‘എന്‍എസ്എസ് ആസ്ഥാനത്ത് പോയത് പാര്‍ട്ടി ആവശ്യപ്പെട്ടിട്ട്, അത് പുറത്തുപറയാന്‍ പറ്റില്ല’; എന്‍എസ്എസിനെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വിഡി സതീശന്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സമുദായ സംഘടനകളെ തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് നടത്തുന്നത് വിലകുറഞ്ഞ പ്രസ്താവനകളാണെന്ന എന്‍എസ്എസ് വിമര്‍ശനത്തിന് മറുപടിയുമായി വിഡി സതീശന്‍. എന്‍എസ്എസിനെതിരായി ഒരു കാര്യവും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍എസ്എസ് ആസ്ഥാനത്തെത്തിയതിന്റെ കാര്യം തനിക്ക് പുറത്തുപറയാന്‍ കഴിയില്ലെന്നും വിഡി സതീശന്‍ പറഞ്ഞതായി റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്തു.

‘ഞാന്‍ എന്‍എസ്എസിനെതിരായി ഒരു കാര്യവും പറഞ്ഞിട്ടില്ല. നമ്മള്‍ സമുദായ നേതാക്കളോടാരോടും മിണ്ടാതിരിക്കേണ്ട കാര്യമില്ലെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. എല്ലാവരും അവരുടെ സ്ഥലങ്ങളില്‍ പോകണം, അവരോട് സംസാരിക്കണം. അവരുടെ പരിഭവങ്ങളും ആവലാതികളും കേല്‍ക്കണം. ആരെങ്കിലും ആരോടെങ്കിലും അനീതി കാണിച്ചാല്‍ അവിടെ ഓടിയെത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും എല്ലാ സമുദായ സംഘടനകളെയും സമീപിച്ച് സഹായം അഭ്യര്‍ത്ഥിക്കും. അത് ഞാന്‍ ഇന്നലെ വ്യക്തമാക്കിയതാണ്. പിന്നെന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല. അതിന് മറുപടിയൊന്നും പറയുന്നില്ല’, സതീശന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലായിരുന്നു പ്രതികരണം.

തെരഞ്ഞെടുപ്പിന്റെ സമയത്ത് എന്‍എസ്എസ് ആസ്ഥാനത്ത് പോയിരുന്നു. അതെന്തിനുവേണ്ടിയാണെന്ന് തനിക്ക് പറയാന്‍ കഴിയില്ല. പാര്‍ട്ടി ഏല്‍പ്പിച്ച ഒരു ചുമതലയുമായിട്ടാണ് അവിടേക്ക് പോയത്. നാളെ ഒരാവശ്യത്തിന് വിളിച്ചാല്‍, താന്‍ വരുന്നതിന് തടസ്സമില്ലെന്ന് അദ്ദേഹം പറഞ്ഞാല്‍ അവിടേക്ക് പോകും. എന്‍എസ്എസിനെ കുറിച്ച് പ്രതികൂലമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല. എന്‍എസ്എസിനെക്കുറിച്ച് അനുകൂലമായ ഒരു പരാമര്‍ശം ഈ അടുത്ത കാലത്ത് താന്‍ നടത്തിയിരുന്നു. കാരണം ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് വിലക്കേടുക്കാന്‍ പറ്റാത്ത ഏക ഹിന്ദു സംഘടനയാണ് എന്‍എസ്എസ്. അവരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ പറ്റില്ല, ഭീഷണിപ്പെടുത്താന്‍ പറ്റില്ല, അവരുടെ മതില്‍ക്കെട്ടിനുള്ളിലേക്ക് സംഘപരിവാര്‍ ശക്തികളെ ഇതുവരെ കയറ്റിയിട്ടില്ല. അക്കാര്യത്തില്‍ ഒരു സെക്യുലര്‍ നിലപാട് ആ സംഘടന ഇതുവരെ സ്വീകരിച്ചിട്ടുണ്ട്. അതാണ് താന്‍ എന്‍എസ്എസിനെ കുറിച്ച് നടത്തിയിട്ടുള്ള പരാമര്‍ശം. ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ട് തന്നോട് ചോദിച്ചപ്പോഴാണ് അത്തരത്തിലൊരു മറുപടി നല്‍കിയതും. സമുദായ സംഘടനകളെ കുറിച്ച് പൊതുവായാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്. അത് തന്റെ നിലപാടാണെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

കെപിസിസിയുടെ നിലപാട് കെപിസിസി അധ്യക്ഷന്‍ പറയും. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാമുദായിക സംഘടനകളെ സാധാരണ ഞങ്ങള്‍ അനുവദിക്കാറില്ല. ഒരു ദേശീയ പാര്‍ട്ടി എന്ന നിലയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ചോ, യുഡിഎഫിനെ കുറിച്ചോ, പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ വിമര്‍ശനാത്മകമായി ഏത് സമുദായ സംഘടനയ്ക്ക് അഭിപ്രായം പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമുദായിക സംഘനടകള്‍ക്കെതിരെ പുതിയ പ്രതിപക്ഷ നേതാവിന്റേത് വിലകുറഞ്ഞ പ്രസ്താവനകളാണെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞത്. പതിപക്ഷ നേതാവായത് മുതല്‍ അദ്ദേഹം മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പ്രതിപക്ഷ നേതാവ് എന്‍എസ്എസ് ആസ്ഥാനത്തെത്തി സഹായം അഭ്യര്‍ത്ഥിച്ചിരുന്നെന്നും പിന്നീട് തള്ളിപ്പറയുന്നത് ശരിയല്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു.

