അനുപമയ്ക്ക് കുഞ്ഞിനെ തിരിച്ചുകിട്ടാന്‍ വഴിയൊരുങ്ങുന്നു; ദത്ത് നടപടികള്‍ക്ക് സ്റ്റേ

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്റെ ദത്ത് നടപടികള്‍ സ്റ്റേ ചെയ്ത് വഞ്ചിയൂര്‍ കുടുംബ കോടതി. ദത്തുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ക്കാണ് സ്റ്റേ. ശിശുക്ഷേമ സമിതിയില്‍നിന്ന്‌ ദത്ത് നല്‍കിയിട്ടുള്ള കുട്ടി തന്റേതാണെന്ന വാദമുന്നയിച്ച് അനുപമ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് കോടതി നടപടി.

കുട്ടിയുടെ പൂര്‍ണമായ സംരക്ഷണാവകാശം ദത്തെടുത്ത രക്ഷിതാക്കള്‍ക്ക് നല്‍കുന്ന വിധിയാണ് വഞ്ചിയൂര്‍ കുടുംബ കോടതി സ്റ്റേ ചെയ്തത്. ദത്തെടുത്ത രക്ഷിതാക്കളുടെ ഹരജിയില്‍ കോടതി അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ ഹരജി നല്‍കിയത്. തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തല്‍ക്കാലം വിധി പുറപ്പെടുവിക്കേണ്ടതില്ലെന്നും ദത്ത് നടപടികള്‍ക്ക് സ്റ്റേ ഏര്‍പ്പെടുത്തുകയാണ് എന്നുമാണ് കോടതി അറിയിച്ചത്. സര്‍ക്കാരിന്റെ വിശദീകരണവും അനുപമയുടെ വാദവും കേട്ട ശേഷമാവും തുടര്‍ നടപടികളിലേക്ക് കടക്കുക. കേസുമായി ബന്ധപ്പെട്ട വിശദമായ വാദം നവംബര്‍ ഒന്നിലേക്ക് മാറ്റി.

കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കലുമായി ബന്ധപ്പെട്ട് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ ദത്തില്‍ തീര്‍പ്പ് കല്‍പിക്കരുതെന്ന ആവശ്യമായിരുന്നു കോടതിക്കുമുന്നില്‍ സര്‍ക്കാര്‍ വെച്ചത്.