മലബാര്‍ കലാപത്തിന് നേതൃത്വം വഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിന്‍ഗാമിയെ കണ്ട അനുഭവം പങ്കുവെച്ച് ഒ റമീസ് മുഹമ്മദ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകന്റെ മകള്‍ ഹാജറ പ്രപിതാമഹന്റെ അത്യപൂര്‍വ്വ ചിത്രം ആദ്യമായി കണ്ടപ്പോള്‍ വികാരാധീനയായെന്ന് ‘സുല്‍ത്താന്‍ വാരിയംകുന്നന്’ എന്ന പുസ്തകത്തിന്റെ രചയിതാവ് പറഞ്ഞു. ചെറുപ്രായത്തില്‍ തന്നെ ബ്രിട്ടീഷുകാരാല്‍ കോയമ്പത്തൂരിലേക്ക് നാടുകടത്തപ്പെട്ട വാരിയംകുന്നന്റെ മകന് അവിടെ ഉണ്ടായി വന്ന പരമ്പരയിലെ കണ്ണിയാണ് ഹാജറയെന്നും റമീസ് ചൂണ്ടിക്കാട്ടി.
ഹാജറാത്ത ആ ചിത്രത്തിലേക്ക് നോക്കി. അവരുടെ ചുണ്ടുകള്‍ വിറക്കുന്നത് ഞാന്‍ കണ്ടു. കണ്ണുകള്‍ നിറയുന്നു. അണക്കെട്ട് തുറന്ന പോലെ പെട്ടെന്ന് അതൊരു കണ്ണീര്‍പ്രവാഹമായി മാറി.
റമീസ് മുഹമ്മദ്
തന്റെ ഓരോ ബന്ധുക്കള്‍ക്കും ആ ഫോട്ടോ ഹാജറാത്ത കാണിച്ചുകൊടുത്തെന്ന് റമീസ് ഫേസ്ബുക്കില്‍ കുറിച്ചു. ”ഇതാണ് നമ്മുടെ വല്ല്യാപ്പ..” അവര്‍ പറയുന്നുണ്ടായിരുന്നു. ഹാജറയുടെ കണ്ണീര് ആ മുഴുവന്‍ പേരുടെ കണ്ണുകളിലേക്കും പടര്‍ന്നുപന്തലിച്ചു. ഹാജറാത്ത സംസാരിച്ചു തുടങ്ങി. ”ഇതിനു മുന്നെ കുഞ്ഞഹമ്മദ് ഹാജിയുടേതാണ് എന്നും പറഞ്ഞ് രണ്ട് ഫോട്ടോകള്‍ നെറ്റില്‍ ഞങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ അതൊക്കെ കണ്ടപ്പൊ തന്നെ ഞാന്‍ എല്ലാരോടും പറഞ്ഞിരുന്നു. ഇത് നമ്മുടെ വല്ല്യാപ്പ അല്ല. ഈ മുഖം ആവാന്‍ ഒരു സാധ്യതയുമില്ല (ഇതിനു മുന്നേ മോഴിക്കുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിന്റെയും ആലി മുസ്ലിയാരുടെ മകന് അബ്ദുല്ലക്കുട്ടി മുസ്ലിയാരുടെയും ഫോട്ടോസ് വാരിയംകുന്നന്റെ ഫോട്ടോ എന്ന പേരില്‍ പ്രചരിച്ചിരുന്നു). എന്നാല്‍ ഈ ഫോട്ടോ. ഇതില്‍ എനിക്ക് ആ സംശയമില്ല. എന്റെ എളാപ്പാനെ ഈ പ്രായത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഈ ഫോട്ടോയില്‍ (വാരിയംകുന്നന്റെ ഫോട്ടോ) കാണുന്ന പോലെ തന്നെയായിരുന്നു എളാപ്പാന്റെ മുഖം”.

അതിനു ശേഷം ഹാജറാത്ത കഥ പറഞ്ഞു തുടങ്ങി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് അവര്‍ ആദ്യമായി കേള്‍ക്കാനിടയായ സാഹചര്യം. പത്തുവയസ്സുകാരി ഹാജറ ഒരിക്കല്‍ അവരുടെ വല്ലിപ്പാന്റെ മടിയില്‍ ഇരുന്നുകൊണ്ട് ചോദിച്ചു. ”വല്ലിപ്പാ, വല്ലിമ്മാക്ക് ഇവിടെ കുറെ ബന്ധുക്കളും മറ്റുമൊക്കെ ഉണ്ട്. ഇങ്ങക്കെന്താ ആരുല്ല്യാത്തത്?”. ഹാജറയുടെ വല്ലിപ്പ, വാരിയംകുന്നന്റെ മകന് മറുപടി പറഞ്ഞു: ”ആരു പറഞ്ഞു എനിക്ക് ആരുമില്ലാന്ന്. എനിക്ക് എന്റെ നാട്ടില്‍ എല്ലാരുമുണ്ട്. എന്റെ വാപ്പ ആ നാട് ഭരിച്ചിരുന്ന ആളാണ്.” കുഞ്ഞുഹാജറക്ക് അത് കേട്ട് കൗതുകമായി. അവിടുന്നങ്ങോട്ട് കഥകളുടെ കെട്ടഴിയുകയായിരുന്നു. അത്രയും കാലം മനസ്സില്‍ മൂടിവച്ച കഥകള്‍ തന്റെ പേരക്കുട്ടിയെ മടിയില്‍ ഇരുത്തി ഒരു പിതാമഹന് പറഞ്ഞുകൊടുക്കാന്‍ തുടങ്ങി.. ഹാജറക്ക് എല്ലാം അറിയാം. പൂക്കോട്ടൂര്‍ യുദ്ധം നടന്നത്, പാണ്ടിക്കാട് ചന്തപ്പുര മറിച്ചിട്ടത്, ചേക്കുട്ടി അധികാരിയുടെ തലയറുത്തത്, മാളു ഹജ്ജുമ്മയെ കുറിച്ച്.. എല്ലാം.. ഒരു ചരിത്രപുസ്തകവും ഹാജറാത്ത ഇന്നോളം വായിച്ചിട്ടുണ്ടാവില്ല. അവര്‍ക്ക് മലയാളം വായിക്കാന്‍ പോലും അറിയില്ല. പക്ഷെ എന്നിട്ടും അവര്‍ക്ക് എല്ലാ കഥകളും അറിയാം. എല്ലാം വാരിയംകുന്നന്റെ കൈപിടിച്ചുനടന്ന ഓമനമകന് തന്റെ പേരക്കുട്ടിക്ക് പറഞ്ഞുകൊടുത്ത ദൃക്സാക്ഷിവിവരണങ്ങള്‍. ഏതൊരു ചരിത്രപുസ്തകത്തേക്കാളും ആധികാരികമായത് അതാണെന്നും റമീസ് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 29ന് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വെച്ച് ‘സുല്‍ത്താന്‍ വാരിയംകുന്നന്’ പ്രകാശനം ചെയ്യുന്നത് ഹാജറയാണ്. വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായാണ് ഒരു പുസ്തകം ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു താനടങ്ങുന്ന സംഘമെന്ന് റമീസ് പറയുന്നു. ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും തങ്ങള്‍ക്ക് ലഭിച്ചു. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായി നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങള്‍ പലയിടത്തുനിന്നുമായി ഞങ്ങള്‍ക്ക് ലഭിച്ചു. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍വഫോട്ടോകള്‍ അവയിലുള്‍പ്പെടുമെന്നും എഴുത്തുകാരന് പറയുന്നു.