ഇതാണ് വാരിയംകുന്നന്‍; മലബാര്‍ കലാപനേതാവിന്റെ അപൂര്‍വ്വചിത്രവും ജീവചരിത്രവും കൊച്ചുമകള്‍ പ്രകാശനം ചെയ്തു

മലബാര്‍ കലാപത്തിന് നേതൃത്വം വഹിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അത്യപൂര്‍വ്വചിത്രം കൊച്ചുമകള്‍ ഹാജറ പ്രകാശനം ചെയ്തു. മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി സ്മാരക ടൗണ്‍ ഹാളില്‍ വെച്ച് നടന്ന ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന ജീവചരിത്ര പുസ്‌കത്തിന്റെ പ്രകാശനത്തിനിടെയാണ് 1921ലെ മലബാര്‍ കലാപനേതാവിന്റെ ചിത്രവും പുറത്തുവിട്ടത്. റമീസ് മുഹമ്മദ് ഒ എഴുതിയ പുസ്‌കത്തിന്റെ കവറായി നല്‍കിയിരിക്കുന്നത് ഈ ചിത്രമാണ്. ചെറുപ്രായത്തില്‍ തന്നെ ബ്രിട്ടീഷുകാരാല്‍ കോയമ്പത്തൂരിലേക്ക് നാടുകടത്തപ്പെട്ട വാരിയംകുന്നന്റെ മകന് അവിടെ ഉണ്ടായി വന്ന പരമ്പരയിലെ കണ്ണിയാണ് ഹാജറ.

ബ്രിട്ടീഷ് മാധ്യമമായ ദ ഗാര്‍ഡിയന്‍ 1922 ജനുവരി 24ന് പുറത്തിറങ്ങിയ പത്രത്തില്‍ നല്‍കിയ തലക്കെട്ടും കവര്‍ പേജില്‍ കൊടുത്തിട്ടുണ്ട്. ‘രാജാവാകേണ്ടിയിരുന്ന മനുഷ്യന്‍’ എന്ന തലവാചകമാണ് ദ ഗാര്‍ഡിയന്‍ നല്‍കിയത്. 1922 ജനുവരി 20നാണ് ബ്രിട്ടീഷ് പട്ടാളം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചുകൊന്നത്.

സുല്‍ത്താന്‍ വാരിയംകുന്നന്റെ കവര്‍

വാരിയംകുന്നന്റെ ഫോട്ടോ മുഖചിത്രമാക്കി ആദ്യമായാണ് ഒരു പുസ്തകം ഇറങ്ങുന്നത്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു താനടങ്ങുന്ന സംഘമെന്ന് റമീസ് പറഞ്ഞിരുന്നു. ഈ ഗവേഷണ കാലയളവില്‍, അജ്ഞാതമായിരുന്ന പല വിവരങ്ങളും രേഖകളും തങ്ങള്‍ക്ക് ലഭിച്ചു. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഫോട്ടോ. രക്തസാക്ഷിയായി നൂറ് വര്‍ഷമായിട്ടും ലഭ്യമല്ലാതിരുന്ന ആ അമൂല്യനിധി ഫ്രഞ്ച് ആര്‍ക്കൈവുകളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതിനു പുറമേ വേറെയും അനേകം അമൂല്യമായ ചിത്രങ്ങള്‍ പലയിടത്തുനിന്നുമായി ലഭിച്ചു. 1921ല്‍ നടന്ന ചില യുദ്ധങ്ങളുടെയടക്കമുള്ള അപൂര്‍വഫോട്ടോകള്‍ അവയിലുള്‍പ്പെടുമെന്നും എഴുത്തുകാരന്‍ പറയുന്നു.

Also Read: ‘ഇതാണ് നമ്മുടെ വല്ല്യാപ്പ’; പ്രപിതാമഹന്റെ ചിത്രം ആദ്യമായി കണ്ട് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകള്‍ ഹാജറ