‘അലയന്‍സ് അറീനയില്‍ മഴവില്‍ വിരിയിക്കേണ്ട’; എല്‍ജിബിറ്റി അനുകൂല ജര്‍മന്‍ നീക്കത്തിന് യുവേഫയുടെ വിലക്ക്; യൂറോ സംഘാടകര്‍ക്കെതിരെ വിമര്‍ശനം

ഹംഗറിയുമായുള്ള മത്സരത്തിന് വേദിയായ മ്യൂണിക് അലയന്‍സ് അരീന സ്‌റ്റേഡിയം എല്‍ജിബിറ്റിപ്ലസ് പതാകയായ മഴവില്‍ വെളിച്ചത്തില്‍ ഒരുക്കാനുള്ള ജര്‍മന്‍ നീക്കത്തിന് യുവേഫയുടെ ചുവപ്പുകാര്‍ഡ്. രാഷ്ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ജര്‍മന്‍ ടീമിന്റെ അഭ്യര്‍ത്ഥന നിരസിക്കുകയാണെന്ന് യൂറോ കപ്പ് സംഘാടകര്‍ അറിയിച്ചു. അലയന്‍സ് അറീന മഴവില്‍ വേദിയാകുന്നത് പ്രൈഡ് മാസത്തിലെ പിന്തുണ എന്നതിനൊപ്പം, എല്‍ജിബിറ്റിക്യു വിരുദ്ധ നിയമങ്ങള്‍ കൊണ്ടുവന്ന ഹംഗേറിയന്‍ ഭരണകൂടത്തിനെതിരായ മറുപടിയാകുമെന്ന് ഒരു വിഭാഗം പ്രതീക്ഷിച്ചിരിക്കെയാണിത്.

രാഷ്ട്രീയപരമായും മതപരമായും നിഷ്പക്ഷ നിലപാടുള്ള സംഘടനയാണ് യുവേഫ. ഹംഗേറിയന്‍ ദേശീയ പാര്‍ലമെന്റിന്റെ ഒരു തീരുമാനത്തെ ലക്ഷ്യമിട്ടുള്ള ഈ ‘മെസേജിന്’ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തില്‍ അനുവാദം നല്‍കാനാകില്ല.

യുവേഫ

വംശീയത, ഹോമോഫോബിയ, ലിംഗവിവേചനം തുടങ്ങി എല്ലാ തരത്തിലുള്ള വിവേചനവും സമൂഹത്തിലെ കറകളാണ്. ഫുട്‌ബോള്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളാണ് ഇവ. സ്റ്റേഡിയത്തിന് അകത്തും പുറത്തും സമൂഹമാധ്യമങ്ങളിലുമായി നടന്ന വിവേചനപരമായ പെരുമാറ്റങ്ങള്‍ നാം സ്‌നേഹിക്കുന്ന ഫുട്‌ബോള്‍ മത്സരങ്ങളുടെ മാറ്റ് കുറച്ചെന്നും യൂറോ 2020 സംഘാടകര്‍ പ്രസ്താവനയില്‍ പറഞ്ഞു. മത്സരവേദിയിലെ എല്‍ജിബിറ്റിപ്ലസ് ഐക്യദാര്‍ഢ്യപ്രകടനത്തിനെതിരായ യുവേഫ നിലപാടിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമുയരുന്നുണ്ട്.

സ്റ്റേഡിയം മഴവില്‍ നിറത്തിലാക്കാന്‍ കഴിയില്ലെങ്കിലും പുറത്ത് പരമാവധി പിന്തുണയറിയിച്ചുകൊണ്ടുള്ള അടയാളങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂണിക് നഗരാധികൃതര്‍ ആലോചിക്കുന്നുണ്ട്. എല്‍ജിബിറ്റിപ്ലസ് അടയാളങ്ങളെ പിന്തുണയ്ക്കുന്ന ജര്‍മന്‍ ദേശീയ ടീം നിലപാട് ആവര്‍ത്തിച്ച് മിഡ് ഫീല്‍ഡര്‍ ലിയോണ്‍ ഗൊരറ്റ്‌സ്‌ക രംഗത്തെത്തി.

ഫുട്‌ബോള്‍ ലോകമെന്ന നിലയില്‍ നാം വംശീയതയേയും ഹോമോഫോബിയയും വൈവിധ്യം കൊണ്ട് നേരിടണം.

