‘ചെറിയാന്‍ ഫിലിപ്പിന്റേത് കാലം ആവശ്യപ്പെടുന്ന തീരുമാനം’; കോണ്‍ഗ്രസ് ചെറിയാന് ജീവനായിരുന്നുവെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് ചെറിയാന്‍ ഫിലിപ്പിന്റേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിപിഐഎമ്മുമായി സഹകരിക്കുമ്പോഴും ചെറിയാന്റെ മനസ് കോണ്‍ഗ്രസിനോടൊപ്പമായിരുന്നുവെന്നും കാരണം കോണ്‍ഗ്രസ് അദ്ദേഹത്തിന് ജീവനായിരുന്നുവെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം കോണ്‍ഗ്രസിലേക്ക് മടങ്ങുകയാണെന്ന് ഔദ്യോഗികമായി ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

‘കാലം ആവശ്യപ്പെടുന്ന തീരുമാനമാണ് ചെറിയാന്‍ ഫിലിപ്പിന്റേത്. കോണ്‍ഗ്രസ് തറവാട്ടിലേക്ക് സ്വാഗതം. അദ്ദേഹത്തെ ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തും. സിപിഐഎമ്മുമായി സഹകരിക്കുമ്പോഴും ചെറിയാന്‍ ഫിലിപ്പിന്റെ മനസ് കോണ്‍ഗ്രസിനൊപ്പമായിരുന്നു. കാരണം കോണ്‍ഗ്രസ് ചെറിയാന് ജീവനായിരുന്നു’, എന്നാണ് വി.ഡി സതീശന്റെ പ്രതികരണം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചെറിയാന്‍ ഫിലിപ്പ് തന്റെ പുതിയ തീരുമാനത്തെ കുറിച്ച് പറഞ്ഞത്.

കോണ്‍ഗ്രസ് മരിച്ചാല്‍ ഇന്ത്യ മരിക്കും. തന്റെ തീരുമാനം കോണ്‍ഗ്രസിലൂടെ ഇന്ത്യയെ ശക്തിപ്പെടുത്താനാണ്. തറവാട്ടിലേക്ക് പോകാന്‍ ഒരു പ്രയാസവുമില്ലെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

കോണ്‍ഗ്രസില്‍ താന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇപ്പോള്‍ അവസാനിച്ചിരിക്കുന്നു. കോണ്‍ഗ്രസില്‍ തനിക്ക് കാര്യങ്ങള്‍ തുറന്നുപറയാനുള്ള സാഹചര്യമുണ്ടായിരുന്നു. സിപിഐഎമ്മില്‍ അതുണ്ടായിരുന്നില്ല. അവിടെ താന്‍ മനസാക്ഷിയെ വഞ്ചിച്ച് ന്യായീകരണ തൊഴിലാളിയായി. കുടിലമായ വിഭാഗീയതയെ കുറിച്ച് എഴുതിയാല്‍ എ.കെ.ജി സെന്ററില്‍ പ്രവേശിപ്പിക്കില്ല. മരണം വരെയും രാഷ്ട്രീയ ജീവിയാകാന്‍ സിപിഐഎം സഹവാസം ശരിയല്ലെന്ന് മനസ്സിലായെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പ് 20 വര്‍ഷം പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നെങ്കിലും കോണ്‍ഗ്രസ് അംഗത്വമല്ലാതെ മറ്റൊരു പാര്‍ട്ടിയിലും അംഗത്വം എടുത്തിട്ടില്ലെന്ന് എ.കെ ആന്‍ണി പറഞ്ഞു. കോണ്‍ഗ്രസ് കൂടുതല്‍ ശക്തമാകേണ്ട സാഹചര്യത്തില്‍ ചെറിയാന്റെ മടങ്ങിവരവ് പാര്‍ട്ടിക്ക് ഒരുപാട് ഗുണം ചെയ്യും. ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നതില്‍ പാര്‍ട്ടിയിലെ എല്ലാവരും സന്തോഷിക്കും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും കോണ്‍ഗ്രസിലാണ് ഉള്ളതെന്നും ആന്റണി പറഞ്ഞു.