‘അന്ന് ജാതിപ്പേര് വിളിച്ചവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല, ഇനിയും കയ്യുംകെട്ടി നോക്കിയിരിക്കില്ല’; രമ്യാ ഹരിദാസിന് നേരെയുള്ള സിപിഐഎം വധഭീഷണിയില്‍ വിഡി സതീശന്‍

തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യാ ഹരിദാസിന് നേരെ സിപിഐഎം നേതാവ് നടത്തിയ വധഭീഷണിയില്‍ രൂക്ഷ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രമ്യാ ഹരിദാസ് എംപിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് ഞെട്ടിക്കുന്ന സംഭവമാണ്. അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരത്തില്‍ ഒരു ജനപ്രതിനിധിയെ അപമാനിക്കുന്നത് അനുവദിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് രമ്യാഹരിദാസിനെ ജാതിപ്പേരു വിളിച്ച് അപമാനിച്ചവരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇത്തരം ധിക്കാരപരമായ നടപടികള്‍ യുഡിഎഫ് കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആലത്തൂരിലെ ഇടതുപക്ഷ നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന വ്യക്തി തന്നെ തെറിവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് രമ്യ ഹരിദാസ് അറിയിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ഇക്കാര്യം വ്യക്തമാക്കി എംപി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Also Read: ആലത്തൂര്‍ കയറിയാല്‍ കാല് വെട്ടുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയെന്ന് രമ്യ ഹരിദാസ്; ‘തെറിവിളികളുമായി അപമാനിക്കുന്നവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരും’

ഞായറാഴ്ച ആലത്തൂര്‍ പൊലീസ് സ്റ്റേഷന് സമീപം തൊഴിലാളികളുമായി സംസാരിക്കുന്നതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിക്കുകയും മോശമായി സംസാരിക്കുകയും ചെയ്‌തെന്ന് രമ്യാ ഹരിദാസ് വ്യക്തമാക്കി. ആലത്തൂര്‍ മണ്ഡലത്തില്‍ കാലുകുത്തിയാല്‍ കൊല്ലുമെന്നടക്കമുള്ള ഭീഷണികളാണ് സിപിഐഎം പ്രവര്‍ത്തകര്‍ നടത്തിയതെന്നും അവര്‍ അറിയിച്ചു.