ലിയോണ്‍ ഗൊരറ്റ്‌സ്‌ക

എല്‍ജിബിറ്റിക്യു വിഭാഗക്കാരോട് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മഴവില്‍ നിറത്തിലുള്ള ക്യാപ്റ്റന്‍ ആം ബാന്‍ഡ് കൈയിലണിഞ്ഞതിന് മാനുവല്‍ നൂയര്‍ക്കെതിരെ യൂറോപ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അന്വേഷണം തുടങ്ങിയിരുന്നു. യുവേഫക്കെതിരെ വിമര്‍ശനനം ശക്തമായതിന് പിന്നാലെ അന്വേഷണം നിര്‍ത്തുകയും ചെയ്തു.

Also Read: എല്‍ജിബിറ്റിക്യു പിന്തുണയുമായി മഴവില്‍ ആം ബാന്‍ഡ്; നൂയര്‍ക്കെതിരായ അന്വേഷണം വേണ്ടെന്നുവെച്ച് യുവേഫ; ഹംഗറിയെ നാണിപ്പിക്കാന്‍ മഴവില്‍ അറീനയൊരുക്കാന്‍ ജര്‍മനി

പ്രൈഡ് മന്ത് ആയതിനാല്‍ എല്‍ജിബിറ്റി സമൂഹങ്ങള്‍ക്ക് പിന്തുണ അറിയിച്ചാണ് ജര്‍മന്‍ ക്യാപ്റ്റന്‍ കളത്തിലിറങ്ങിയത്. യൂറോയില്‍ ഫ്രാന്‍സിസും പോര്‍ച്ചുഗലിനുമെതിരെയുള്ള ഗ്രൂപ്പ് മത്സരങ്ങളിലും നൂയര്‍ മഴവില്‍ ആം ബാന്‍ഡ് ആണിഞ്ഞിരുന്നു. ജൂണ്‍ ഏഴിന് ലാത്വിയക്കെതിരായ സൗഹൃദമത്സരത്തിലും ജര്‍മന്‍ ക്യാപ്റ്റന്‍ മഴവില്‍ ബാന്‍ഡ് കൈയില്‍ കെട്ടി. തങ്ങള്‍ ഔദ്യോഗികമായി നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആംബാന്‍ഡ് മാത്രമേ ധരിക്കാവൂ എന്നാവശ്യപ്പെട്ടായിരുന്നു യുവേഫയുടെ ഇടപെടല്‍. തുടര്‍ന്ന് ഡിഎഫ്ബി യൂറോ സംഘാടകരുമായി സംസാരിച്ചു. തങ്ങളുടെ പൊതുനിലപാടാണിതെന്ന് യുവേഫയോട് വ്യക്തമാക്കി.

എല്‍ജിബിറ്റി വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ യൂറോ മത്സരങ്ങള്‍ യുവേഫ വെട്ടിച്ചുരുക്കണമെന്നാവശ്യപ്പെട്ട് ഡെന്മാര്‍ക്-ചെല്‍സി വനിതാ ഫുട്ബോള്‍താരമായ പേണില്‍ ഹാര്‍ഡര്‍ രംഗത്തെത്തിയിരുന്നു. ബുഡാപെസ്റ്റ് പുഷ്‌കാസ് അറീനയിലാണ് പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മത്സരം നടക്കാനിരിക്കുന്നത്.

എല്‍ജിബിറ്റിപ്ലസ് ഉള്ളടക്കം കുട്ടികളെ പഠിപ്പിക്കുന്നതും പരസ്യം ചെയ്യുന്നതും കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഹംഗേറിയന്‍ പാര്‍ലമെന്റ് പാസാക്കിയത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

പേണില്‍ ഹാര്‍ഡര്‍

ഞങ്ങള്‍, എല്‍ജിബിറ്റി പ്ലസ് സമൂഹത്തില്‍ പെട്ടവരും മനുഷ്യരാണ്. എല്ലാവരേയും പോലെ പരിചരിക്കപ്പെടാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഹംഗറിയിലെ എല്‍ജിബിറ്റി സമൂഹത്തിനൊപ്പം നിലകൊള്ളുന്നു. ഫുട്ബോള്‍ ലോകത്തിന് മുന്നോട്ട് ഒരു ചുവട് വെയ്ക്കാനുള്ള അവസരം കൂടിയാണിത്. യുവേഫ ഈ വിഷയം ഗൗരവമായി കാണണം. കൂടുതല്‍ മത്സരങ്ങള്‍ ബുഡാപെസ്റ്റില്‍ നടത്താനുള്ള ആലോചന പുനപരിശോധിക്കണമെന്നും പേണില്‍ ട്വീറ്റ് ചെയ്തു.