‘മുഖ്യമന്ത്രി സ്തുതിപാഠകരുടെ ഇടയില്‍, ഒരുതെറ്റും ചൂണ്ടിക്കാണിക്കാന്‍ പറ്റില്ല, അദ്ദേഹത്തിന് അതിഷ്ടമല്ല’; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് വി.ഡി സതീശന്‍

കോട്ടയം: ന്യൂനമര്‍ദ്ദം കേരളത്തില്‍ നാശനഷ്ടമുണ്ടാക്കുമെന്ന്‌ അറിയിപ്പുണ്ടായിട്ടും സംസ്ഥാന സര്‍ക്കാരോ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോ മുന്നൊരുക്കങ്ങള്‍ നടത്തിയില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2018-ലെ മഹാദുരന്തത്തിന് ശേഷം ഒരു പഠനവും നടത്തിയിട്ടില്ല. നെതര്‍ലാന്റ്‌സില്‍ പോയി തിരിച്ചുവന്നിട്ട് റൂം ഫോര്‍ റിവര്‍ എന്ന് പറഞ്ഞതല്ലാതെ പ്രളയമൊഴിവാക്കുന്നതിനും പ്രളയമുണ്ടായാല്‍ അതിന്റെ ആഘാതം കുറയ്ക്കുന്നതിനും വേണ്ടി എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം കാടടച്ച് വിമര്‍ശിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സതീശന്‍.

‘മുഖ്യമന്ത്രി സ്തുതിപാഠകരുടെ ഇടയില്‍നില്‍ക്കുന്നതുകൊണ്ട് ഒരു തെറ്റുപോലും ചൂണ്ടിക്കാണിക്കാന്‍ പറ്റില്ല. ഞങ്ങളൊരു വിമര്‍ശനമായിട്ടല്ല ഉന്നയിച്ചത്. നമ്മുടെ സിസ്റ്റം മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞത്. സര്‍ക്കാരിന്റെ കീഴിലുള്ള ദുരന്ത നിവാരണ അതോറിറ്റി ഒരു പരാജയമായി മാറിയിരിക്കുകയാണ്. അതിന് വ്യക്തമായ തെളിവുകളും ഞങ്ങള്‍ പറഞ്ഞു. ന്യൂനമര്‍ദ്ദം അറബിക്കടലില്‍ രൂപംകൊണ്ട സമയത്ത് അത് തെക്കുപടിഞ്ഞാറ് ദിശയിലേക്കാണ് സഞ്ചരിക്കുന്നതെന്നും ഈ ദിശയിലെ ടാര്‍ജറ്റ് കേരളമാണെന്നും ദേശീയ തലത്തിലുള്ള സംവിധാനങ്ങള്‍ വ്യക്തമാക്കിയിരുന്നതാണ്. ഒക്ടോബര്‍ 12ന് ഇറക്കിയ ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ അതിതീവ്രമഴയുണ്ടാകുമെന്ന് അറിയിച്ചിരുന്നു. ദുരന്ത നിവാരണ അതോറിറ്റി ഇതെല്ലാം പരിശോധിച്ച് എവിടെയെല്ലാം അലെര്‍ട്ടുകള്‍ പ്രഖ്യാപിക്കണമെന്ന് അറിയിക്കണമായിരുന്നു. ഇടുക്കിയിലും കോട്ടയത്തും മഴക്കെടുതികളുണ്ടായത് രാവിലെ പത്തുമണിക്കാണ്. എന്നിട്ട് ഉച്ചയ്ക്ക് ഒരുമണിക്കാണ് അവിടെ റെഡ് അലെര്‍ട്ട് പ്രഖ്യാപിക്കുന്നത്’, സതീശന്‍ ചൂണ്ടിക്കാട്ടി.