എന്‍എസ്എസിന്റെ പ്രസ്താവന ഇങ്ങനെ;

ഇപ്പോഴത്തെ പ്രതിപക്ഷനേതാവ്, തല്‍സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ മുതല്‍ മത-സാമുദായികസംഘടനകളെ നിലവാരംകുറഞ്ഞ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ കാണാനിടയായി. ഈ രാജ്യത്തെ ഒരു ദേശീയപ്പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യം അതാണോ എന്ന് അതിന്റെ നേതൃത്വം വിലയിരുത്തേണ്ടിയിരിക്കുന്നു. രാജ്യത്തെ എല്ലാ മത-സാമുദായികവിഭാഗങ്ങളെയും സംഘടനകളെയും തങ്ങളോടു ചേര്‍ത്തുനിര്‍ത്തിയ അനുഭവമാണ് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും ഇന്നോളം ഉണ്ടായിട്ടുള്ളത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ മത-സാമുദായികസംഘടനകള്‍ ഇടപെടാന്‍ പാടില്ല. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും അഭിപ്രായം പറയാനുമുള്ള അവകാശം വ്യക്തികള്‍ക്കുള്ളതുപോലെ മത-സാമുദായികസംഘടനകള്‍ക്കും ഉണ്ടെന്ന് രാഷ്ട്രീയനേതൃത്വങ്ങള്‍ മനസ്സിലാക്കണം.

പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെപിസിസിയാണ്, പ്രതിപക്ഷനേതാവല്ല. മത-സാമുദായികസംഘടനകളോടും അതിന്റെ നേതാക്കളോടുമുള്ള പുതിയ പ്രതിപക്ഷനേതാവിന്റെ ഇപ്പോഴത്തെ സമീപനം സംബന്ധിച്ചും ശബരിമല വിശ്വാസസംരക്ഷണം സംബന്ധിച്ചും കെപിസിസിയുടെ നിലപാട് എന്താണെന്ന് അറിയേണ്ടതുണ്ട്. ആവശ്യം വരുമ്പോള്‍ മത-സാമുദായികസംഘടനകളെ സമീപിക്കുകയും സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുകയും, അതിനുശേഷം തള്ളിപ്പറയുകയും ചെയ്യുന്ന സ്വഭാവം ആര്‍ക്കും യോജിച്ചതല്ല.

ഈ തെരഞ്ഞെടുപ്പില്‍ മുന്നണി വ്യത്യാസമില്ലാതെതന്നെ, എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളില്‍പ്പെട്ട ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും എന്‍എസ്എസ്സില്‍ വന്ന് സഹായം അഭ്യര്‍ത്ഥിക്കുകയുണ്ടായി. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും എതിരായ ഒരു നിലപാട് എന്‍എസ്എസ് സ്വീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പുദിവസത്തില്‍ ഉണ്ടായ എന്‍എസ്എസ്സിന്റെ അഭിപ്രായപ്രകടനം വിവാദമാക്കിയെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ഏതെങ്കിലും ഒരു പാര്‍ട്ടിക്കോ മുന്നണിക്കോ എതിരായിരുന്നില്ല.

പ്രതിപക്ഷനേതാവും ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സഹായം അഭ്യര്‍ത്ഥിച്ച് എന്‍എസ്എസ് ആസ്ഥാനത്ത് എത്തി, ഒരു മണിക്കൂറോളം ചെലവഴിച്ചതാണ്. അതിനുശേഷം താലൂക്ക് യൂണിയന്‍ നേതൃത്വത്തെയും കരയോഗനേതൃത്വങ്ങളെയും നേരിട്ടുകണ്ട് അവരോടും സഹായം അഭ്യര്‍ത്ഥിച്ചു. എന്നിട്ടാണ് പുതിയ സ്ഥാനലബ്ധിയില്‍ മതിമറന്ന് ഇത്തരം വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്‍എസ്എസ്സിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി ഒരേ നിലപാടാണ് മുന്നണികളോടും പാര്‍ട്ടികളോടും മേലിലും ഉണ്ടാവൂ. ഗവണ്മെന്റ് ചെയ്യുന്ന നല്ല കാര്യങ്ങളെ അംഗീകരിക്കുകതന്നെ ചെയ്യും, തെറ്റായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ യഥാവിധി അവരെ അറിയിക്കുകയും ചെയ്യും