കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ പ്രഹരത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ സംഘടനാ മാറ്റത്തിന് സൂചന. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്ന് മാറിനിന്നേക്കുമെന്നാണ് വിവരം. പ്രതിപക്ഷ നേതാവാകാനില്ലെന്ന് ചെന്നിത്തല പാര്‍ട്ടി നേതൃത്വത്തെ ഉടന്‍ അറിയിച്ചേക്കും.
പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന് ചെന്നിത്തല നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. ചെന്നിത്തല മാറിയാല്‍ തല്‍സ്ഥാനത്തേക്ക് വിഡി സതീശന് കടന്നുവരാനാണ് സാധ്യത. സതീശനെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ഇടത് കോട്ടയില്‍ നാലാം തവണയും വിജയമുറപ്പിച്ച സതീശനെ തന്നെയാവും ചെന്നിത്തലയും പിന്തുണയ്ക്കുക.
നിലവില്‍ കോണ്‍ഗ്രസില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട 21 നിയുക്ത എംഎല്‍എമാരില്‍ പത്തുപേരും ഐ ഗ്രൂപ്പുകാരാണ്. ചെന്നിത്തല മാറിയാല്‍ സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പിടി തോമസിനുമാണ് സാധ്യതയുള്ളത്. സീനിയോരിറ്റി പരിഗണിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള ചുമതലപ്പെടുത്തലെങ്കില് തിരുവഞ്ചൂരിനെയും പിടി തോമസിനെയുമാവും പരിഗണിക്കുക. എന്നാല്‍ സതീശനുള്ള സ്വീകര്യതയും ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്നുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദ്ദേശവും കണക്കിലെടുക്കുകയാണെങ്കില്‍ നറുക്ക് സതീശന് തന്നെയാവും വീഴുക.
കേരളത്തില്‍ നേതൃമാറ്റം വേണമെന്ന് നേതാക്കളടക്കം ആവശ്യപ്പെട്ടുകഴിഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റണമെന്ന ആവശ്യവും ഉയര്‍ന്നുവരുന്നുണ്ട്. കെ സുധാകരനെയോ കെ മുരളീധരനെയോ കെപിസിസി അധ്യക് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് ഉയരുന്ന ആവശ്യം.