‘2018ലെ പ്രളയത്തില്‍ ഏറ്റവുമധികം ദുരന്തമുണ്ടായ ഒരു സ്ഥലത്തെ പ്രതിനിധീകരിക്കുന്ന ആളാണ് ഞാന്‍. അന്നുമുതലേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ട്. എന്റെ നിയോജക മണ്ഡലത്തില്‍ ഒരടി വെള്ളം പൊങ്ങിയാല്‍ എവിടെയാണ് അപകടമുണ്ടാകാന്‍ പോകുന്നതെന്നതൊക്കെ ഞങ്ങള്‍ വിവിധ ഏജന്‍സികളെക്കൊണ്ട് കൃത്യമായി പഠിച്ചുവെച്ചിരിക്കുകയാണ്. മൂന്നുകൊല്ലമായി സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല. കേരളത്തില്‍ ഫ്‌ളഡ് സോണ്‍ പോലും നിശ്ചയിച്ചിട്ടില്ല. നദികളില്‍ വെള്ളം ഒരടി പൊങ്ങിയാല്‍പ്പോലും എവിടെയെല്ലാം വെള്ളം കയറുമെന്ന് സര്‍ക്കാര്‍ പഠിക്കേണ്ടേ?’, അദ്ദേഹം ചോദിച്ചു.

2018ലെ മഹാദുരന്തത്തിന് ശേഷം എന്ത് പഠനം നടത്തി? ഈ മുഖ്യമന്ത്രിയല്ലേ റൂം ഫോര്‍ റിവര്‍ എന്ന് ഉച്ചത്തില്‍ പറഞ്ഞത്. നെതര്‍ലാന്റ്‌സില്‍ പോയി തിരിച്ചുവന്നിട്ട് റൂം ഫോര്‍ റിവര്‍ എന്ന് പറഞ്ഞതല്ലാതെ പ്രളയമൊഴിവാക്കുന്നതിനും പ്രളയമുണ്ടായാല്‍ അതിന്റെ ആഘാതം കുറയ്ക്കുന്നതിനും വേണ്ടി എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്? അതിനാണ് മുഖ്യമന്ത്രി ഉത്തരം പറയേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

‘മുന്നറിയിപ്പ് സംവിധാനം മെച്ചപ്പെടുത്തണമെന്നതടക്കമുള്ള നാല് അടിയന്തര പ്രമേയം പ്രതിപക്ഷം നിയമസഭയിലുന്നയിച്ചു. തുടര്‍ച്ചയായ നാലാം വര്‍ഷവും നമുക്ക് അപരിചിതമായ തരത്തില്‍ പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോള്‍ നമ്മുടെ സംവിധാനം മെച്ചപ്പെടുത്തണം എന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് പറഞ്ഞു. അതല്ലേ ഞങ്ങളുടെ ജോലി? പക്ഷേ, മുഖ്യമന്ത്രിക്ക് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നതോ ഒരു തെറ്റ് ചൂണ്ടിക്കാണിക്കുന്നതോ ഇഷ്ടമല്ല. വിമര്‍ശിക്കുന്നത് ഒട്ടും സഹിക്കില്ല. വിമര്‍ശിച്ചാല്‍ രാജ്യദ്രോഹിയാണെന്ന് പറയും. മോഡിയുടെ അതേ സ്‌റ്റൈലാണിത്. അതൊന്നും ഞങ്ങള്‍ വകവെക്കുന്നില്ല. പ്രതിപക്ഷത്തിനൊരു ധര്‍മ്മമുണ്ട്’, അദ്ദേഹം വിശദീകരിച്ചു.

കൊക്കയാറില്‍ രാവിലെ പത്തുമണിക്ക് മലയിടിച്ചിലുണ്ടായിട്ടും അന്നത്തെ ദിവസം ഒരു രക്ഷാപ്രവര്‍ത്തനവും അവിടെ നടത്തിയില്ല. പിറ്റേന്ന് രാവിലെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ജനപ്രതിനിധികള്‍ എത്തിയിട്ടുപോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ രക്ഷാപ്രവര്‍ത്തനത്തിനുള്ള ടീമോ അവിടെയുണ്ടായിരുന്നില്ല. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താനാണെങ്കില്‍ സര്‍ക്കാരിനെക്കൊണ്ട് എന്താണ് ആവശ്യം? എന്ത് ദുരന്ത നിവാരണ സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം ചോദിച്ചു.