കോട്ടയം: സര്‍ക്കാര്‍ വായ്പാ മോറട്ടോറിയം പ്രഖ്യാപിക്കാത്തതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ഒരു കച്ചവടവും നടക്കാതെ ആളുകളുടെ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണ്. ജീവിക്കാനുള്ള ആശ നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണ് ജനങ്ങള്‍. ഇങ്ങനെ ഒരുപാട് കുടുംബങ്ങള്‍ അനാഥമാവുന്ന സാഹചര്യമാണുള്ളത്. ഈ ഘട്ടത്തില്‍ സംസ്ഥാനത്തെ ബാങ്ക് റിക്കവറി നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കണമെന്നും സതീശന് ആവശ്യപ്പെട്ടു. കടക്കെണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത ഹോട്ടലുടമ സരിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കോര്‍പറേറ്റീവ് ബാങ്കുകളില്‍പ്പോലും മോറട്ടോറിയം കൊണ്ടുവന്നില്ല. ഒരു ബിസിനസും കച്ചവടവും നടക്കാതെ തൊഴില്‍ മേഖല സ്തംഭിച്ചിരുന്ന സാഹചര്യത്തില്‍ ആളുകള്‍ എവിടെ നിന്നാണ് പണമടയ്ക്കേണ്ടത്? റിസര്‍വ് ബാങ്കിനെ ഇക്കാര്യങ്ങള്‍ അറിയിക്കാനുള്ള തീരുമാനം ഇന്നലെയാണ് മന്ത്രിസഭയെടുക്കുന്നത്. ഒരു അരഡസന്‍ സമയമെങ്കിലും മോറട്ടോറിയവുമായി ബന്ധപ്പെട്ട വിഷയം നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷമുന്നയിച്ചിട്ടുണ്ട്. നമ്മുടെ നാട്ടില്‍ എല്ലാവരുടെയും കയ്യില്‍ ബാങ്കിന്റെ റിക്കവറി നോട്ടീസ് എത്തിയിരിക്കുന്ന സ്ഥിതിയാണ്. ആളുകള്‍ക്ക് പണമടയ്ക്കാന്‍ കഴിയുന്നില്ല. അതിനുള്ള സൗകര്യമാണ് ചെയ്തുകൊടുക്കേണ്ടത്. ആളുകള്‍ പ്രതിസന്ധിയില്‍ നില്ക്കുമ്പോള് സര്‍ക്കാരിന്റെ ഇടപെടലും സാമീപ്യവുമുണ്ടാവണം. അത് ആളുകള്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കും. ജീവിക്കാനുള്ള ആശ നഷ്ടപ്പെടുമ്പോഴാണ് പരിഹാരമല്ലെങ്കില്ക്കൂടിയും ആളുകള്‍ ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നത്’, വി.ഡി സതീശന് പറഞ്ഞു.
സരിന് ജീവിച്ചിരുന്നപ്പോള്പ്പോലും കടം നല്കിയ ആളുകള്‍ വീടിനകത്ത് വന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്. ഒരുപാട് പേര് ആത്മഹത്യ ചെയ്തു. ഇങ്ങനെ ഒരുപാട് കുടുംബങ്ങള്‍ അനാഥമാവുകയാണ്. കടക്കെണിയില്‍പ്പെട്ട ആളുകളുടെ ജീവിതത്തിലെ അനിശ്ചിതത്വം സര്‍ക്കാര്‍ ഗൗരവമായി കണ്ട് അടിയന്തര നടപടികള്‍ സ്വീകരിക്കണം. സംസ്ഥാനത്തെ ബാങ്ക് റിക്കവറി നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടണം. തെരഞ്ഞെടുപ്പിന് മുമ്പ് അവരിതൊക്കെ പറഞ്ഞതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ആളുകളൊന്ന് പച്ചപിടിക്കട്ടെ. ആരും കടവുമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതൊക്കെ തിരിച്ചുകൊടുക്കാന്‍ പറ്റുന്ന സാഹചര്യത്തിലേക്ക് ജീവിതം പഴയ രീതിയിലേക്ക് വരട്ടെ. നമ്മള് എല്ലാവരും കൂടി ശ്രമിച്ചാല്‍ അത് സാധ്യമാവും. ആ ആത്മവിശ്വാസമാണ് ജനങ്ങള്‍ക്ക് നല്‍കേണ്ടത്’, സതീശന് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് തന്റെ മരണത്തിന് കാരണം സര്‍ക്കാരാണെന്ന് ഫേസ്ബുക്കില്‍ കുറിപ്പെഴുതി ചങ്ങനാശ്ശേരി സ്വദേശിയായ സരിന് മോഹന്‍ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്തത്. ലോക്ഡൗണ്‍ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തെന്നും ഇനി ആറ് വര്‍ഷം ജോലി ചെയ്താല്‍പ്പോലും തീരാത്ത കടബാധ്യതയായെന്നും സരിന് കുറിപ്പില്‍ എഴുതിയിരുന്നു. തന്റെ ആത്മഹത്യയോടെയെങ്കിലും സര്‍ക്കാര്‍ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കണമെന്നും സാധാരണ ജനങ്ങളുടെ ജീവിതങ്ങളെ തകര്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നും ഹോട്ടല്‍ ആവശ്യത്തിനായി വായ്പയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.