എല്‍ജിബിറ്റിക്യു പിന്തുണയുമായി മഴവില്‍ ആം ബാന്‍ഡ്; നൂയര്‍ക്കെതിരായ അന്വേഷണം വേണ്ടെന്നുവെച്ച് യുവേഫ; ഹംഗറിയെ നാണിപ്പിക്കാന്‍ മഴവില്‍ അറീനയൊരുക്കാന്‍ ജര്‍മനി

എല്‍ജിബിറ്റിക്യു വിഭാഗക്കാരോട് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് മഴവില്‍ നിറത്തിലുള്ള ക്യാപ്റ്റന്‍ ആം ബാന്‍ഡ് കൈയിലണിഞ്ഞതിന് മാനുവല്‍ നൂയര്‍ക്കെതിരെ നടത്തിവന്ന അന്വേഷണം യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിര്‍ത്തി. ജര്‍മന്‍ ഫുട്‌ബോള്‍ അസോസിയേഷനാണ് (ഡിഎഫ്ബി) ഇക്കാര്യം സ്ഥിരീകരിച്ചത്.

ആം ബാന്‍ഡ് വൈവിധ്യത്തിനും നല്ല ലക്ഷ്യത്തിനും വേണ്ടിയുള്ള ഒരു ടീം അടയാളമായി കാണുന്നുവെന്ന് യുവേഫ കത്തിലൂടെ അറിയിച്ചു.

ഡിഎഫ്ബി

പ്രൈഡ് മന്ത് ആയതിനാല്‍ എല്‍ജിബിറ്റി സമൂഹങ്ങള്‍ക്ക് പിന്തുണ അറിയിച്ചാണ് ജര്‍മന്‍ ക്യാപ്റ്റന്‍ കളത്തിലിറങ്ങിയത്. യൂറോയില്‍ ഫ്രാന്‍സിസും പോര്‍ച്ചുഗലിനുമെതിരെയുള്ള ഗ്രൂപ്പ് മത്സരങ്ങളിലും നൂയര്‍ മഴവില്‍ ആം ബാന്‍ഡ് ആണിഞ്ഞിരുന്നു. ജൂണ്‍ ഏഴിന് ലാത്വിയക്കെതിരായ സൗഹൃദമത്സരത്തിലും ജര്‍മന്‍ ക്യാപ്റ്റന്‍ മഴവില്‍ ബാന്‍ഡ് കൈയില്‍ കെട്ടി. തങ്ങള്‍ ഔദ്യോഗികമായി നിഷ്‌കര്‍ഷിച്ചിരിക്കുന്ന ആംബാന്‍ഡ് മാത്രമേ ധരിക്കാവൂ എന്നാവശ്യപ്പെട്ടായിരുന്നു യുവേഫയുടെ ഇടപെടല്‍. തുടര്‍ന്ന് ഡിഎഫ്ബി യൂറോ സംഘാടകരുമായി സംസാരിച്ചു. തങ്ങളുടെ പൊതുനിലപാടാണിതെന്ന് യുവേഫയോട് വ്യക്തമാക്കി.

വിദ്വേഷത്തിനും അവഗണനകള്‍ക്കും എതിരായി വൈവിധ്യത്തിനും തുറന്ന സമീപനത്തിനും സഹിഷ്ണുതയ്ക്കും വേണ്ടി ഒരു ടീമിനാകെയുള്ള പ്രതിബദ്ധതയുടെ അടയാളമാണ് മഴവില്‍ ആം ബാന്‍ഡ്. ഞങ്ങള്‍ കളര്‍ഫുള്‍ ആണ്.

