വാരണാസിയും അയോധ്യയും ബിജെപിയെ കൈവിട്ടു; ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബിജെപിക്ക് തിരിച്ചടി. വാരണാസിയിലെ 40 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ എസ്പി 15 സീറ്റുകളില്‍ വിജയിച്ചു. ബിജെപിക്ക് എട്ട് സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളൂ.

അയോധ്യയിലെ 40 സീറ്റുകളില്‍ 24 എണ്ണത്തില്‍ എസ്പി വിജയിച്ചു. ബിജെപിക്ക് ആറ് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്. ബാക്കിയുള്ള പത്ത് സീറ്റുകളില്‍ ബിഎസ്പി അഞ്ച് സീറ്റുകളിലും സ്വതന്ത്രര്‍ അഞ്ച് സീറ്റുകളിലും വിജയിച്ചു.

സംസ്ഥാനത്തെ രാഷ്ട്രീയ ചിത്രത്തില്‍ ഈ രണ്ട് ജില്ലകള്‍ക്കും വലിയ പ്രാധാന്യമുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വികസന നയങ്ങളുടെയും സംസ്ഥാനത്തെ മത ടൂറിസത്തിന്റെയും പ്രധാന കേന്ദ്രങ്ങളായിരുന്നു വാരണാസിയും അയോധ്യയും. അവിടെയാണ് ബിജെപിക്ക് ഈ പരാജയമുണ്ടായിരിക്കുന്നത്.

ബിജെപിയുടെ ഈ അപ്രതീക്ഷിത പ്രകടനത്തിന്റെ കാരണങ്ങള്‍ അന്വേഷിക്കുമെന്ന് സംസ്ഥാനത്തെ ഒരു ബിജെപി വക്താവ് പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ ഇടയിലുള്ള അമര്‍ഷവും വിമത സ്ഥാനാര്‍ത്ഥികളുമാണ് തങ്ങളെ പരാജയപ്പെടുത്തിയതെന്ന് ഒരു ബിജെപി നേതാവ് ഐഎഎന്‍എസിനോട് പറഞ്ഞു.

പ്രകടനം മോശമായതിന് പ്രദേശത്ത് നിന്നുള്ള മന്ത്രിമാരെയും ഈ നേതാവ് കുറ്റപ്പെടുത്തി. അവര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തകരുമായി യാതൊരു ബന്ധവുമില്ല. നേതാക്കളും പ്രവര്‍ത്തകരുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് തോല്‍വിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ആകെയുള്ള 3050 സീറ്റുകളില്‍ 918 സീറ്റുകളിലാണ് ബിജെപി വിജയിച്ചത്. എസ്പി 504 സീറ്റുകളിലും വിജയിച്ചു. ബിഎസ്പി 132 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 62 സീറ്റും മറ്റുള്ളവര്‍ 608 സീറ്റുകളും നേടി.