‘പിണറായി വിജയന്‍ എന്നെ അത്ഭുതപ്പെടുത്തി, യെസ് അല്ലെങ്കില്‍ നോ, തീരുമാനങ്ങളുണ്ട് പിണറായിക്ക്’; പ്രസംശിച്ച് വിഡി സതീശന്‍

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുക്കാനുള്ള തയ്യാറെടുപ്പുകള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങവെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. വിളിച്ചാലുടന്‍ ഫോണ്‍ എടുക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യുന്ന വ്യക്തിയാണ് പിണറായി. രാഷ്ട്രീയ നേതാവ്, മുഖ്യമനന്ത്രി എന്നീ നിലകളില്‍ തനിക്ക് ഇക്കാര്യങ്ങളില്‍ അടുപ്പം തോന്നിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

‘മഹാപ്രളയത്തിന്റെയും കൊവിഡ് മാഹമാമാരിയുടെയും കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തുന്നതിനായി ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചിട്ടുണ്ട്, പലവട്ടം. ഒന്നുകില്‍ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കില്‍ 10 മിനുട്ടിനകം തിരിച്ച് വിളിക്കും. എന്നിട്ട പറയുന്ന കാര്യ ശ്രദ്ധിക്കും. അതിനു ശേഷം ഒരു മറുപടി അദ്ദേഹമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നമ്മെ അറിയിക്കും. അതെന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സംസാരിച്ചാല്‍ യെസ് എന്നോ നോ എന്നോ പറയും. നോ എന്നാണ് പറയുന്നതെങ്കില്‍ അതിന്റെ കാരണവും വ്യക്തമായി പറയും. യെസ് ആണെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ്. അത് ശരിയാണ്. എന്നിട്ട് വേണ്ട നടപടിയും സ്വീകരിക്കും’, വിഡി സതീശന്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

എന്തായാലും വിളിച്ചാല്‍ ഒരു തീരുമാനമുണ്ടാവും. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ അദ്ദേഹത്തോട് അടുപ്പം തോന്നിച്ച ഒരു ഘടകമാണിതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്നുമണിയോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. പ്രതിപക്ഷ നേതാവ് ആര് എന്ന കാര്യത്തില്‍ കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്നോ നാളെയോ തീരുമാനമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വിഡി സതീശന്റെയും രമേശ് ചെന്നിത്തലയുടെയും പേരാണ് അന്തിമഘട്ടത്തില്‍ പരിഗണനയിലുള്ളത്. എംഎല്‍എമാരില്‍നിന്ന് കൂടുതല്‍ പിന്തുണ ലഭിച്ചത് ചെന്നിത്തലയ്ക്ക് ആയതിനാല്‍ അദ്ദേഹം തന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചന. ഗ്രൂപ്പുകള്‍ക്കതീതമായി വിഡി സതീശനെത്തന്നെ നേതൃസ്ഥാനത്തെത്തിക്കണം എന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്.