ഏഴ് ജില്ലകളില്‍ ഫാന്‍സ് അസോസിയേഷന്‍; അതിനെ കുറിച്ച് ‘അഖിലേഷേട്ടന്‍’ അഥവ ഉണ്ണിരാജ്

ഓപ്പറേഷന്‍ ജാവയിലെ ‘അഖിലേഷേട്ടന്‍’ നടന്‍ ഉണ്ണിരാജിന് സമ്മാനിച്ചത് കേരളമൊട്ടാകെ ആരാധകരെയാണ്. കേരളത്തിലെ ഏഴ് ജില്ലകളില്‍ ഉണ്ണിരാജിന് ഫാന്‍സ് അസോസിയേഷനുകളുണ്ട്. അവയെ കുറിച്ച് ഉണ്ണിരാജ് തന്നെ പ്രതികരിച്ചു. മനോരമ ന്യൂസ് വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഏഴ് ജില്ലകളിലെ ഫാന്‍സ് അസോസിയേഷനുകളെ കുറിച്ച് ചോദിച്ചാല്‍ ‘അയ്യോ അതൊക്കെ പറയാന്‍ എനിക്ക് തന്നെ മടിയാണ്’ എന്നാണ് ഉണ്ണിരാജിന്റെ ആദ്യ മറുപടി. മറിമായം സീരിയലില്‍ അഭിനയിക്കുന്ന സമയത്ത് ഉണ്ടായതാണ് അതൊക്കെ. എല്ലാം സ്‌നേഹത്തിന്റെ പേരില്‍ മാത്രം. അല്ലാതെ എനിക്ക് ഫാന്‍സ് ഗ്രൂപ്പുകള്‍ ഉണ്ടെന്നൊക്കെ പറയാന്‍ തന്നെ മടിയാണെന്ന് ഉണ്ണിരാജ് പറഞ്ഞു.

മഴവില്‍ മനോരമയിലെ മറിമായം എന്ന ഹാസ്യപരമ്പരയിലൂടെയാണ് താന്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു സുഹൃത്താണ് അതിന് വഴിയൊരുക്കിയത്. മറിമായത്തിലെ കാസര്‍ഗോഡന്‍ ശൈലി ഒരുപാടാള്‍ക്ക് ഇഷ്ടമായി. മെല്ലെ മെല്ലെ സിനിമകളും ലഭിച്ചുതുടങ്ങി. ഞാന്‍, തൊണ്ടിമുതലും ദൃക്ഷ്‌സാക്ഷിയും, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, പ്രണയമീനുകളുടെ കടല്‍ അങ്ങനെ കുറച്ചു ചിത്രങ്ങള്‍. അപ്പോഴും ‘മറിമായം ഉണ്ണി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇപ്പോ ‘അഖിലേഷേട്ട’നും ക്ലിക്കായെന്നും ഉണ്ണിരാജ് പറഞ്ഞു.

ഒടിടിയില്‍ സിനിമയെത്തി കൂടുതല്‍ ആളുകള്‍ അഭിപ്രായം പറയുന്നതും വിളിക്കുന്നതുമൊക്കെ സന്തോഷം തന്നെ. പക്ഷെ നാട്ടിന്‍പുറത്തെ തിയേററ്റില്‍ സെരക്കന്റ് ഷോ കണ്ട് കയ്യടിച്ചിരുന്ന ഒരു സാധാരണക്കാരനാണ് താന്‍. ആ തനിക്ക് തിയേറ്ററില്‍ സിനിമകള്‍ എത്താത്തത് വലിയ വിഷമം തന്നെയാണെന്നും ഉണ്ണിരാജ് പറഞ്ഞു.