‘മേപ്പടിയാന്’ എന്ന ചിത്രത്തിലൂടെയാണ് നടന് ഉണ്ണി മുകുന്ദന് നിര്‍മാതാവിന്റെ കുപ്പായമണ്ണിഞ്ഞത്. എന്നാല്‍ ഇനിയങ്ങോട്ട് സിനിമയുടെ വ്യത്യസ്ത മേഖലകള്‍ പരീക്ഷിക്കാനാണ് ഉണ്ണി മുകുന്ദന്റെ തീരുമാനം. താന്‍ സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്നാണ് ഒടിടി പ്ലേക്ക് നല്കിയ അഭിമുഖത്തില്‍ നടന് പറയുന്നത്.
സാമന്ത നായികയായ ‘യശോദ’യും ‘ഷഫീക്കിന്റെ സന്തോഷ’വും ഉള്‍പ്പെടെ പുതിയ നിരവധി ചിത്രങ്ങളാണ് 2022ല്‍ ഉണ്ണി മുകുന്ദന്റേതായുള്ളത്. കമ്മിറ്റ് ചെയ്ത ചിത്രങ്ങള്‍ അഭിനയിച്ച് തീര്‍ത്താല്‍ 2023ഓടെ താന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ ആരംഭിക്കും എന്ന് നടന് പറയുന്നു. സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമ തന്റെ മനസിലുണ്ടെന്നും എന്നാല്‍ അതിന് മുന്‍പ് വൈശാഖിന്റെ ബ്രൂസ് ലീ എന്ന ചിത്രം തീര്‍ക്കണമെന്നും ഉണ്ണി മുകുന്ദന് പറഞ്ഞു. ബ്രൂസ് ലീ നിര്‍മിക്കുന്നതും അദ്ദേഹം തന്നെയാണ്.
‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിന്റെ ഷൂട്ട് ഈരാറ്റുപേട്ടയില്‍ പുരോഗമിക്കുകയാണ്. മനോജ് കെ. ജയന്, ബാല, ദിവ്യ പിള്ള, ആത്മീയ രാജന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ഷെഫീഖിന്റെ സന്തോഷം’.
‘മേപ്പടിയാന്’ എന്ന ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദന് ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഷഹീന് സിദ്ധിക്ക്, മിഥുന് രമേഷ്, സ്മിനു സിജോ, ബോബന് സാമുവല്‍, ഹരീഷ് പേങ്ങന്, അസീസ് നെടുമങ്ങാട്, പൊള്ളാച്ചി രാജാ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരും അഭിനയിക്കുന്നു.
രസകരമായ റിയലിസ്റ്റിക് ഫാമിലി എന്റര്ടെയ്നര് എന്ന ആമുഖത്തോടെ അവതരിപ്പിക്കുന്ന ചിത്രം, പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായായ ഷെഫീഖ് എന്ന യുവാവില്‍ കേന്ദ്രീകൃതമാണ്. ഒരു സമ്പൂര്‍ണ ഫാമിലി എന്റര്‍ടെയ്നറിന്റെ എല്ലാ ഘടകങ്ങളും സിനിമയിലുണ്ട് എന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.