‘പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിനെ കിട്ടണമെന്നത് മാനുഷികമായ കാര്യമാണ്’; കോടതിയില്‍ അനുപമയ്‌ക്കൊപ്പം നില്‍ക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: അമ്മയുടെ അനുമതിയില്ലാതെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വകുപ്പ് സെക്രട്ടറിയെയാണ് അന്വേഷണ ചുമതലയേല്‍പിച്ചിരിക്കുന്നത്. പരാതി തീര്‍പ്പിനായി കേസ് കോടതിയിലെത്തിയാല്‍ അമ്മയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

‘ഈ കേസ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ വകുപ്പ് തല അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കുക എന്നതും കുഞ്ഞിന് സ്വന്തം അമ്മയ്‌ക്കൊപ്പം സുരക്ഷിതമായി വളരാനുള്ള സാഹചര്യമുണ്ടാവുക എന്നതുമാണ് പ്രധാനപ്പെട്ടത്. അതാണ് അഭികാമ്യം. ശിശുക്ഷേമ സമിതി കുഞ്ഞിനെ സ്വീകരിക്കുന്നതു മുതലുള്ള നടപടികളെക്കുറിച്ച് കൃത്യമായി പരിശോധിക്കും. അന്നത്തെ ജീവനക്കാരുടെയടക്കം മൊഴിയെടുക്കും’, വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

അമ്മയ്ക്ക് കുഞ്ഞിനെ ലഭിക്കുക എന്നതു തന്നെയാണ് പ്രധാനപ്പെട്ടതെന്ന് മന്ത്രി ആവര്‍ത്തിച്ചു. കോടതി തീരുമാനമെടുക്കേണ്ട സാഹചര്യമാണുള്ളത്. കുഞ്ഞിനെ വേണം എന്ന ഉറച്ച നിലപാടിലാണ് ആ അമ്മ. പ്രസവിച്ച അമ്മയ്ക്ക് കുഞ്ഞിനെ കിട്ടുക എന്നത് മാനുഷികമായ കാര്യമാണ്. അതിനുവേണ്ടി ചെയ്യാന്‍ കഴിയുന്നതെന്തെല്ലാമാണെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

ചൈല്‍ഡ് വെല്‍ഫെയര്‍ ചെയര്‍ പേഴ്‌സന്റെ നിലപാട് തള്ളിയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. പരാതി എഴുതി നല്‍കണമെന്നില്ല. സ്ത്രീകളുടെ വിഷയത്തില്‍ വാട്‌സാപ്പ് സന്ദേശമാണെങ്കില്‍ക്കൂടിയും പരാതി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ‘പല സാഹചര്യങ്ങളിലും പരാതിപോലും ഉന്നയിക്കാന്‍ കഴിയാത്ത വിധം നിസഹായാവസ്ഥയിലായിരിക്കാം സ്ത്രീകള്‍. പ്രാഥമിക ഘട്ടത്തില്‍ വാട്‌സാപ്പ് മെസേജ് ആയിപ്പോലും പരാതി നല്‍കാം. പിന്നീട് നിയമപരമായി നീങ്ങുമ്പോഴാവും രേഖാമൂലമുള്ള കാര്യങ്ങള്‍ ആവശ്യമായി വരിക’.

അനുപമ നേരിട്ട് ഹാജരായി പരാതി നല്‍കാതിരുന്നതുകൊണ്ടാണ് കുഞ്ഞിനെ തിരികെ നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതിരുന്നതെന്നായിരുന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദയുടെ വാദം. കുട്ടിയെ ദത്ത് നല്‍കുന്നതിന് മൂന്നരമാസം മുമ്പ് അനുപമയുടെ പരാതിയില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കുഞ്ഞിന്റെ വിവരങ്ങള്‍ പറഞ്ഞിരുന്നില്ലെന്നും സുനന്ദ കുറ്റപ്പെടുത്തിയിരുന്നു.

അനുപമയ്ക്ക് കുഞ്ഞിനെ തിരികെക്കിട്ടണമെന്നാണ് സിപിഐഎം നിലപാടെന്ന് പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞിരുന്നു. അതിനായുള്ള എല്ലാ നിയമ പിന്തുണയും പാര്‍ട്ടി നല്‍കും. ഇക്കാര്യത്തില്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടോ എന്നറിയില്ല. കോടതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പാര്‍ട്ടിയെക്കൊണ്ട് തീരുന്ന വിഷമല്ലെന്നും നിയമപരമായി നേരിടുന്നതാണ് ഉചിതമെന്നും അനുപമയോട് ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞിരുന്നതായും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.