‘ഇടതുപക്ഷത്തിന്റെ 99 ല്‍ ഒരു ഉത്കണ്ഠയുമില്ല’; ചെന്നിത്തലയുടെ നിഴലായിരുന്നു താനെന്ന് വിഡി സതീശന്‍, ‘ജ്യൂസ് പിഴിയുന്നത് പോലെ നിങ്ങളെ പിഴിയുമെന്ന് ഞാന്‍ അവരോട് പറഞ്ഞു’

തിരുവനന്തപുരം: 99 അംഗങ്ങളുമായി നിയമസഭയിലെത്തുന്ന ഇടതുപക്ഷവുമായി കിടപിടിച്ചുനില്‍ക്കാന്‍ ഉത്കണ്ഠയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഫ്‌ലോര്‍ മാനേജ്‌മെന്റിനെക്കുറിച്ച് ഒരു ഭയവുമില്ല. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.ടി.തോമസ്, സണ്ണി ജോസഫ് തുടങ്ങിയ പ്രഗത്ഭരുടെ നിര തന്നെയുണ്ട്. ഒപ്പം പി.സി.വിഷ്ണുനാഥിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തില്‍ മിടുക്കരായ യുവ എംഎല്‍എമാരും. അവരെല്ലാം ഗംഭീരമായി പെര്‍ഫോം ചെയ്യുമെന്നും വിഡി സതീശന്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

രമേശ് ചെന്നിത്തലയുടെ സമീപകാലത്തെ എല്ലാ പ്രധാന ദൗത്യങ്ങളും ഏറ്റെടുത്തത് താനായിരുന്നെന്നും അദ്ദേഹവുമായുള്ള ബന്ധത്തില്‍ വിള്ളലുകളില്ലെന്നും സതീശന്‍ പറയുന്നു. ‘ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പായി നടന്ന ‘പടയൊരുക്കം’ മുതല്‍ ഒടുവില്‍ ‘ഐശ്വര്യ കേരള യാത്ര’ വരെ ഏകോപിപ്പിച്ചത് ഞാനായിരുന്നു. ഒരു നിഴല്‍ പോലെ എപ്പോഴും ഞാന്‍ കൂടെയുണ്ടായി. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ നിയമസഭയിലെ വലിയ പിന്‍ബലവും ഞാനായിരുന്നു’, അദ്ദേഹം ചൂണ്ടിക്കാട്ടി.

‘2006ല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോള്‍ ഉള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി ഓര്‍ത്തെടുത്തു പറയുകയാണ് കുറച്ചു ദിവസം മുന്‍പ് കണ്ടപ്പോള്‍ അദ്ദേഹം ചെയ്തത്. ആ സ്ഥാനത്ത് എത്തുമ്പോള്‍ രണ്ടു പേരുടെയും അനുഗ്രഹവും പിന്തുണയും ഉണ്ടാകുമെന്ന് ഉറപ്പാണ്. എകെ ആന്റണിക്കു പകരം സഹോദര തുല്യനായ ഉമ്മന്‍ചാണ്ടി നേതൃത്വം ഏറ്റെടുത്തതു പോലെ തന്നെയാണ്, രമേശ് ചെന്നിത്തലയ്ക്ക് പകരം അനുജനായ എനിക്ക് ലഭിച്ച ഈ നിയോഗം. ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും ബന്ധം തകര്‍ന്നില്ല’ തങ്ങളുടെ സ്‌നേഹ ബന്ധവും തകരാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗ്രൂപ്പിന് അതീതമായ സൗഹാര്‍ദ കൂട്ടായ്മ കോണ്‍ഗ്രസിലെ യുവാക്കള്‍ തമ്മില്‍ ഉണ്ടാക്കുന്നതില്‍ താന്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെ ശക്തവും കാലാനുസൃതവുമാക്കണം എന്നതു മാത്രമായിരുന്നു തങ്ങളുടെ പൊതുലക്ഷ്യം. യുവ നേതാക്കളെല്ലാം മിടു മിടുക്കന്മാരാണ്. എന്നെങ്കിലും ഒരു നേതൃപദവിയില്‍ എത്തിയാല്‍ ജ്യൂസ് പിഴിയുന്നത് പോലെ നിങ്ങളുടെ കഴിവ് പിഴിഞ്ഞു വിനിയോഗിക്കുമെന്ന് അവരോട് അപ്പോഴെല്ലാം പറഞ്ഞിരുന്നു. ഇപ്പോള്‍ അതിനുള്ള സമയം ആയിരിക്കുന്നു. നിയമസഭയില്‍ യുവ നേതൃത്വത്തിന്റെ മികവ് ഇതിനകം തന്നെ പ്രകടമാണ്. അതു കൂടുതല്‍ ശക്തമായി പ്രതിഫലിക്കും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കുള്ളവരുടെ മാര്‍ഗനിര്‍ദേശങ്ങളും കരുത്താകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.