തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്. വിശ്വസിച്ചവരെല്ലാം പ്രതിസന്ധി ഘട്ടത്തില്‍ കൂടെയുണ്ടാവണമെന്നില്ല. അത് സാധാരണ കാര്യമാണ്. കൂടുതല്‍ കാര്യങ്ങള്‍ ചെന്നിത്തലയോടുതന്നെ ചോദിക്കണമെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അധ്യക്ഷന്റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍വെച്ചായിരുന്നു പാര്‍ട്ടിയില്‍ താന്‍ ഒറ്റപ്പെട്ടെന്ന് ചെന്നിത്തല പറഞ്ഞത്. സിപിഐഎം തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളില്‍ പാര്‍ട്ടിയുടെ പിന്തുണയോ സംരക്ഷണമോ തനിക്ക് ലഭിച്ചില്ല. സുധാകരനെ ബിജെപിക്കാരനായി സിപിഐഎം ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അതിനെതിരെ പ്രതികരിച്ചു. തനിക്കെതിരെ നേരത്തെ ഇതേ തരത്തിലുള്ള ആരോപണമുണ്ടായപ്പോള്‍ അതിനെ എതിര്‍ക്കാന്‍ പാര്‍ട്ടിയില്‍നിന്നാരും വന്നില്ല. അന്നനുഭവിച്ച വേദന അറിയുന്നതുകൊണ്ടാണ് സുധാകരനുവേണ്ടി പ്രതികരിച്ചത്. പുകഴ്ത്തി സംസാരിക്കുന്നവരും മുന്നില്‍ വന്ന് ചിരിക്കുന്നവരുമെല്ലാം നമ്മുടെ സുഹൃത്തുക്കളാണെന്ന് സുധാകരന് കരുതരുതെന്നും അദ്ദേഹം പറഞ്ഞു.
‘ഓര്‍മ്മവെച്ച കാലം മുതലേ കോണ്‍ഗ്രസില്‍ ജീവിച്ച ഞാന്‍ ബിജെപിക്കാരനാണെന്ന് പറഞ്ഞപ്പോള്‍ നമ്മുടെ പല സ്നേഹിതന്മാരും അതിനോടൊപ്പം ചേര്‍ന്ന് എനിക്കെതിരെ പോസ്റ്റുകളിട്ടത് ഞാന്‍ ഓര്‍ക്കുന്നു. ആ മനോവികാരം കൊണ്ടാണ് ഞാന്‍ സുധാകരന് വേണ്ടി സംസാരിച്ചത്. അതായിരിക്കണം നമ്മുടെ വികാരം. കെ സുധാകരനെതിരെ ഒരു അമ്പെയ്താല്‍ അത് എല്ലാവര്ക്കും കൊള്ളും എന്ന വിചാരം വേണം. അല്ലാതെ, അത് രമേശ് ചെന്നിത്തലയ്ക്കെതിരെ പറഞ്ഞതല്ലേ ഒന്നു താങ്ങിക്കളയാം എന്ന് കരുതിയാല്‍ കോണ്‍ഗ്രസ് രക്ഷപെടില്ല. നമ്മുടെ ശത്രുക്കള്‍ നമ്മള്‍ത്തന്നെയാണ്’, ചെന്നിത്തല പറഞ്ഞതിങ്ങനെ. ഇതിന് മറുപടി പറയുകയായിരുന്നു വിഡി സതീശന്.