സുരക്ഷ കുറച്ചത് അറിഞ്ഞത് പത്രവാര്‍ത്തയിലൂടെയെന്ന് പ്രതിപക്ഷ നേതാവ്; ആവശ്യപ്പെട്ടാല്‍ ഔദ്യോഗിക വസതിയും കാറും തിരിച്ചു നല്‍കാമെന്നും പരിഹാസം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പൊലീസ് സുരക്ഷ സെഡ് കാറ്റഗറിയില്‍നിന്നും വൈ പ്ലസാക്കി കുറച്ച് സര്‍ക്കാര്‍. ഇതോടെ ഇനി പ്രതിപക്ഷ നേതാവിന്റെ സുരക്ഷയ്ക്കായുണ്ടാവുക രണ്ട് ഗണ്‍മാന്മാരായിരിക്കും. നേരത്തെ ഇത് അഞ്ചായിരുന്നു. എന്നാല്‍, സുരക്ഷ കുറയ്ക്കുന്നതിനെക്കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്നും പത്രവാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഔദ്യോഗിക വസതിയും കാറും ചോദിച്ചാല്‍ അതും മടക്കി നല്‍കാമെന്നും സതീശന്‍ പരിഹസിച്ചു. ‘ഇപ്പോള്‍ എന്റെയും കണ്ണൂരിലുള്ള പി ജയരാജന്റെയും സുരക്ഷ ഒരേ നിലയിലായി. സുരക്ഷ കുറച്ചതില്‍ വ്യക്തിപരമായി യാതൊരു പരാതിയുമില്ല. പ്രതിപക്ഷ നേതാവെന്ന സ്ഥാനം അത്ര വലുതൊന്നുമല്ലെന്ന് എന്നെയും പൊതുജനത്തെയും ബോധ്യപ്പെടുത്താനാണെങ്കില്‍ ഒരു വിരോധവുമില്ല. ഞാന്‍ ഒന്നുകൂടി ബോധ്യപ്പെടുത്തി തരാം. ഇനിയുള്ളത് ഒരു ഔദ്യോഗിക വസതിയും കാറും കൂടിയാണ്. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അതുകൂടി തിരിച്ചുനല്‍കാന്‍ തയ്യാറാണ്. അതിലൊന്നും ഭ്രമിക്കുന്ന ആളല്ല ഞാന്‍. അതൊന്നും എന്നെ ബാധിക്കുന്ന വിഷയങ്ങളുമല്ല. പ്രതിപക്ഷ നേതാവെന്ന പദവി ഇടിച്ചുതാഴ്ത്താനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ കുഴപ്പമൊന്നുമില്ല’, സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റെടുത്തപ്പോള്‍ സെഡ് കാറ്റഗറിയിലാണെന്ന് പൊലീസ് തന്നെ അറിയിച്ചു. അതില്‍ എന്തെല്ലാം സൗകര്യങ്ങളുണ്ടെന്ന് എന്നോടവര്‍ പറഞ്ഞു. തണ്ടര്‍ ബോള്‍ട്ടുപോലെയുള്ള വലിയ സുരക്ഷാ സന്നാഹങ്ങളോ എസ്‌കോര്‍ട്ടോ പൊലീസ് സുരക്ഷാ സംവിധാനങ്ങളോ തനിക്കുവേണ്ടെന്ന് ഞാനവരെ അറിയിച്ചു. പൈലറ്റ് വാഹനം മാത്രം മതിയെന്നായിരുന്നു താന്‍ പറഞ്ഞതെന്നും അദ്ദേഹം വിവരിച്ചു.