മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ ശരിവെച്ച് വത്തിക്കാന്‍. പുറത്താക്കല്‍ നടപടിക്കെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളി. സന്യാസി സമൂഹമായ ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ നടപടിയാണ് വത്തിക്കാന്‍ ശരിവെച്ചിരിക്കുന്നത്.
നേരത്തെ ലൂസി കളപ്പുരയെ സന്യാസി സമൂഹത്തില്‍ പുറത്താക്കിയിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ സഭാ കോടതിയില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കിയത്. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുകയാണ്. പുറത്താക്കല്‍ നടപടിക്കെതിരെ സഭാ നിയമപ്രകാരം സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സമീപിക്കാവുന്ന അവസാനത്തെ സംവിധാനമായിരുന്നു വത്തിക്കാന്‍ സഭാ കോടതി.
സന്യാസ സഭയുടെ തീരുമാനം വത്തിക്കാന്‍ ശരിവെച്ചെന്ന് കാണിച്ച് കോണ്ഗ്രിഗേഷന് ചുമതലയുള്ള സിസ്റ്റര്‍ ആന്‍ മറ്റ് കന്യാസ്ത്രീകളെ അറിയിച്ച് കത്ത് നല്കി. ഈ കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.
സഭയുടെ ചട്ടങ്ങളും കാനോനിക നിയമങ്ങളും ലംഘിച്ചു, സന്യാസ സഭയുടെ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ലൂസി കളപ്പുരയ്ക്കെതിരെ സന്യാസ സഭ ഉന്നയിച്ചിരുന്നത്. തന്റെ കാര്യം കൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ലൂസി കളപ്പുര വത്തിക്കാന്‍ സഭാ കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചത്. ഇത് പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് കോടതി അപ്പീല്‍ തള്ളിയത്.