തിരുവനന്തപുരം: കേരളത്തിലെ സമുദായ നേതാക്കള്‍ക്ക് എല്‍ഡിഎഫിനെ പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നും കോണ്‍ഗ്രസില്‍ ഇനി പാക്കേജ് രാഷ്ട്രീയം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പുതിയ പ്രതിപക്ഷ നേതാവ്.
രണ്ടാം പിണറായി മന്ത്രിസഭയില്‍ സോഷ്യല്‍ ബാലന്‍സില്ല. എല്‍ഡിഎഫിന്റെ സ്ഥാനത്ത് യുഡിഎഫ് അത് ചെയ്തിരുന്നെങ്കില്‍ വലിയ വിവാദമായേനെ. അഞ്ചാം മന്ത്രിസ്ഥാനത്തെ ചൊല്ലിയുള്ള വിവാദം നടുറോട്ടില്‍ ഇട്ട് വലിച്ചു കീറി വര്ഗീയമാക്കുകയായിരുന്നു. മത സാമുദായിക സംഘടനകള്‍ മിണ്ടാതിരിക്കാന്‍ കാരണം അവര്‍ക്ക് എല്‍ഡിഎഫിനെ പേടിയായത് കൊണ്ടാണ്. പിന്നെ പറഞ്ഞിട്ട് കാര്യമില്ലെന്നും തോന്നുന്നുണ്ടാകും. യുഡിഎഫിന്റെ കാലത്ത് മദ്യനയം വന്നപ്പോള്‍ മതസംഘടനകള്‍ അത് വലിയ പ്രശ്നമാക്കി. എന്നാല്‍ പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ ബാറുകള്‍ അനുവദിച്ചു. അന്ന് മതസംഘടനകള്‍ മിണ്ടിയത് പോലുമില്ല. എല്‍ഡിഎഫിനെ അവര്‍ പേടിക്കുന്നത് എന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും വിഡി സതീശന് പറഞ്ഞു.
സമുദായ നേതാക്കന്മാരെ രാഷ്ട്രീയ കാര്യത്തില്‍ ബന്ധപ്പെടുന്നതില്‍ തെറ്റില്ല. അവര്‍ക്കെതിരായ അനീതിയില്‍ ശബ്ദം ഉയര്‍ത്തേണ്ടത് തന്നെയാണ്. എന്നാല്‍ അവര്‍ രാഷ്ട്രീയത്തിലെ കാര്യം തീരുമാനിക്കുന്ന സ്ഥിതി പാടില്ല. മതസാമുദായിക നേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ നേതാക്കള്‍ ഇരിക്കാനേ പാടുള്ളൂ, കിടക്കരുതെന്നും വിഡി സതീശന് പറഞ്ഞു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്ത് ഇനി പാക്കേജുകള്‍ വേണ്ട. പാക്കേജുകള്‍ പലപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് സ്ഥാനം നഷ്ടമാകാന്‍ കാരണമാകും. ഈ പാക്കേജുണ്ടായിരുന്നുവെങ്കില് തനിക്ക് ഈ സ്ഥാനം കിട്ടില്ലായിരുന്നുവെന്നും വിഡി സതീശന് പറഞ്ഞു. മികച്ച പാര്‍ലമെന്റേറിയനാണ് എന്ന് പറയുമ്പോഴും പലപ്പോഴും അവസാന നിമിഷം സ്ഥാനങ്ങള്‍ നഷ്ടമായി. ഇത്തവണയും അത് കൊണ്ട് ഉറക്കം നഷ്ടപ്പെട്ടില്ല. പ്രതിപക്ഷ നേതാവായി അവസാനം പ്രഖ്യാപനം വന്നപ്പോഴാണ് വിശ്വസിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ആചാരസംരക്ഷണ ബില്ല് യുഡിഎഫ് എടുത്ത തീരുമാനമല്ല. വ്യക്തികള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശമാണ്. വ്യക്തിപരമായി പുരോഗമന നിലപാടാണ് തനിക്ക്. അക്കാദമിക്കായ വിഷയം കൂടി അതിലുണ്ട്. മതപരമായ കാര്യങ്ങളില്‍ ഭരണവര്‍ഗത്തിന് ഏതറ്റം വരെ പോകാമെന്ന അക്കാദമിക് ചര്‍ച്ച നടത്താമെന്നല്ലാതെ ഇത്തരം കാര്യങ്ങൡ പുരോഗമന നിലപാട് വേണം. ഗവേണന്‍സ് വളരെ ശ്രദ്ധയോടെ സൂഷ്മതയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണെന്നും വിഡി സതീശന് പറഞ്ഞു.