കേസെടുത്തോ, പക്ഷെ ഏകപക്ഷീയമാവരുതെന്ന് വിഡി സതീശന്‍; ‘രക്തസാക്ഷി മണ്ഡപത്തില്‍, പികെ കുഞ്ഞനന്തന്‍ ശവസംസ്‌കാര ചടങ്ങില്‍ മൂവായിരത്തോളം പേര്‍, ഒരു കേസുമില്ല’

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘനമാരോപിച്ച് കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നായിരുന്നു തന്റെ അഭിപ്രായമെന്നും കേസെടുത്തതിന് എതിരല്ലെന്നും എന്നാല്‍ ഏകപക്ഷീയമാവരുതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ വ്യക്തിപരമായ അഭിപ്രായം കുറച്ചുകൂടി ശ്രദ്ധിക്കണമെന്നായിരുന്നു. ഞങ്ങള്‍ കുറേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കെപിസിസി ഓഫീസിന്റെ ഗെയ്റ്റ് വരെ അടച്ച് ശ്രമം നടത്തി. പക്ഷെ ആളുകള്‍ക്കൊരു ആവേശമായിരുന്നു സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്ന സമയമെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞക്ക് മുമ്പ് പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് കൊവിഡ് മാനദണ്ഡം പാലിച്ചാണോയെന്ന് വിഡി സതീശന്‍ ചോദിച്ചു. ഒപ്പം പികെ കുഞ്ഞനന്തന്‍ ശവസംസ്‌കാര ചടങ്ങില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തു. ഒരു കേസും എടുത്തില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, വിഡി സതീശന്‍, കെ മുരളീധരന്‍, കെ ബാബു, താരിഖ് അന്‍വര്‍ എന്നിവരടക്കമുള്ള നേതാക്കളും അണികളും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ജനകീയ നീതി വേദി ജില്ലാ സെക്രട്ടറി അബ്ദുറഹിമാന്‍ തെരുവത്താണ് പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്.കൊവിഡ് മാനദണ്ഡങ്ങളാല്‍ ജനം ലോക്ക്ഡൗണില്‍പ്പെട്ട് ഉഴലുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷന്റെ സ്ഥാനോഹരണ പരിപാടിയുടെ ഭാഗമായി യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ ആയിരത്തോളം വരുന്ന ആളുകളെ സംഘടിപ്പിച്ചു കൊണ്ട് തിരുവനന്തപുരത്ത് പൊതുപരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ സുധാകരനെതിരെയും, പ്രതിപക്ഷ നേതാവ് വി ടി സതീശനെതിരെയും ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.