‘ഇത് ടാക്‌സ് ടെററിസം’; സാധാരണക്കാര്‍ക്ക് ഇന്ധന സബ്‌സിഡി അനുവദിച്ചേ പറ്റൂ എന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ഇന്ധന നികുതിയില്‍ അധിക ഇളവ് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇളവോ ഫ്യുവല്‍ സബ്‌സിഡിയോ അനുവദിക്കണമെന്നാണ് യുഡിഎഫ് നിലപാട്. അല്ലാത്തപക്ഷം സമരവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

‘തുടര്‍ച്ചയായി ഇന്ധന വില വര്‍ധിപ്പിച്ചതിന് ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇനി വര്‍ധിപ്പിക്കാന്‍ സാധ്യതയില്ലെന്ന സന്ദേശം കൂടി നല്‍കുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ ആറുവര്‍ഷം കൊണ്ട് 300 ശതമാനമാണ് കേന്ദ്രം നികുതി വര്‍ധിപ്പിച്ചത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധനവല്ല ഇത്. ആ വര്‍ധനയില്‍നിന്ന് നേരിയ കുറവ് മാത്രമാണ് ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്നത്. സാധാരണ ഡിസ്‌കൗണ്ട് സെയിലുകള്‍ നടത്തുമ്പോള്‍ ചില ആളുകള്‍ 50 രൂപയുടെ സാധനത്തിന് 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വിറ്റ് കബളിപ്പിക്കും. ആറ് വര്‍ഷം കൊണ്ട് 300 ശതമാനം വില വര്‍ധിപ്പിച്ചതിന് ശേഷം പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ കുറയ്ക്കുന്നു എന്നത് വളരെ നിസാരമായ തുകയാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന സമരം തുടരും’, വി.ഡി സതീശന്‍ വ്യക്തമാക്കി.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നാണ് കേരളത്തില്‍ നികുതി ഭീകരത നടപ്പിലാക്കുന്നതെന്നും സതീശന്‍ ആരോപിച്ചു. ‘ഇത് ടാക്‌സ് ടെററിസമാണ്. നികുതിയുടെ പേരില്‍ ആളുകളെ ചൂഷണം ചെയ്യുകയാണ്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കാന്‍ കാരണം വില നിര്‍ണയാധികാരം യുപിഎ സര്‍ക്കാര്‍ എടുത്തുകളഞ്ഞതുകൊണ്ടാണെന്നാണ് കേരളത്തിലെ സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പറഞ്ഞിരുന്നത്. യുപിഎ സര്‍ക്കാര്‍ വില നിര്‍ണയാധികാരം എടുത്തുകളഞ്ഞത് ഗുണപരമായി മാറുമായിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില വര്‍ധിക്കുന്നതനുസരിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിക്കുകയും അവിടെ കുറയുന്നതിനനുസരിച്ച് കുറയുകയും ചെയ്യണമായിരുന്നു. എന്നാല് ക്രൂഡ് ഓയില്‍ വിലയിലെ ഏറ്റക്കുറച്ചിലുകളിലെ എല്ലാ ഭാരവും ജനങ്ങളുടെമേല്‍ വെക്കുകയും ടാക്‌സ് വര്‍ധിപ്പിക്കുകയുമാണ് പിന്നീടുവന്ന കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഈ കാപട്യം അറിഞ്ഞുകൊണ്ടുതന്നെയാണ് കേരള സര്‍ക്കാരും സിപിഐഎമ്മും യുപിഎയെ കുറ്റപ്പെടുത്തുന്നത്’, അദ്ദേഹം വിശദീകരിച്ചു.

ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. നികുതി മുഴുവന്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെടുന്നില്ല. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട്. പക്ഷേ, കേന്ദ്രം വില വര്‍ധിപ്പിക്കുന്നതിന്റെ ആനുപാതികമായി ലഭിക്കുന്ന അധിക വരുമാനത്തിലെ ഒരു തുക ഇന്ധന സബ്‌സിഡിയായി അനുവദിച്ച് സാധാരണക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമാവണമെന്ന നിര്‍ദ്ദേശവും സതീശന്‍ മുന്നോട്ടുവെച്ചു. കെഎസ്ആര്‍ടിസി, ടാക്‌സി വണ്ടികള്‍, മത്സ്യബന്ധന ബോട്ടുകള്‍, പ്രൈവറ്റ് ബസുകള്‍ തുടങ്ങിയവയ്ക്ക് സബ്‌സിഡി നല്‍കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീപാവലി സമ്മാനമെന്ന് വിശേഷിപ്പിച്ചാണ് ദിനംപ്രതി മാസങ്ങളോളം വര്‍ധിപ്പിച്ചുകൊണ്ടിരുന്ന ഇന്ധന വിലയില്‍ ഇളവ് അനുവദിക്കുന്നതായി ബുധനാഴ്ച വൈകീട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്തുരൂപയും കുറച്ചായിരുന്നു പ്രഖ്യാപനം. ഇന്ധന വില ക്രമാതീതമായി ഉയരുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയായിരുന്നു ഇത്.