‘മരണനിരക്കിലെ വൈരുദ്ധ്യം അന്വേഷിക്കണം, ആ കുട്ടികള്‍ക്ക് ആനുകൂല്യങ്ങള്‍ ഇല്ലാതാകരുത്’; സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം. ആരോഗ്യ- വിദ്യാഭ്യാസ-ദുരന്തനിവാരണ രംഗത്തെ് മതിയായ പ്രഖ്യാപനങ്ങളില്ല. ഈ സുപ്രധാന മേഖലകള്‍ക്ക് പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചിരുന്നുവെന്നും അതുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൊവിഡ് മൂന്നാം തരംഗത്തിന്റെ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുത്തന്‍ ആരോഗ്യനയം ഉണ്ടാകുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കൊവിഡ് മരണനിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞുവെന്നതാണ് സര്‍ക്കാരിന്റെ അവകാശവാദം. കൊവിഡ് മഹാമാരിയെ നേരിടുന്നതിന് സര്‍ക്കാരിന് ഒരു ഉപാധികളുമില്ലാതെയുള്ള പിന്തുണയാണ് യുഡിഎഫ് നല്‍കുന്നത്. മരണനിരക്കിനെ കുറിച്ച് ധാരാളം പരാതികള്‍ ഉയര്‍ന്നുവരുന്നുണ്ട്. മാതാപിതാക്കള്‍ കൊവിഡ് മൂലം മരിച്ച് അനാഥരാകുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മരണനിരക്ക് മനഃപൂര്‍വ്വം കുറച്ചാല്‍ ധാരാളം കുട്ടികള്‍ക്ക് ഈ ആനുകൂല്യം നഷ്ടമാകും. പല ജില്ലകളിലും ഡോക്ടര്‍മാരുടെ സംഘടനകള്‍ ഉള്‍പ്പടെ മരണനിരക്കിനെ കുറിച്ചുള്ള പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. സര്‍ക്കാരത് ഗൗരവമായി പരിശോധിക്കണം’, സതീശന്‍ ആവശ്യപ്പെട്ടു.

സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിച്ചുവെന്നാണ് മറ്റൊരു അവകാശവാദം. ക്ഷേമപെന്‍ഷനല്ലാം കൃത്യമായി കൊടുത്തുവെന്ന് പറയുന്ന സര്‍ക്കാര്‍ തന്നെ വൈകിയ പെന്‍ഷന്‍ നികത്തിയെന്നും പറയുന്നു. ഇത് എങ്ങനെ പൊരുത്തപ്പെടുമെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍, ആരോഗ്യമേഖലയില്‍ സമഗ്ര പാക്കേജിന് 1000 കോടി, സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും; ഗവര്‍ണറുടെ നയപ്രഖ്യാപനം

‘മൂന്ന് കാര്യത്തെ കുറിച്ച് നയപ്രഖ്യാപനത്തില്‍ പ്രതിപക്ഷം എന്ന നിലയില്‍ പ്രതീക്ഷയുണ്ടായിരുന്നു. ഒന്നാമത്തേത് ഒരു ആരോഗ്യ പ്ലാനാണ്. ഇതുവരെയുള്ള ഒരു ആരോഗ്യ നയമല്ല നമുക്ക് വേണ്ടത്. ഒരു പുത്തന്‍ ആരോഗ്യനയം കേരളത്തിന് ഉണ്ടാകുമെന്ന് തങ്ങള്‍ കരുതിയിരുന്നു. മൂന്നാം തരംഗം വരുമ്പോള്‍ എന്ത് തയ്യാറെടുപ്പ് നടത്തണമെന്നത് സംബന്ധിച്ച് ഒരു നയം ഉണ്ടാകാത്തത് ദൗര്‍ഭാഗ്യകരമാണ്’.

‘രണ്ടാമത്തേത് കുട്ടികളുടെ വിദ്യാഭ്യാസമാണ്. ഇത് രണ്ടാം തവണയാണ് വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് കടക്കുന്നത്. കുട്ടികളും മാതാപിതാക്കളും ഇതില്‍ അസ്വസ്ഥരാണ്. ഇതിനായി ഒരു മാര്‍ഗരേഖ വേണ്ടിയിരുന്നു’.

Also Read: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലേക്ക് ചുവപ്പ് പടരുന്നു; കേഡര്‍ പാര്‍ട്ടിയാവാനുള്ള തീരുമാനം

‘മൂന്നാമത്തേത്, ഒരു ദുരന്തനിവാരണ മാനേജ്മെന്റ് പ്ലാന്‍ തങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, അതും ഉണ്ടായില്ല. കോവിഡ് മഹാമാരിയുടെ ദുരിതം അനുഭവിക്കുന്നതിനിടെയാണ് കടലാക്രമണവും മറ്റു കെടുതികളും വരുന്നത്. ഇനി ഒരു പ്രളയം കൂടി ഉണ്ടായാല്‍ എങ്ങനെ നേരിടും എന്നതടക്കമുള്ളതിനെ കുറിച്ച് ഒരു ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ വേണ്ടിയിരുന്നു’, സതീശന്‍ അക്കമിട്ട് ചൂണ്ടിക്കാട്ടി.