ഷംസീര്‍ എന്നുമുതലാണ് സ്പീക്കറായതെന്ന് സതീശന്‍, പ്രതിപക്ഷ നേതാവ് എല്ലാത്തിനോടും പ്രതികരിക്കേണ്ടെന്ന് സ്പീക്കര്‍, ജലീലിന് വഴങ്ങുന്നില്ലെന്ന് മറുപടി

തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലാ പ്രശ്‌നങ്ങളിലൂന്നിയ അടിയന്തര പ്രമേയ നോട്ടീസ് അവതരണത്തിനിടെ സഭയില്‍ വാക്‌പോര്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കുന്നതിനിടെ എംഎല്‍എമാരായ എഎന്‍ ഷംസീറും കെടി ജലീലും ഇടപെട്ടതാണ് വാഗ്വാദത്തിലെത്തിച്ചത്.

സതീശന്‍ സംസാരിക്കുന്നതിനിടെ കെടി ജലീലാണ് ആദ്യം ഇടപെട്ടത്. അതിന് ‘അങ്ങിപ്പോള്‍ മന്ത്രിയല്ലല്ലോ ജലീല്‍. മന്ത്രി ഇവിടെയുണ്ടല്ലോ. സംസാരിക്കുന്നതിന്റെ ഇടയില്‍ പറയാന്‍ പാടില്ല’, എന്നായിരുന്നു സതീശന്റെ മറുപടി.

ഇതോടെ എഎന്‍ ഷംസീര്‍ ഇടപെടാന്‍ ശ്രമിച്ചു. ഷംസീറിന്റെ ഇടപെടലിനെ സ്പീക്കര്‍ എംബി രാജേഷ് തടഞ്ഞു. ഷംസീര്‍ എന്നുമുതലാണ് സ്പീക്കറായതെന്നായി സതീശന്‍. തുടര്‍ന്നും അദ്ദേഹം ഷംസീറിന്റെ ഇടപെടലിനെ എതിര്‍ത്തു. സ്പീക്കറിന്റെ ചെയറില്‍നിന്ന് പറയേണ്ട കാര്യങ്ങള്‍ ചിലര്‍ സീറ്റില്‍നിന്നും പറയുകയാണ്. അതിനുള്ള അധികാരം തലശ്ശേരി അംഗത്തിനുള്‍പ്പെടെയുള്ള ആളുകള്‍ക്ക് കൊടുത്തിട്ടുണ്ടോ? പ്രതിപക്ഷ നേതാവ് സംസാരിക്കുമ്പോള്‍ വെറുതെ ബഹളമുണ്ടാക്കുകയാണ്. സഭ നിയന്ത്രിക്കാന്‍ എഎന്‍ ഷംസീറിനെ നിയമിച്ചിട്ടുണ്ടോ? എങ്ങനെ സഭയില്‍ സംസാരിക്കണമെന്ന് ഷംസീര്‍ ക്ലാസെടുക്കേണ്ട. ഷംസീറിനെ മാതൃകയാക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നിരന്തരം തടസപ്പെടുത്തിയാല്‍ ഇവിടെ പലരുടെയും പ്രസംഗം നടക്കില്ലെന്ന് പ്രതിപക്ഷ എംഎല്‍എമാരിലൊരാളും പറഞ്ഞു.

ഇതോടെ എല്ലാ കമന്റുകളോടും പ്രതിപക്ഷ നേതാവ് പ്രതികരിക്കേണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു. മൈക്ക് പ്രതിപക്ഷനേതാവിനാണ് അനുവദിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചെയര്‍ പറയുന്നത് ശ്രദ്ധിച്ചാല്‍ മതിയെന്നും സ്പീക്കര്‍ അറിയിച്ചു.

പ്രസംഗം തുടരവെ, സതീശന്‍ അനധികൃത നിയമനങ്ങളെക്കുറിച്ചും പരാമര്‍ശിച്ചു. ഇതോടെ കെടി ജലീല്‍ ഇടപെട്ട് എഴുന്നേറ്റു. എന്നാല്‍ താനതിന് വഴങ്ങുന്നില്ലെന്ന് സതീശന്‍ മറുപടി നല്‍കി. ഇതോടെ ഭരണപക്ഷ എംഎല്‍എമാര്‍ സഭയില്‍ ബഹളം വെച്ചു. തുടര്‍ന്നും കെടി ജലീല്‍ ഇടപെടാന്‍ ശ്രമിച്ചു. രോഷാകുലനായ സതീശന്റെ പ്രതികരണം ഇങ്ങനെ, ‘അങ്ങയോട് ഞാന്‍ പറഞ്ഞതാണല്ലോ വഴങ്ങുന്നില്ലെന്ന്. മന്ത്രിസ്ഥാനത്തിരുന്നിട്ടുള്ള ഒരാള്‍ ഇങ്ങനെ 15 പ്രാവശ്യം മറ്റൊരാളുടെ പ്രസംഗത്തില്‍ ഇടപെടാമോ? ഞാന്‍ അങ്ങേക്ക് വഴങ്ങുന്നില്ല’.

