ആധാര്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ പിഴ ഒരുകോടി; നടപടിയെടുക്കാന്‍ ഐഡറ്റിഫിക്കേഷന്‍ അതോറിറ്റിയെ അധികാരപ്പെടുത്തി വിജ്ഞാപനം

ന്യൂഡല്‍ഹി: ആധാര്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അനുവാദം നല്‍കുന്ന ചട്ടം വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും ഒരു കോടി രൂപ പിഴ ചുമത്താനും അനുമതി നല്‍കുന്നതാണ് വിജ്ഞാപനം. നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ അതോറിക്ക് ഉദ്യോഗസ്ഥരെ നിയമിക്കാം.

ആധാര്‍ നിയമ ഭേദഗതി പാസാക്കി രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. 2019ലെ ആധാര്‍ ഭേദഗതി നിയമത്തിലൂടെയാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് ആധാറുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനുള്ള അധികാരം ലഭിച്ചത്. വ്യക്തികളുടെ സ്വകാര്യത, അതോറിയുടെ സ്വയം ഭരണാവകാശം എന്നിവ ലക്ഷ്യമിട്ടാണ് ആധാര്‍ നിയമ ഭേദഗതി കൊണ്ടിവന്നത്.

ആധാര്‍ നിയമങ്ങളോ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങളോ പാലിക്കാത്തവര്‍ക്കെതിരെ അതോറിറ്റിക്ക് നടപടി സ്വീകരിക്കാമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. ഇക്കാര്യങ്ങളില്‍ തീരുമാനമെടുക്കുക അതോറിറ്റി നിയമിക്കുന്ന ഉദ്യോഗസ്ഥരാകും. നിയമലംഘകര്‍ക്കെതിരെ ഒരു കോടി രൂപ പിഴ ചുമത്താം. ഉദ്യോഗസ്ഥരുടെ തീരുമാനത്തില്‍ പരാതിയുള്ളവര്‍ക്ക് ടെലികോം തര്‍ക്ക പരിഹാര ട്രിബ്യൂണലിനെ സമീപിക്കാം.

അതോറ്റി നിയമിക്കുന്ന ഉദ്യോഗസ്ഥന് പത്തുവര്‍ഷത്തിലധികം സര്‍വ്വീസ് വേണമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ ജോയിന്റ് സെക്രട്ടറിക്ക് തുല്യമായ റാങ്കുള്ള ആളായിരിക്കണം ഉദ്യോഗസ്ഥന്‍. ഉദ്യോഗസ്ഥന് അഡ്മിനിസ്‌ട്രേറ്റീവ് തലത്തിലുള്ള അറിവോ നിയമം, മാനേജ്‌മെന്റ്, ഐടി, എന്നിവയില്‍ സാങ്കേതിക വൈദഗ്ധ്യമോ, കൊമേഴ്‌സില്‍ ചുരുങ്ങിയത് മൂന്നുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമോ ഉണ്ടായിരിക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു.