വി ഡി സതീശന് പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ടേക്കും. പ്രതിപക്ഷ നേതൃസ്ഥാനവും കെപിസിസി അദ്ധ്യക്ഷ സ്ഥാനവും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട മാറ്റങ്ങളേക്കുറിച്ച് ഇന്ന് ഹൈക്കമാന്‍ഡ് പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് പാര്‍ട്ടി എംഎല്‍എമാരുമായി കൂടിക്കാഴ്ച്ച നടത്തി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വി വൈത്തിലിംഗം എന്നിവര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുക.
എ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റേയും ഉമ്മന്‍ ചാണ്ടിയുടേയും പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചിരുന്നു. ഇതോടെ ചെന്നിത്തലയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തിന് തുടര്‍ച്ചയുണ്ടാകുമെന്നായിരുന്നു കഴിഞ്ഞ ദിവസം വരെയുണ്ടായ റിപ്പോര്‍ട്ടുകള്‍. ഗ്രൂപ്പ് വ്യത്യാസമില്ലാതെ യുവ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതാണ് വി ഡി സതീശന് നിര്‍ണായകമായത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് ചെന്നിത്തല തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത കുറഞ്ഞേക്കുമെന്ന് യുവ നേതാക്കള്‍ എഐസിസി നിരീക്ഷകരോട് അഭിപ്രായപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ പ്രധാന നേതൃസ്ഥാനങ്ങളില്‍ എഐസിസി വന്‍ അഴിച്ചുപണി നടത്താന്‍ തീരുമാനിച്ചെന്ന് വിവരങ്ങളുണ്ട്. സമവായ ഫോര്‍മുലകള്‍ തള്ളിക്കൊണ്ട് ഹൈക്കമാന്‍ഡ് കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ സുധാകരനെ ചുമതലപ്പെടുത്തിയേക്കും. യുഡിഎഫ് കണ്‍വീനറായി പി ടി തോമസ് എംഎല്‍എയെ തെരഞ്ഞെടുക്കുമെന്നാണ് സൂചനകള്‍.