Also Read: ‘കണ്ടറിയണം സഖാവേ ഇനി സിപിഐഎമ്മിന് എന്ത് സംഭവിക്കുമെന്ന്’; പങ്കായമേന്തുന്നത് കുമ്പക്കുടി സുധാകരനെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

സതീശനോട് കമന്റുകളോട് പ്രതികരിക്കേണ്ടെന്നും പ്രസംഗം തുടരാനും വീണ്ടും സ്പീക്കര്‍ ആവശ്യപ്പെട്ടു. തന്നെയല്ല, തന്നെ തടസപ്പെടുത്തുന്ന ആളുകളെയാണ് സ്പീക്കര്‍ നിയന്ത്രിക്കേണ്ടതെന്ന് സതീശന്‍ പറഞ്ഞു. ‘ഞങ്ങള്‍ 41 പേരെയുള്ളു. മന്ത്രിമാര്‍ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ ബഹളമുണ്ടാക്കാം. എങ്കില്‍ ഇവിടെ ആരെങ്കിലും സംസാരിക്കുമോ?’, സതീശന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് ഇത്ര പ്രകോപിതനാവരുതെന്ന് സ്പീക്കര്‍ പറഞ്ഞു.

തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സംസാരിക്കാന്‍ എഴുന്നേറ്റെങ്കിലും ഭരണപക്ഷം ബഹളം തുടരുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ രീതിയില്‍ കെടി ജലീല്‍ ക്രമ പ്രശ്‌നം ഉന്നയിച്ചു. അടിയന്തര പ്രമേയത്തില്‍ ചര്‍ച്ച നടക്കുന്ന വേളയില്‍ പ്രതിപക്ഷ നേതാക്കള്‍ സംസാരിക്കുമ്പോള്‍ ഭരണപക്ഷത്തുനിന്നും ആരെഴുന്നേറ്റാലും വഴങ്ങാറുണ്ടെന്നും രമേശ് ചെന്നിത്തല അത്തരത്തില്‍ എല്ലാ ആളുകള്‍ക്കും വഴങ്ങിക്കൊടുക്കുക പതിവുണ്ടായിരുന്നെന്നും ജലീല്‍ പറഞ്ഞു. പുതിയ പ്രതിപക്ഷ നേതാവ് ഇന്നുവരെ അങ്ങനെയൊരു കീഴ്വഴക്കത്തിന് തയ്യാറായിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ കസേരയിലിരുന്നുകൊണ്ട് എന്നെ ചൂണ്ടി അദ്ദേഹം പറഞ്ഞത് എല്ലാവരും കണ്ടതാണ്. അത് പ്രതിപക്ഷ നേതാവിന് യോജിച്ചതാണോ എന്ന് അദ്ദേഹം വ്യക്തമാക്കണം.

എന്നാല്‍ താന്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും വഴങ്ങിക്കൊടുത്തിട്ടുണ്ടെന്ന് വിഡി സതീശന്‍ മറുപടി നല്‍കി. ‘അത് അറിയാതെ പോയത് അങ്ങ് സഭയില്‍ ഇരിക്കാത്തതുകൊണ്ടാണ്. ഞാന്‍ സംസാരിക്കുമ്പോള്‍ തലശ്ശേരി അംഗം എന്തോ നിയോഗം കിട്ടിയതുപോലെ എന്നെ നിരന്തരമായി തടസപ്പെടുത്തുകയാണ്. മാത്രമല്ല, ഒരു പോയിന്റ് പറഞ്ഞുതീര്‍ക്കുന്നതിന് മുമ്പ് ബഹളമുണ്ടാക്കിയതുകൊണ്ടാണ് വഴങ്ങാതിരുന്നത്. ഒന്നരലക്ഷത്തോളം കുട്ടികളെ ബാധിക്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തവേ എന്തൊക്കെയാണ് സീറ്റിലിരുന്ന് വിളിച്ചുപറഞ്ഞത്’, സതീശന്‍ തിരിച്ചടിച്ചു.

തുടര്‍ന്നും ഷംസീര്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സ്പീക്കര്‍ മൈക്ക് അനുവദിച്ചില്ല.

Also Read: പ്രത്യയശാസ്ത്ര ബാധ്യതയില്ലാത്ത ആള്‍ക്കൂട്ടമാണ് സിപിഐഎമ്മെന്ന് തുറന്ന് കാട്ടിയ സ്ത്രീയാണ് കെകെ രമയെന്ന് കെ സുധാകരന്‍; ‘അങ്ങേയറ്റം സ്ത്രീ വിരുദ്ധമായിട്ടാണ് ആ ആള്‍ക്കൂട്ടം അവരെ നേരിട്ടത്’