ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിനെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും മുന്‍ എംപിയുമായ ഹംദുള്ളാ സയീദുമായി ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ അന്വേഷിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും സതീശന് പറഞ്ഞു.
വിഡി സതീശന് പറഞ്ഞത്
‘ലക്ഷദ്വീപിലെ പുതിയ സാഹചര്യങ്ങള്‍ ഏറെ വേദനയുണ്ടാക്കുന്നതാണ് . ഇത് സംബന്ധിച്ച് അഡ്മിനിസ്ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എനിക്ക് ഏറെ ഹൃദയബന്ധമുള്ള നാടാണ് ലക്ഷദ്വീപ്. കഴിഞ്ഞ ഡിസംബറില്‍ എല്ലാ കീഴ്വഴക്കങ്ങളെയും അട്ടിമറിച്ചു കൊണ്ട് ഗുജറാത്തിലെ ബി ജെ പി നേതാവിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത് സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാനാണ്. നൂറു ശതമാനം മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരുള്ള ദ്വീപ് സമൂഹത്തില്‍ ബീഫ് നിരോധനം ഉള്‍പ്പടെ കഴിഞ്ഞ ആറ് മാസം ഈ അഡ്മിനിസ്ട്രേറ്റര്‍ എടുത്ത നടപടികളെല്ലാം അവിടുത്തെ ജനങ്ങളുടെ സമാധാന ജീവിതത്തെ ഇല്ലാതെയാക്കുന്നതാണ്. ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചതുള്‍പ്പടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ അവരുടെ പ്രതിഷേധത്തെ പോലും ഇല്ലാതെയാക്കുവാനുള്ള നടപടിയാണ് അവിടെ നടക്കുന്നത്. കളവോ കൊലയോ ഇല്ലാതെ ഏറ്റവും സമാധാനത്തോടെ ജീവിക്കുന്ന ആ ദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പിലാക്കുന്നത് പ്രതിഷേധ സ്വരങ്ങളെ ഇല്ലാതെയാക്കുവാനാണ്. കേരളവുമായി ഏറെ ബന്ധമുള്ള നാടാണ് ലക്ഷദ്വീപ്. ഒരു കാരണവശാലും സംഘപരിവാറിന്റെ അജണ്ട നടപ്പിലാക്കാന്‍ അനുവദിക്കില്ല. ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും മുന്‍ എം.പി.യുമായ ഹംദുള്ളാ സയീദുമായി ഫോണില്‍ ബന്ധപ്പെട്ടു സ്ഥിതിഗതികള്‍ അന്വേഷിക്കുകയും എല്ലാ പിന്തുണയും അറിയിക്കുകയും ചെയ്തിട്ടുണ്ട്’.
ദ്വീപ് അഡ്മിന്റെ നയങ്ങള്‍ക്കും ഉത്തരവുകള്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമാകുകയാണ്. ദ്വീപ് ജനതയോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫ്-യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും രംഗത്തെത്തി. അഭിനേതാക്കളും സംവിധായകരുമടക്കമുള്ള സെലിബ്രിറ്റികളും ദ്വീപ് നിവാസികളെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നുണ്ട്. പൃഥ്വിരാജ്, സലിംകുമാര്‍, സണ്ണി വെയ്ന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ഷെയ്ന് നിഗം തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വാര്‍ത്തയായിരുന്നു.
കുറച്ചുദിവസങ്ങളായി ലക്ഷദ്വീപിലുള്ളവര്‍ തന്നെ വിളിച്ച് ആശങ്ക പങ്കുവെയ്ക്കുകയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ഏത് നിയമമാണെങ്കിലും പരിഷ്കാരമാണെങ്കിലും ആ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാകണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമാധാനപരമായ ജീവിതത്തെ തടസപ്പെടുത്തുന്നത് എങ്ങനെ പുരോഗമനമാകുമെന്ന് പൃഥ്വിരാജ് ചോദിച്ചു. ദ്വീപില്‍ നിന്ന് കേരളത്തിലേക്ക് അധിക ദൂരമില്ലെന്നായിരുന്നു സലിംകുമാറിന്റെ പ്രതികരണം.