട് ചോദിക്കുന്നതെന്നും ജയിച്ചാല്‍ 90 ദിവസത്തിനകം ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്നും ഇ എം അഗസ്തി പ്രഖ്യാപിക്കുകയുണ്ടായി.

1996ലെ തെരഞ്ഞെടുപ്പില്‍ അഗസ്തിയോട് തോറ്റ എംഎം മണിക്ക് ഇത്തവണത്തെ ജയം മധുരപ്രതികാരം കൂടിയാണ്. കന്നിയങ്കത്തിലെ തോല്‍വിയുടെ കയ്പാണ് അന്ന് സിപിഐഎം നേതാവ് അറിഞ്ഞത്. 25 വര്‍ഷത്തിന് ശേഷം മുന്‍ എംഎല്‍എയെ നേരിട്ട എം എം മണിക്ക് മന്ത്രിയെന്ന നിലയിലുള്ള മെച്ചപ്പെട്ട പ്രകടനവും മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളുമാണ് മുതല്‍ക്കൂട്ടായത്.