‘കമ്മലിട്ടവര്‍ പോയാല്‍ കടുക്കനിട്ടവര്‍ വരുമെന്ന് അന്നേ പറഞ്ഞതല്ലേ’; ചെറിയാന്‍ ഫിലിപ്പിനെ പാളയത്തിലെത്തിക്കാന്‍ വി.ഡി സതീശന്‍

തിരുവനന്തപുരം: ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ കോണ്‍ഗ്രസിലേക്കുള്ള മടങ്ങിവരവിന് മുന്‍കയ്യെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഏറ്റവും പ്രിയപ്പെട്ട നേതാവാണ് ചെറിയാന്‍ ഫിലിപ്പ്. അദ്ദേഹം കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തണം. കോണ്‍ഗ്രസ് അദ്ദേഹത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

‘കമ്മലിട്ടവര്‍ പോയാല്‍ കടുക്കനിട്ടവര്‍ വരുമെന്നാണ് രണ്ടോ മൂന്നോ ആളുകള്‍ കോണ്‍ഗ്രസില്‍നിന്നും പോയപ്പോള്‍ വലിയ ആഘോഷമാക്കി മാറ്റിയ സിപിഐഎമ്മുകാരോട് ഞങ്ങള്‍ പറഞ്ഞത്. കടുക്കനിട്ടവരുടെ കോണ്‍ഗ്രസിലേക്കുള്ള വരവ് തുടങ്ങിയിരിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസിലേക്കെത്തും’, സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന് എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസിലേക്ക് മടങ്ങിരാമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സിപിഐഎമ്മിലേക്ക് പോകാനിരിക്കുന്നവര്‍ക്കുള്ള പാഠമാണ് ചെറിയാന്‍ ഫിലിപ്പെന്ന് അഭിപ്രായപ്പെട്ട സുധാകരന്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നെന്നും വ്യക്തമാക്കിയിരുന്നു. സുധാകരന്‍ കേരളത്തില്‍ മടങ്ങിയെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചനകള്‍.

ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസ് പാളയത്തിലേക്ക് തിരിച്ചെത്തിക്കാന്‍ എ.കെ ആന്റണിയടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ ഇടപെടലുകള്‍ സജീവമായിക്കഴിഞ്ഞു. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ കോണ്‍ഗ്രസ് പ്രവേശനത്തെക്കുറിച്ച് ചെറിയാന്‍ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ചെറിയാന്‍ ഫിലിപ്പ് വേദി പങ്കിട്ടിരുന്നു.

ഇരുപത് വര്‍ഷത്തോളം ഇടതുസഹയാത്രികനായി പ്രവര്‍ത്തിച്ച ചെറിയാന്‍ ഫിലിപ്പ്, രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതുമുതല്‍ സിപിഐഎമ്മുമായി ഇടച്ചിലിലായിരുന്നെന്നാണ് സൂചന. ഇതിന് പകരമായിട്ടായിരുന്നു സര്‍ക്കാര്‍ ഖാദി ബോര്‍ഡിലേക്കുള്ള നിയമനം നല്‍കിയിരുന്നത്. എന്നാല്‍, താന്‍ തിരക്കിലാണെന്നും സ്ഥാനമാനങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നുമായിരുന്നു ചെറിയാന്‍ ഫിലിപ്പ് അന്ന് അറിയിച്ചത്.

കോണ്‍ഗ്രസിലെ പ്രബല ഗ്രൂപ്പിലെ ബുദ്ധികേന്ദ്രമായിരുന്ന ചെറിയാന്‍ ഫിലിപ്പ് 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം സീറ്റ് നല്‍കാത്തതിന് പിന്നാലെയായിരുന്നു ഉമ്മന്‍ ചാണ്ടിയോടും കോണ്‍ഗ്രസിനോടും പിണങ്ങിയിറങ്ങിയത്. തുടര്‍ന്ന് ആ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിമതനായി മത്സരിച്ച് പിണക്കത്തിന്റെ ആഴംകൂട്ടി. തുടര്‍ന്നിങ്ങോട്ടുള്ള ഇരുപത് വര്‍ഷം ഇടത് സഹയാത്രികനായിട്ടായിരുന്നു ചെറിയാന്റെ രാഷ്ട്രീയ ജീവിതം.