അസഹിഷ്ണുത രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപി ഭരണകൂടങ്ങള്‍ ജനാധിപത്യ രീതിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഇടം നല്‍കണം; വിഡി സതീശന്‍

തിരുവനന്തപുരംപ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന സുപ്രീം കോടതി വിധിയുടെ സന്ദേശം ഉള്‍ക്കൊണ്ടു അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയുടെ ഭരണകൂടങ്ങള്‍ ജനാധിപത്യ രീതിയില്‍ മാധ്യമങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാനുള്ള ഇടം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെയ്ക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. 1962ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയ കോടതി ഈ വിധിപ്രകാരം എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ നിന്നും കോടതി സംരക്ഷണമുണ്ടെന്ന് പ്രസ്താവിച്ചു.

പ്രധാനമന്ത്രിയെ വിമര്‍ശിച്ചതിന്റെ പേരില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വിനോദ് ദുവക്കെതിരെ ഹിമാചല്‍ പ്രദേശ് പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദു ചെയ്ത സുപ്രീം കോടതി വിധി ഏറെ സന്തോഷം നല്‍കുന്നു. അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യുക, ഭരണാധികാരികളെ വിമര്‍ശിക്കുക എന്നത് മാധ്യമ ധര്‍മ്മമാണ്. എന്നാല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രത്തില്‍ ഭരണം പിടിച്ചതിനു ശേഷം പത്രമാധ്യമങ്ങള്‍ സ്വാധീനിച്ചും, സ്വാധീനത്തില്‍ വഴിപ്പെടാത്തവരെ ഭീഷണി കൊണ്ടും പ്രതികാര നടപടി കൊണ്ടും വരുതിയിലാക്കാന്‍ ശ്രമിക്കുന്ന ഒട്ടേറെ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു.

തന്റെ യൂട്യൂബ് ഷോയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മരണങ്ങളെയും തീവ്രവാദി ആക്രമണത്തെയും വോട്ടുകള്‍ ആക്കാന്‍ ശ്രമിക്കുന്നു എന്ന ഒരു പരാമര്‍ശത്തിന്റെ പേരിലാണ് ഹിമാചല്‍ പ്രദേശിലെ ഒരു ബിജെപി. പ്രവര്‍ത്തകന്‍ നല്‍കിയ ഒരു പരാതിയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തത്. ഇന്ന് ആ കേസ് റദ്ദ് ചെയ്ത സുപ്രീം കോടതി നടപടി സ്വാഗതാര്‍ഹമാണെന്നും വിഡി സതീശന്‍ പറഞ്ഞു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഉത്തര്‍പ്രദേശ് ഉള്‍പ്പടെ കോവിഡ് മഹാമാരിയിലെ സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവരെ പോലും പ്രതികാര മനോഭാവത്തോടെയാണ് ബിജെപി സര്‍ക്കാരുകള്‍ നേരിടുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 67 കേസുകളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അവരുടെ ജോലി ചെയ്തതിന്റെ പേരില്‍ ചാര്‍ത്തിയത്. ഇതില്‍ സിംഹഭാഗവും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഈ വിധിയുടെ സന്ദേശം ഉള്‍ക്കൊണ്ടു അസഹിഷ്ണുതയുടെ രാഷ്ട്രീയം ഉപേക്ഷിച്ച് ബിജെപിയുടെ ഭരണകൂടങ്ങള്‍ ജനാധിപത്യ രീതിയില്‍ മാധ്യമങ്ങള്‍ക്കു പ്രവര്‍ത്തിക്കുവാനുള്ള ഇടം നല്‍കണെമന്നും വിഡി സതീശന്‍ പറഞ്ഞു.