കെ മുരളീധരന്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചതാണ് ബിജെപിയെ തോല്‍പ്പിച്ചതെന്ന് വിഡി സതീശന്‍; നേരത്തെ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയെന്ന് സമ്മതിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനം ആര്‍ക്ക് നേട്ടമായെന്ന വിഷയത്തില്‍ വാക്‌പോരുമായി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും. നയപ്രഖ്യാപനത്തിന് മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ അവസാന ഘട്ടത്തിലാണ് ഇരുവരും രാഷ്ട്രീയമായി ഏറ്റുമുട്ടിയത്. പ്രമേയം മുപ്പത്തിയേഴ് വോട്ടുകള്‍ക്ക എതിരെ തൊണ്ണൂറ്റി ഒന്ന് വോട്ടുകളോടെ പാസ്സായി.

മണ്ഡലം തിരിച്ച് ബിജെപിക്ക് കുറഞ്ഞ വോട്ടുകള്‍ ആര് നേടി എന്നതിലായി വാദപ്രതിവാദം. ബിജെപിയുടെ കേരളത്തിലെ അക്കൗണ്ട് പൂട്ടിച്ചത് എല്‍ഡിഎഫ് ആണെന്ന അവകാശവാദം തെറ്റാണ്. നേമത്ത് കെ മുരളീധരന്‍ എന്ന ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണ് ബിജെപിയെ തോല്‍പ്പിച്ചതെന്നും വിഡി സതീശന്‍ പറഞ്ഞു.

നേമത്ത് കഴിഞ്ഞ തവണ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയത് പ്രതിപക്ഷ നേതാവ് പരോക്ഷമായി സമ്മതിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പത്ത് മണ്ഡലങ്ങളിലെങ്കിലും ബിജെപിയുടെ വോട്ട് നേടിയാണ് യുഡിഎഫ് വിജയിച്ചത്. ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലരലക്ഷത്തി ഇരുപതിനായിരത്തിലേറെ വോട്ട് കുറഞ്ഞു. ഇത് തൊണ്ണൂറ് മണ്ഡലങ്ങളില്‍ പ്രതിഫലിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ബിജെപി ബാന്ധവത്തിന് ദീര്‍ഘനാളത്തെ ചരിത്രമുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായിവ വിജയന്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം മതേതരമനസ്സുള്ളവരെ അവരില്‍ നിന്ന് അകറ്റി. ഇവിടെ ബിജെപിക്കെതിരെ അര അക്ഷരം കോണ്‍ഗ്രസ് മിണ്ടിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു.