‘സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ നേരിടും’; സഭയിലെ ആദ്യ പ്രസംഗത്തില്‍ സ്പീക്കറെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ സ്പീക്കറായി എംബി രാജേഷിനെ തെരഞ്ഞെടുത്തതിന് പിന്നാലെ സഭയിലെ ആദ്യ പ്രസംഗത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന എംബി രാജേഷിന്റെ പസ്താവന വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍നിന്നുമുണ്ടായിട്ടില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്കതിന് മറുപടി പറയേണ്ടി വരുമെന്നും വിഡി സതീശന്‍ പറഞ്ഞു.

96 വോട്ടുകളോടെയാണ് എംബി രാജേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പ്രതിപക്ഷത്തുനിന്നുള്ള സ്ഥാനാര്‍ത്ഥി പിസി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു. സ്പീക്കറായി ചുമതലയേറ്റെടുക്കുന്ന എംബി രാജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. ഇതിന് പിന്നാലെയായിരുന്നു വിഡി സതീശന്റെ പ്രസംഗവും വിമര്‍ശനവും.

‘സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെക്കുറച്ച് വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍നിന്നുമുണ്ടായിട്ടില്ല. അങ്ങ് ഈ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്കതിന് മറുപടി പറയേണ്ടി വരും. അത് സംഘര്‍ഷങ്ങളുണ്ടാക്കും. നിയമസഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ ഞങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതുകൊണ്ട് അവ ഒഴിവാക്കണമെന്ന് അങ്ങയോട് ഞാന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണ്’, വിഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ സഭയിലെ ആദ്യ പ്രസംഗത്തിന്റെ പൂര്‍ണ രൂപം:

കേരള നിയമസഭയുടെ 23ാം സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ആത്മാര്‍ത്ഥമായി അനുമോദിക്കുന്നു. നിയമനിര്‍മ്മാണത്തിലും മറ്റും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ ഈ സഭയുടെ നാഥനായിട്ടാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് എന്നത് വളരെ പ്രധാന്യമര്‍ഹിക്കുന്നതാണ്. 1957 ഏപ്രില്‍ അഞ്ചിനാണ് കേരള നിയമസഭ നിലവില്‍ വന്നത്. അന്നുതൊട്ട് ഇന്നുവരെ സഭയുടെ ഉന്നതമായ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ സഭ മുന്നിട്ടുനിന്നു. 13ാം നിയമസഭയിലുണ്ടായ ദൗര്‍ഭാഗ്യകരമായ കാര്യങ്ങളെ വിസമരിച്ചുകൊണ്ടല്ല ഞാനിത് പറയുന്നത്. പത്തുവര്‍ഷക്കാലത്തെ ഇന്ത്യന്‍ പാര്‍ലമെന്റിലുള്ള പരിജയവും അനുഭവ സമ്പത്തും നമ്മുടെ സഭ നിയന്ത്രിക്കാന്‍ അങ്ങേക്ക് സഹായകമാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു. സഭയുടെ നീതിപൂര്‍വമായ പ്രവര്‍ത്തനത്തിന് അങ്ങയുടെ നേതൃത്വം ഊന്നല്‍ കൊടുക്കും എന്ന് ഞാന്‍ പ്രത്യാശിക്കുകയാണ്.

ജനാധിപത്യത്തെ കൂടുതല്‍ മനോഹരമാക്കുന്ന, അതിന് ചാരുത നല്‍കുന്ന ഒന്നാണ് പ്രതിപക്ഷ പ്രവര്‍ത്തനം. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ നിയമസഭയില്‍ പൂര്‍ണമായ സംരക്ഷണം സഭാനാഥനായ അങ്ങയില്‍നിന്നുണ്ടാവും എന്നെനിക്ക് ഉറച്ച വിശ്വാസമുണ്ട്.

സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന അങ്ങയുടെ പ്രസ്താവന ഞങ്ങളെക്കുറച്ച് വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍നിന്നുമുണ്ടായിട്ടില്ല. അങ്ങ് ഈ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്കതിന് മറുപടി പറയേണ്ടി വരും. അത് സംഘര്‍ഷങ്ങളുണ്ടാക്കും. നിയമസഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ ഞങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതുകൊണ്ട് അവ ഒഴിവാക്കണമെന്ന് അങ്ങയോട് ഞാന്‍ വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണ്.

12ാം കേരള നിയമസഭ എന്നെ സംബന്ധിച്ചിടത്തോളം എന്റെ പാര്‍ലമെന്ററി ജീവിതത്തിലെ യുദ്ധസമാനമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന സഭയാണ്. അന്ന് ഈ സഭയുടെ നാഥനായിരുന്ന കെ രാധാകൃഷ്ണന്‍ ഇന്ന് മന്ത്രിയായി സഭയിലുണ്ട്. അദ്ദേഹം നല്ല മാതൃകയായിരുന്നു.

ഈ സഭയിലെ ചര്‍ച്ചകള്‍ ഉന്നത നിലവാരത്തിലേക്ക് കൊണ്ടുപോകാന്‍ നമുക്ക് കഴിയണം. മദര്‍ പാര്‍ലമെന്റ് എന്ന് വിശേഷിപ്പിക്കുന്ന ഹൗസ് ഓഫ് കോമണ്‍സിലെ കീഴ്‌വഴക്കങ്ങള്‍, പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു നടത്തിയ പരാമര്‍ശങ്ങള്‍, ആദ്യലോക്‌സഭാ സ്പീക്കറായിരുന്ന മാവ്‌ലെങ്കര്‍ ഉണ്ടാക്കിയ കീഴ്‌വഴക്കങ്ങള്‍, ഈ സഭയിലെ മഹാത്മാര്‍ നടത്തിയ ഉജ്ജ്വലമായ പ്രസംഗങ്ങളിലെ ഉദ്ധരണികള്‍, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അവസാന വാക്കെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഐവര്‍ ജന്നിഗ്‌സണിന്റെ വാക്കുകള്‍, അവ കയ്യിലിട്ട് അമ്മാനമാടി ഈ സഭയെ കോരിപ്പരിപ്പിച്ച പനമ്പള്ളി ഗോവിന്ദന്റെ വാക്കുകള്‍… ആ കാലഘട്ടത്തിലെല്ലാം ഈ സഭ ഉന്നത നിലവാരത്തിലേക്ക് പോയിരുന്നു. ഈ സഭയിലേക്ക് കടന്നുവന്നിരിക്കുന്ന പുതിയ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ അത്തരം പരാമര്‍ശങ്ങള്‍ നടത്തി സഭയെ ലോകനിലവാരത്തിലുള്ള ഒന്നാക്കി ഉയര്‍ത്തണം. അതിന് അങ്ങ് എല്ലാവിധ പ്രോത്സാഹനവും നല്‍കണം എന്നുഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. സഭാ നടപടികള്‍ ഫലപ്രദമായി നടപ്പിലാക്കാനും സഭയുടെ അന്തസുയര്‍ത്തിപ്പിടിക്കാനും അങ്ങേക്ക് കഴിയട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.