ഡിഎഫ്ബി

അടുത്ത കാലത്ത് ഹംഗേറിയന്‍ ഭരണകൂടം കൊണ്ടുവന്ന എല്‍ജിബിറ്റിക്യു വിരുദ്ധ നിയമങ്ങള്‍ക്കെതിരെ യുവേഫ നിലപാട് അറിയിക്കണമെന്ന അഭിപ്രായമുയരുന്നുണ്ട്. എല്‍ജിബിറ്റി നയങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ സൂചകമായി ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെ യൂറോ മത്സരങ്ങള്‍ യുവേഫ വെട്ടിച്ചുരുക്കണമെന്നാവശ്യപ്പെട്ട് ഡെന്മാര്‍ക്-ചെല്‍സി വനിതാ ഫുട്‌ബോള്‍താരമായ പേണില്‍ ഹാര്‍ഡര്‍ രംഗത്തെത്തിയിരുന്നു. ബുഡാപെസ്റ്റ് പുഷ്‌കാസ് അറീനയിലാണ് പോര്‍ച്ചുഗല്‍-ഫ്രാന്‍സ് മത്സരം നടക്കാനിരിക്കുന്നത്.

എല്‍ജിബിറ്റിപ്ലസ് ഉള്ളടക്കം കുട്ടികളെ പഠിപ്പിക്കുന്നതും പരസ്യം ചെയ്യുന്നതും കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഹംഗേറിയന്‍ പാര്‍ലമെന്റ് പാസാക്കിയത് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

പേണില്‍ ഹാര്‍ഡര്‍

ഞങ്ങള്‍, എല്‍ജിബിറ്റി പ്ലസ് സമൂഹത്തില്‍ പെട്ടവരും മനുഷ്യരാണ്. എല്ലാവരേയും പോലെ പരിചരിക്കപ്പെടാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. ഹംഗറിയിലെ എല്‍ജിബിറ്റി സമൂഹത്തിനൊപ്പം നിലകൊള്ളുന്നു. ഫുട്‌ബോള്‍ ലോകത്തിന് മുന്നോട്ട് ഒരു ചുവട് വെയ്ക്കാനുള്ള അവസരം കൂടിയാണിത്. യുവേഫ ഈ വിഷയം ഗൗരവമായി കാണണം. കൂടുതല്‍ മത്സരങ്ങള്‍ ബുഡാപെസ്റ്റില്‍ നടത്താനുള്ള ആലോചന പുനപരിശോധിക്കണമെന്നും പേണില്‍ ട്വീറ്റ് ചെയ്തു.

ഹോമോ സെക്ഷ്വാലിറ്റിയേയും ലിംഗമാറ്റത്തേയും പിന്തുണയ്ക്കുന്ന ഉള്ളടക്കം കുട്ടികളെ പഠിപ്പിക്കുന്നതും പരസ്യം ചെയ്യുന്നതും കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഈയാഴ്ച്ചയാണ് ഹംഗേറിയന്‍ ഭരണകക്ഷി പാസാക്കിയെടുത്തത്. തീവ്രവലതുപക്ഷ പാര്‍ട്ടി ഫിഡെസിന്റെ നേതാവാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍. എല്‍ജിബിറ്റി സമൂഹങ്ങള്‍ക്കെതിരെ റാലി നടത്തി ആഗോളതലത്തില്‍ തന്നെ രൂക്ഷ വിമര്‍ശനമേറ്റുവാങ്ങിയിട്ടുണ്ട് വിക്ടര്‍ ഓര്‍ബന്‍.

എഫ് ഗ്രൂപ്പിലെ ഹംഗറി-ജര്‍മനി മത്സരം മ്യൂണിക്കിലാണ് നടക്കാനിരിക്കുന്നത്. പ്രൈഡ് മന്ത് ക്യാംപെയ്‌നൊപ്പം ഹംഗറിക്ക് ചുട്ടമറുപടി നല്‍കാന്‍ ജര്‍മന്‍ നഗരം പദ്ധതിയിടുന്നുണ്ട്. മഴവില്‍നിറത്തില്‍ കുളിച്ച് നില്‍ക്കുന്ന അലയന്‍സ് അരീനയിലാകും ഹംഗറിയുടെ ദേശീയ ഫുട്‌ബോള്‍ ടീമിന് കളിക്കേണ്ടി വരിക. എല്‍ജിബിറ്റി പതാക പുതപ്പിച്ചുകൊണ്ടുള്ള പ്രകാശം സ്റ്റേഡിയത്തില്‍ വേണമെന്നാവശ്യപ്പെട്ട് മ്യൂണിക് സിറ്റി കൗണ്‍സില്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്.