ഓര്‍ത്തഡോക്സ് സഭയുടെ അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത് നടത്തിയ ആദ്യ അഭിസംബോധനയില്‍ തന്നെ മലങ്കരസഭാ തര്‍ക്കം പരാമര്‍ശിച്ച് ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്. യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ ഒന്നായിപ്പോകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം തള്ളിക്കൊണ്ട് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് നിലപാട് വ്യക്തമാക്കി. ദേശീയ സഭയെന്ന നിലയില്‍ ക്രൈസ്തവ സഭകള്‍ തമ്മിലുള്ള സഹകരണ സഹവര്‍ത്തിത്വം ഉറപ്പാക്കുന്നതിന് മലങ്കര സഭ പ്രതിജ്ഞാബദ്ധമാണെന്ന് കാതോലിക്കാ ബാവ പറഞ്ഞു.
ഐക്യം ലയനമല്ല എന്നും നാം ഓര്‍മ്മപ്പെടുത്തുന്നു. മലങ്കര സഭ ഒരു കുടുംബമാണ്.
മാത്യൂസ് മാര്‍ സേവേറിയോസ്
ഇതില്‍ സമാന്തര അധികാര കേന്ദ്രങ്ങളോ അവാന്തര വിഭാഗങ്ങളോ ഇല്ല. അഭിപ്രായ ഭിന്നതകളുണ്ടായിരിക്കാം. അത് നീതിപൂര്‍വ്വം പരിഹരിക്കേണ്ടതാണ്. ദൈവസന്നിധിയില്‍ അത് പരിഹരിക്കപ്പെടുക തന്നെ ചെയ്യും. വ്യത്യസ്തങ്ങളായ പ്രത്യയ ശാസ്ത്രങ്ങളിലും ആദര്‍ശങ്ങളിലും ആകൃഷ്ടരായി നിസ്വാര്‍ത്ഥമായ മനുഷ്യസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സഭാംഗങ്ങള്‍ വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളിലുണ്ട്. അവരുടെ നന്മ പ്രവൃത്തികളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടത് നമ്മുടെ ബാധ്യതയാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേര്‍ത്തു.
1934ലെ ഭരണഘടന അംഗീകരിച്ച് യാക്കോബായ-ഓര്‍ത്തഡോക്സ് സഭകള്‍ ഒന്നായിപ്പോകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം അംഗീകരിക്കില്ലെന്ന് യാക്കോബായ സഭ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച്ച പുത്തന്‍കുരിശ് പാട്രിയാര്‍ക്കല്‍ സെന്ററില്‍ നടന്ന അടിയന്തിര മാനേജിങ്-വര്‍ക്കിങ് കമ്മിറ്റികളാണ് നിലപാട് അറിയിച്ചത്. വിശ്വാസികളെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടുമെന്ന് യാക്കോബായ സഭാ മെത്രാപ്പൊലീത്താ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോടതിവിധികള്‍ക്ക് സഭ എതിരല്ല. യാക്കോബായ സഭയുടെ ചരിത്രം കേരളസമൂഹത്തെ പഠിപ്പിക്കേണ്ടതില്ല. എന്നാല്‍ ചില കാര്യങ്ങള്‍ മാത്രം കോടതിയുടെ നിരീക്ഷണത്തില്‍ വരാത്തത് ഖേദകരമാണ്. സുന്നഹദോസിന് ശേഷം കാര്യങ്ങള്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചിനെ ബോധ്യപ്പെടുത്തും. ഇരു സഭകളും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വേണമെങ്കില്‍ ജസ്റ്റിസിന് മുന്‍കൈയെടുക്കാം. ചര്‍ച്ചകളോട് യാക്കോബായ വിഭാഗം പൂര്‍ണമായി സഹകരിക്കും. പക്ഷെ, സര്‍ക്കാര്‍ മുന്‍കൈയ്യെടുത്ത് നടത്തിയ ചര്‍ച്ചകളോട് ഓര്‍ത്തഡോക്സ് പക്ഷം പൂര്‍ണ നിസഹകരണമാണ് കാട്ടിയതെന്നും യാക്കോബായ സഭ കുറ്റപ്പെടുത്തി.
സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെ ഇരു വിഭാഗങ്ങളേയും ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന് ശാസിച്ചിരുന്നു. സഭാ തര്‍ക്കം ഇങ്ങനെ തുടരുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് ഹൈക്കോടതി ചോദിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഒരു സഭയും ഒരു ഭരണഘടനയും മാത്രമേയുള്ളൂ. പള്ളികള്‍ക്ക് 1934 ഭരണഘടന പ്രകാരം മാത്രമേ ഭരിക്കാനാകൂ. പ്രസ്തുത ഭരണഘടന അംഗീകരിക്കുന്ന വികാരിമാരേയും വിശ്വാസികളേയും പള്ളികളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തടയാനാകില്ല. ഇരുസഭകളും തര്‍ക്കം അവസാനിപ്പിച്ച് സമവായത്തിലെത്തണം. തര്‍ക്കം കൊണ്ട് വിശ്വാസികള്‍ക്ക് ഒരു നേട്ടവുമില്ല. ദേവാലയങ്ങള്‍ അടച്ചുപൂട്ടുകയും കുറേ രക്തച്ചൊരിച്ചില്‍ ഉണ്ടാകുകയും ചെയ്തതാണ് തര്‍ക്കത്തിന്റെ ബാക്കി പത്രം. നിയമപോരാട്ടത്തിന്റെ വഴി അവസാനിച്ചു. ഇരു സഭാ നേതൃത്വങ്ങളിലുമുള്ളവര് ഇക്കാര്യം ചിന്തിക്കണം. സഭാ തര്‍ക്കം ദൈവത്തിന് പോലും വേദനയുണ്ടാക്കുന്നു. ഇത് മറക്കാനും പൊറുക്കാനുമുള്ള സമയമാണ്. പൊലീസ് നടപടിയിലൂടെയല്ല സഹോദരങ്ങള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കേണ്ടത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ക്രമസമാധാന പ്രശ്നമുണ്ടാക്കി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നത് ശരിയല്ല. മൃദുസമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്നത് ക്രമാസമാധാന പ്രശ്നം മൂലമാണ്. 1934ലെ ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് യാക്കോബായ സഭ വ്യക്തമാക്കണം. കോടതി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് സഭകളോട് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തെ വിവിധയിടങ്ങളിലെ പള്ളികളില്‍ സഭാ തര്‍ക്കത്തേത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. കോതമംഗലം ചെറിയ പള്ളിയുടെ ഭരണം ഓര്‍ത്തഡോക്സ് വിഭാഗത്തിന് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് പ്രദേശത്ത് പല തവണ സംഘര്‍ഷമുണ്ടായി. കോതമംഗലം ചെറിയ പള്ളിയില്‍ വിധി നടപ്പാക്കാതിരിക്കുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ കോടതി പലവട്ടം ശാസിച്ചിരുന്നു. യെല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ കബറിടം സ്ഥിതി ചെയ്യുന്ന പള്ളി ഇരുവിഭാഗങ്ങളിലെ വിശ്വാസികളുടേയും പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ്.
പതിറ്റാണ്ടുകളായി തുടരുന്ന സഭാ തര്‍ക്കത്തിനിടെ പലവട്ടം, സഭകളുടെ ലയനം പരിഹാര നിര്‍ദ്ദേശമായി ഉയര്‍ന്നുവന്നിരുന്നു. ഇരു സഭകളും ഒരേ ആരാധന ക്രമങ്ങളും വിശ്വാസരീതികളുമാണ് പിന്തുടരുന്നത്. നാളുകളായുള്ള സംഘര്‍ഷത്തിനിടെ ഇരു വിഭാഗത്തിലേയും വിശ്വാസികള്‍ മാനസികമായി അകന്നതാണ് ലയനത്തിനുള്ള തടസമായി പറയപ്പെടുന്നത്. യാക്കോബായ സഭയും ഓര്‍ത്തഡോക്സ് സഭയും ലയിച്ചാല്‍ ഇരു വിഭാഗത്തിലേയും മെത്രാന്മാരുടേയും ഉന്നത പുരോഹിതരുടേയും അധികാരക്രമത്തിലും സ്ഥാനങ്ങളിലും മാറ്റം വരുമെന്നതാണ് ലയനത്തിന് തടസമായി നില്ക്കുന്ന മറ്റൊരു പ്രധാനഘടകമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓര്‍ത്തഡോക്സ് സഭയുടെ ഒന്‍പതാമത് കാതോലിക്കാ ബാവയായാണ് മാത്യൂസ് മാര്‍ സേവേറിയോസ് സ്ഥാനമേറ്റത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ എന്നതാണ് പുതിയ പേര്. രാവിലെ 6.30ന് പരുമല പള്ളിയില്‍ ആരംഭിച്ച ചടങ്ങുകള്‍ 11 മണിയോടെയാണ് പൂര്‍ത്തിയായത്. സഭയുമായുള്ള ഉടമ്പടിയില്‍ ബാവ ഒപ്പുവെച്ചു. ശേഷം മെത്രാന്മാര് ബാവയെ കസേരയില്‍ ഇരുത്തി ഉയര്‍ത്തി. വിശ്വാസികള്‍ ‘സര്‍വ്വദാ യോഗ്യന്‍’ എന്ന് ഏറ്റുപറഞ്ഞു. കൊവിഡ് സാഹചര്യം പരിഗണിച്ച് പള്ളിയില്‍ പൊതുജന പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.