വാഷിങ്ടണ്‍: കൊവിഡില്‍ രൂക്ഷ പ്രതിസന്ധിയിലായിരിക്കുന്ന ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അമേരിക്കയുടെ അത്യാസന്ന ഘട്ടത്തിലായിരുന്നപ്പോള്‍ ഇന്ത്യ കൂടെനിന്നിരുന്നെന്നും അതുകൊണ്ട് ഈ ഘട്ടത്തില്‍ തങ്ങള്‍ ഇന്ത്യയ്ക്കൊപ്പം നില്‍ക്കുമെന്നും ബൈഡല്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് ബൈഡന് ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി ഫോണില്‍ സംസാരിക്കുകയും കൊവിഡ് പ്രതിരോധത്തി്ല് ഇന്ത്യയ്ക്ക് അമേരിക്കയുടെ എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തു. ഇന്ത്യ നമുക്കൊപ്പം നിന്നിരുന്നു. അതുകൊണ്ട് ഇപ്പോള്‍ നമ്മള് അവരുടെ കൂടെ നില്ക്കും’, ബൈഡന് ട്വീറ്റ് ചെയ്തു.
ബൈഡന്റെ ട്വീറ്റിന് പിന്നാലെ ഇന്ത്യയ്ക്ക് ആവശ്യമായ വൈദ്യസഹാ.ം എത്തിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചിട്ടുണ്ട്. ഓക്സിജന്‍ വിതരണത്തിന് ആവശ്യമായ ഉപകരണങ്ങള്‍, വാക്സിന് ആവശ്യമാണ് അസംസ്കൃത വസ്തുക്കള്‍, പരിശോധന കിറ്റുകള്‍, സുരക്ഷാ സാമഗ്രികള്‍ തുടങ്ങിയവ വരും ദിവസങ്ങളില്‍ അമേരിക്കയില്‍നിന്ന് ഇന്ത്യയിലെത്തുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
ജോ ബൈഡന് അമേരിക്കയുടെ 46ാം പ്രസിഡന്റായി അധികാരമേറ്റെടുത്തതിന് ശേഷം ഇരുനേതാക്കളും നടത്തുന്ന രണ്ടാമത്തെ ഫോണ്‍ സംഭാഷണമാണിത്. 45 മിനുട്ട് ദൈര്‍ഘ്യമേറിയ സംഭാഷണത്തിന് പിന്നാലെയാണ് ഇന്ത്യ നേരിടുന്ന അത്യധികം പരിതാപകരമായ പ്രതിസന്ധിയില്‍ അമേരിക്കയുടെ പിന്തുണ ബൈഡന് പ്രഖ്യാപിച്ചത്.
ബൈഡന് പിന്തുണ അറിയിച്ചത് വ്യക്തമാക്കി പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തിട്ടുണ്ട്. ‘ജോ ബൈഡനുമായി ഫലവത്തായ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും നേരിടുന്ന കൊവിഡ് പ്രതിസന്ധിയെക്കുറിച്ച് ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. ഇന്ത്യയ്ക്ക് അമേരിക്കയുടെ പിന്തുണ പ്രഖ്യാപിച്ചതില്‍ ജോ ബൈഡനോട് നന്ദി പറയുന്നു’, മോഡി ട്വീറ്റ് ചെയ്തു.