‘ബ്രണ്ണന്‍ പോരില്‍ സുധാകരന് പിന്തുണയുമായി ഉമ്മന്‍ ചാണ്ടി; പിണറായിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം, ഒഴിവാക്കേണ്ടതായിരുന്നു’, സുധാകരന്റേതില്‍ നിന്ന് ഒഴിഞ്ഞുമാറി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും തമ്മിലുള്ള ബ്രണ്ണന്‍ പോരില്‍ കെ സുധാകരനെ പിന്തുണച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സുധാകരനെതിരായ പരാമര്‍ശം മുഖ്യമന്ത്രി ഒഴിവാക്കേണ്ടതായിരുന്നു. സുധാകരനില്‍ നിന്നും പക്വതയോടെയുള്ള മറുപടി പ്രതീക്ഷിക്കുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

‘സുധാകരന് എതിരായി മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു. അത് വളരെ നിര്‍ഭാഗ്യകരമായിപ്പോയി. മുഖ്യമന്ത്രി വളരെ ഉയര്‍ന്ന് നിന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന രീതിയില്‍ പൊതു ജീവിതത്തിന് നേതൃത്വം നല്‍കേണ്ടയാളാണ്. അദ്ദേഹം അങ്ങനെയൊരു നിലയിലേക്ക് വന്നത് നിര്‍ഭാഗ്യകരമാണ്’, ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.

സുധാകരന്‍ പിണറായി വിജയനെതിരെ നടത്തിയ പരാമര്‍ശങ്ങളോടുള്ള പ്രതികരണത്തില്‍നിന്ന് ഒഴിഞ്ഞുമാറിയ ഉമ്മന്‍ചാണ്ടി, സുധാകരന്‍ നല്ല മറുപടി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു.

Also Read: ‘സുധാകരന്റേത് തെരുവുഗുണ്ടയുടെ ഭാഷ’; കുറച്ചുദിവസമായി ഈ വികടഭാഷണം കേള്‍ക്കുന്നെന്ന് എ വിജയരാഘവന്‍

വാര്‍ത്താ സമ്മേളനത്തിനിടെ പിണറായി വിജയന്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നിലവാരത്തിന് ചേരാത്തതാണെന്ന പ്രതികരവുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത സമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുത്. ഇത് മരംമുറി വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Also Read: ‘മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിലവാരത്തിന് ചേരാത്തത്’; വാര്‍ത്താ സമ്മേളനം വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് രമേശ് ചെന്നിത്തല

എന്നാല്‍ കെ സുധാകരന്‍ സംസാരിക്കുന്നത് തെരുവുഗുണ്ടയുടെ ഭാഷയിലാണെന്ന കടുത്ത വിമര്‍ശനമാണ് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ ഇങ്ങനെ സംസാരിക്കില്ല. കോണ്‍ഗ്രസ് ഒരു ക്രിമിനല്‍ സ്വഭാവത്തിലേക്ക് മാറുന്നതിന്റെ ഭാഗമായുള്ള വാക്കുകളാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ ഭാഗത്ത് നിന്ന് വരുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

അമ്പത് വര്‍ഷം മുമ്പ് തലശ്ശേരി ബ്രണ്ണന്‍ കോളെജിലെ അനുഭവങ്ങള്‍ ഓര്‍ത്തെടുത്താണ് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും വാക്പോരിലേര്‍പ്പെട്ടിരിക്കുന്നത്.